sunil-arora

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ പക്ഷപാതപരമായ നിലപാടെടുക്കുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയ അശോക് ലവാസയെ വിമർശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ. ഇപ്പോൾ ഉണ്ടായിരിക്കുന്നത് ഒഴിവാക്കാമായിരുന്ന വിവാദമായിരുന്നെന്നായിരുന്നെന്ന് സുനിൽ അറോറ പ്രതികരിച്ചു. ഒരു വിഷയത്തിൽ ഏകാഭിപ്രായം ഉണ്ടാകണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യത്യസ്ത അഭിപ്രായം യോഗത്തിനുള്ളിൽ പറഞ്ഞാലും അത് പരസ്യമാക്കാറില്ലെന്നും, സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷം പുസ്തകം എഴുതമ്പോഴോ മറ്റോ ആണ് ഇത്തരം അഭിപ്രായങ്ങൾ പുറത്ത് വന്നിട്ടുള്ളതെന്നും സുനിൽ അറോറ പറഞ്ഞു. ഇതിനുമുമ്പും സമിതി അംഗങ്ങൾക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടായിട്ടുണ്ടെന്നും ഒരു സമിതിയിലെ അംഗങ്ങൾ ഒരു കാര്യത്തിൽ എപ്പോഴും ഒരേ അഭിപ്രായം തന്നെ പറയണമെന്നില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.

ഒരു തിരഞ്ഞെടുപ്പ് കാലത്ത് നിശബ്ദത പാലിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നും എന്നാൽ, അനവസരത്തിലുള്ള വിവാദങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് നിശബ്ദനായിരിക്കുന്നതാണെന്നും സുനിൽ അറോറ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘന പരാതികൾ പരിഗണിക്കുന്ന മൂന്നംഗ സമിതിയിലെ അംഗമാണ് ലവാസ.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്‌ക്കും ക്ലീൻ ചിറ്റ് നൽകിയതിൽ യോഗത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും അന്തിമ ഉത്തരവിൽ അതുണ്ടായില്ലെന്ന് ലവാസ പറഞ്ഞിരുന്നു. അതോടൊപ്പം തന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ ഇനിയുള്ള യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് ലവാസ കുറച്ച് മുമ്പ് വ്യക്തമാക്കിയിരുന്നു. ജനാധിപത്യ സംവിധാനത്തിന്റെ മറ്റൊരു കറുത്ത ദിനം കൂടി എന്നായിരുന്നു ഈ സംഭവത്തോട് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പ്രതികരിച്ചത്.