ശ്രീനഗർ: തെക്കൻ കാശ്മീരിലെ പുൽവാമയിൽ അവന്തിപോരയിലും ബാരാമുള്ളയിലും
സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ഇവരിൽ മൂന്നുപേർ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരാണ്. ഭീകരർ താവളമുറപ്പിച്ചുവെന്ന വിവരത്തെത്തുടർന്ന് ഇന്നലെ രാവിലെ നടത്തിയ തെരച്ചിലിനിടയിൽ സേനയ്ക്ക് നേരെ ഇവർ വെടിയുതിർക്കുകയായിരുന്നു. ഇവർ തങ്ങിയിരുന്ന വീട് സുരക്ഷാസേന തകർത്തു. അവന്തിപ്പോര സ്വദേശി ഷൗക്കത്ത് ദർ, സോപോർ സ്വദേശി ഇർഫാൻ വാർ, പുൽവാമ സ്വദേശി മുസാഫർ എന്നിവരെയാണ് അവന്തിപോരയിൽ സൈന്യം വധിച്ചത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച മേഖലയിലുണ്ടായ ഏറ്റമുട്ടലിൽ അഞ്ചു ഭീകരർ കൊല്ലപ്പെട്ടിരുന്നു. അതേസമയം, വോട്ടെണ്ണൽ ദിവസം ജമ്മുകാശ്മീരിൽ ഭീകരാക്രമണം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.