ന്യൂഡൽഹി: ഒരുകാലത്ത് ഇന്ത്യൻ ഉപഭോക്താക്കളുടെ ഇഷ്‌ട ശീതള പാനീയ ബ്രാൻഡായിരുന്ന കാമ്പക്കോള, ഒരിടവേളയ്ക്ക് ശേഷം വീണ്ടും വിപണിയിലെത്തുന്നു. 1970-90കളിൽ ഇന്ത്യൻ വിപണിയടക്കിവാണ കാമ്പക്കോള, വിദേശ ബ്രാൻഡുകളായ പെപ്‌സികോ, കൊക്കക്കോള എന്നിവയുടെ വരവോടെയാണ് അപ്രത്യക്ഷമായത്. 1949ൽ കൊക്കകോളയുടെ നിർമ്മാണ-വിതരണ കരാർ നേടി സർദാർ മോഹൻ സിംഗാണ് കാമ്പക്കോള ബ്രാൻഡിന് തുടക്കമിട്ടത്.
1973ലെ വിദേശ നാണയ വിനിമയ ചട്ടം ഏല്‌പ്പിച്ച പ്രതിസന്ധിയെ തുടർന്ന് കൊക്കക്കോള ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിഞ്ഞപ്പോൾ, ഈ രംഗത്തെ ദേശീയ ബ്രാൻഡായി എതിരാളികളില്ലാതെ കാമ്പക്കോള ഒറ്റയ്ക്ക് വളർന്നു. എന്നാൽ, 1990കളിൽ കൊക്കകോള വീണ്ടും ഇന്ത്യയിലെത്തി. പെപ്‌സികോയും വന്നു. മറ്റൊരു ഇന്ത്യൻ ബ്രാൻഡായിരുന്ന പാർലേയുടെ തംപ്‌സ് അപ്പ്, ലിംക, ഗോൾഡ് സ്‌പോട്ട് എന്നിവ കൊക്കകോള സ്വന്തമാക്കി. ആകർഷക കാമ്പയിനുകളുമായി കൊക്കകോളയും പെപ്‌സികോയും പടർന്ന് പന്തളിച്ചതോടെ കാമ്പക്കോളയ്ക്ക് വിപണിയിൽ നിന്ന് പിന്തിരിയേണ്ടി വന്നു.
ദേശീയ ബ്രാൻഡെന്ന പെരുമയോടെ കാമ്പക്കോളയെ വീണ്ടും വിപണിയിലെത്തിക്കുന്നത് സർദാർ മോഹൻ സിംഗിന്റെ പ്രപൗത്രൻ ജയ്‌വന്ത് സിംഗാണ്. ഇന്ത്യയിലെ 80 ശതമാനം സംസ്‌ഥാനങ്ങളിലും നേപ്പാളിലും ഫ്രാഞ്ചൈസി മുഖേന കമ്പനിയുടെ ഉത്‌പന്നങ്ങൾ ഇപ്പോൾ ലഭ്യമാണെന്ന് ജയ്‌വന്ത് സിംഗ് പറഞ്ഞു. ദാദ്ര - നാഗർഹവേലിയിലെ സിൽവാസയിലാണ് പ്ളാന്റ്. മിനുട്ടിൽ 600 ബോട്ടിലുകളാണ് പ്ളാന്റിന്റെ ഉത്‌പാദനശേഷി.