repol

തിരുവനന്തപുരം: കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടർന്ന് നാളെ റീ പോളിംഗ് നടക്കുന്ന കണ്ണൂർ, കാസർകോട് ലോക്സഭാ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് അധികൃതർ. ഇതിനായി പ്രത്യേക വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായും ജില്ലാ വരണാധികാരി കൂടിയായ കാസർഗോഡ് ജില്ലാ കളക്‌ടർ അറിയിച്ചു. മുഖാവരണം ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർണായക നീക്കം.

അതേസമയം, പോളിംഗ് നടക്കുന്ന ബൂത്തുകളും, ബൂത്ത് പരിധിയിൽപെട്ട പ്രശ്ന ബാധിത പ്രദേശങ്ങളിലും പൊലീസ് കാവൽ ശക്തമാക്കി. തളിപ്പറമ്പ് സബ്ഡിവിഷനിൽപെട്ട മൂന്ന് ബൂത്തുകളിലായി 400 പൊലീസുകാരെയാണ് വിന്യസിക്കുന്നത്. കൂടാതെ പോളിംഗ് കഴിയുന്നതുവരെ ഇടമുറിയാതെ പൊലീസ് പട്രോളിംഗും ഉണ്ടാകും. ബൂത്തുകളും പരിസരങ്ങളിലും ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്. അതാതു പ്രദേശത്തെ ഡിവൈ.എസ്.പി മാരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുക. ഇന്ന് രാത്രി മുതൽതന്നെ പൊലീസ് വിന്യാസം നടക്കും. കള്ളവോട്ട് പരാതികൾ എവിടെയെങ്കിലും ലഭിച്ചുകഴിഞ്ഞാൽ ഉടൻ നടപടി ഉണ്ടാകുമെന്ന് പൊലീസുമായ ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.

കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് സ്ഥിരീകരിച്ച പാമ്പുരുത്തി എ.യു.പി സ്കൂൾ ബൂത്തിന് പുറമെ ധർമ്മടം നിയോജക മണ്ഡലത്തിലെ കുന്നിരിക്ക യു.പി.എസിലെ 52, 53 ബൂത്തുകളിലും റീ പോളിംഗ് നാളെ നടക്കും. കാസർകോട് ലോക്സഭാ മണ്ഡലത്തിലെ കല്യാശേരി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂളിലെ 69, 70 നമ്പർ ബൂത്തുകളിലും പിലാത്തറ 19ാം നമ്പർ ബൂത്തിലും റീ പോളിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ തൃക്കരിപ്പൂർ കൂളിയോട് ജി.എച്ച്.എസിലെ 48ാം ബൂത്തിലും റീ പോളിംഗ് നടക്കും. വ്യാഴാഴ്ച റീ പോളിംഗ് പ്രഖ്യാപിച്ച ബൂത്തുകളിൽ ഇന്നലെ വൈകിട്ട് വരെ പരസ്യപ്രചാരണം നടത്തിയിരുന്നു.

അതിനിടെ ഇന്നലെ കൊട്ടിക്കലാശത്തിനിടെ സംഘർഷമുണ്ടായ പിലാത്തറയിൽ വൻ പൊലീസ് സാന്നിധ്യമുണ്ട്. പാമ്പുരുത്തിയിൽ ഇന്നലെ ഗൃഹസന്ദർശനത്തിനെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ ശ്രീമതിയെ തടയാനും ശ്രമമുണ്ടായിരുന്നു. ഇവിടെയും കർശനസുരക്ഷയൊരുക്കും. കാസർകോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ ഇന്ന് ചീമേനിയിലെത്തി വോട്ടർമാരെ കാണും.

മുംബയിലായിരുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. സതീഷ് ചന്ദ്രനും ഇന്ന് പ്രചാരണരംഗത്തിറങ്ങും. അദ്ദേഹം ഇന്ന് എല്ലാ ബൂത്തുകളിലും എത്തുമെന്നാണ് അറിയിച്ചത്. ചികിത്സയിലുള്ള കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ പ്രചാരണത്തിന് ഇറങ്ങില്ല. എൻ.ഡി.എ സ്ഥാനാർത്ഥി സി.കെ പത്മനാഭനും സ്ഥലത്തില്ല. എന്നാൽ കാസർകോട്ടെ എൻ.ഡി.എ സ്ഥാനാർത്ഥി രവീശതന്ത്രി കുണ്ടാർ വോട്ടർമാരെ സമീപിച്ച് വോട്ടഭ്യർത്ഥിച്ചു. നിലപാട് കർശനമാക്കിയതോടെ കള്ളവോട്ട് ചെയ്യാൻ ആരും മുന്നോട്ട് വരില്ലെന്ന കണക്ക്കൂട്ടലിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. മാത്രമല്ല തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരും പരമാവധി അച്ചടക്കം പാലിക്കാൻ നിർബന്ധിതരാകും. രാഷ്ട്രീയ പക്ഷപാതമില്ലാതെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന ആവശ്യവും സ്ഥാനാർത്ഥികൾ ഉന്നയിച്ചിട്ടുണ്ട്. നാളെ രാവിലെ ഏഴു മുതൽ വൈകിട്ട് ആറു മണിവരെയാണ് പോളിംഗ് സമയം.