ന്യൂഡൽഹി: വിവിധ കേസുകളിൽപ്പെട്ട് അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സബ്യാസാചി പാണ്ഡെയ്ക്ക് ഒഡിഷ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒഡിഷയിലെ ബെർഹാംപൂർ അഡിഷണൽ ജില്ലാ മജിസ്ട്രേട്ട് സഞ്ജയ് സാഹു ആണ് വിധി പറഞ്ഞത്. സർക്കാരിനെതിരെ ആക്രമണം നടത്താൻ പ്രതിഫലം നൽകിയെന്നതാണ് പാണ്ഡെയ്ക്കെതിരെയുള്ള കുറ്റം. സർക്കാർ ഉദ്യോഗസ്ഥരെ ബലം പ്രയോഗിച്ച് തടഞ്ഞുവയ്ക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത കുറ്റത്തിന് രണ്ട് വർഷം തടവും 10000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ പ്രകാരം 25000 രൂപ പാണ്ഡെ പിഴയായി ഒടുക്കണമെന്നും കോടതി വിധിച്ചു.
2014 ജൂലായ് 17ന് മംഗൽവാരംപേട്ടയിലെ ഒരു വീട്ടിൽ നിന്നാണ് സബ്യസാചി പാണ്ഡെ പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് ഒരു റിവോൾവർ, 2,11,000 രൂപ, നൂറ് പവൻ സ്വർണാഭരണങ്ങൾ എന്നിവ പിടിച്ചെടുത്തിരുന്നു. ഒഡിഷയിൽ മാവോയിസ്റ്റുകൾ നടത്തിയ വിവിധ ആക്രമണങ്ങളിൽ പങ്കാളിയാണ് പാണ്ഡെ.
വി.എച്ച്.പി നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതി, അദ്ദേഹത്തിന്റെ നാല് ശിഷ്യർ എന്നിവരുടെ കൊലപാതകം, രണ്ട് ഇറ്റാലിയൻ വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടുപോകൽ, ആയുധക്കൊള്ള തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. സി.പി.ഐ (മാവോയിസ്റ്റ്) അംഗമായിരുന്ന പാണ്ഡെയെ 2012ൽ സംഘടന പുറത്താക്കി. പിന്നീട് പാണ്ഡെ തുടക്കമിട്ട മാവോയിസ്റ്റ് സംഘടനയാണ് ഒഡിഷ മാവോവാദി പാർട്ടി (ഒ.എം.പി).