satya

ന്യൂഡൽഹി: പ്രജ്ഞാ സിംഗ് താക്കൂറിനെ പോലെയുള്ള ആളുകൾ ഇന്ത്യയുടെ ആത്മാവിനെ കൊലപ്പെടുത്തുകയാണെന്ന് ബാലാവകാശ പ്രവർത്തകനും നോബൽ സമ്മാനജേതാവുമായ കൈലാഷ് സത്യാർത്ഥി. അവരെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ ബി.ജെ.പി തയ്യാറാകണമെന്നും സത്യാർത്ഥി ആവശ്യപ്പെട്ടു. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെ ദേശസ്നേഹിയായിരുന്നുവെന്ന പ്രജ്ഞയുടെ വിവാദ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

''മഹാത്മാഗാന്ധിയുടെ സ്ഥാനം രാഷ്ട്രീയത്തിനും അധികാരത്തിനും മുകളിലാണ്. മഹാത്മാഗാന്ധിയുടെ ശരീരത്തെയാണ് ഗോഡ്‌സെ വധിച്ചത്. എന്നാൽ പ്രജ്ഞയെ പോലെയുള്ളവർ ഇന്ത്യയുടെ ആത്മാവിനെയും അഹിംസയെയും സമാധാനത്തെയും സഹിഷ്ണുതയെയുമാണ് കൊലപ്പെടുത്തുന്നത്. താത്കാലിക നേട്ടങ്ങൾ അവഗണിച്ച് ബി.ജെ.പി അവരെ പുറത്താക്കണം."- സത്യാർത്ഥി പറഞ്ഞു.

പ്രജ്ഞ പിന്നീട് തന്റെ പരാമർശത്തിൽ മാപ്പ് പറഞ്ഞെങ്കിലും വ്യാപക പ്രതിഷേധമാണ് അവർക്കെതിരെ ഉയർന്നത്. പ്രതിഷേധം രൂക്ഷമായതോടെ ഗോഡ്സെ പരാമർശം നടത്തിയ നേതാക്കൾക്ക് വിശദീകരണം ആവശ്യപ്പെട്ട് ബി.ജെ.പി അച്ചടക്കസമിതി നോട്ടീസ് അയച്ചിരുന്നു. മാത്രമല്ല, പ്രജ്ഞയോട് ക്ഷമിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.