oil

9കൊച്ചി: ഗൾഫ് മേഖല വീണ്ടും അശാന്തമായതോടെ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ ആശങ്ക വിതറി രാജ്യാന്തര ക്രൂഡോയിൽ വില കത്തിക്കയറുന്നു. കഴിഞ്ഞവാരം ബ്രെന്റ് ക്രൂഡ് വില ബാരലിന് 3.2 ശതമാനം (2.25 ഡോളർ) വർദ്ധിച്ച് 72.66 ഡോളറായി. യു.എസ്. ക്രൂഡ് വില 61.4 ഡോളറിൽ നിന്നുയർന്ന് 62.87 ഡോളറിലെത്തി. പ്രമുഖ എണ്ണ ഉത്‌പാദക രാജ്യമായ ഇറാനുമേൽ ഉപരോധം ഏർപ്പെടുത്തിയതിന് പുറമേ, യുദ്ധാന്തരീക്ഷം സൃഷ്‌ടിച്ച് പടക്കപ്പലുകളെയും വിന്യസിച്ച അമേരിക്കൻ നടപടിയാണ് എണ്ണവില കുതിപ്പിന്റെ പ്രധാന കാരണം.

ഇറാന്റെ ശക്തമായ സ്വാധീനമുള്ള ഹോർമുസ് കടലിടുക്ക് വഴിയാണ് രാജ്യാന്തര എണ്ണ വ്യാപാരത്തിന്റെ 40 ശതമാനവും നടക്കുന്നത്. ഇറാനു പുറമേ സൗദി അറേബ്യ, ഇറാഖ്, ഖത്തർ, കുവൈറ്ര്, ബഹ്‌റിൻ എന്നിവയുടെ എണ്ണ വില്‌പനയും ഇതുവഴിയാണ്. ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടയുമെന്ന് ഇറാൻ ഭീഷണി ഉയർത്തിയത് എണ്ണവില കുതിപ്പിന് വളമായി. സൗദി അറേബ്യൻ എണ്ണക്കപ്പലുകൾ ഇതിനിടെ യു.എ.ഇയ്ക്ക് സമീപം ആക്രമിക്കപ്പെട്ടതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.

സൗദിയിലെ എണ്ണ സംഭരണ കേന്ദ്രങ്ങളിൽ ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി ഭീകരർ ഡ്രോൺ ആക്രമണം നടത്തിയതിന് പ്രതികാരമായി, യെമനിൽ സൗദിയും വ്യോമാക്രണം നടത്തിയതോടെ മേഖല യുദ്ധസമാന സാഹചര്യത്തിലായിട്ടുണ്ട്‌. എണ്ണവില തകർച്ച ഒഴിവാക്കാൻ സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഒപെക് രാഷ്‌ട്രങ്ങളും റഷ്യയുടെ നേതൃത്വത്തിൽ ഒപെക് ഇതര എണ്ണ ഉത്‌പാദക രാജ്യങ്ങളും ഉത്‌പാദനം വെട്ടിക്കുറയ്‌ക്കുന്ന നടപടിയിലേക്ക് കടന്നതിന് പിന്നാലെയാണ്, ഗൾഫ് മേഖലയിൽ ആശാന്തിയും പടർന്നിരിക്കുന്നത്. ഇത് വരും ദിവസങ്ങളിൽ ക്രൂഡോയിൽ വില വൻതോതിൽ കൂടാൻ വഴിയൊരുക്കും.

ഉപരോധം മൂലം ഇറാനിൽ നിന്നുള്ള എണ്ണ വിതരണം കുറഞ്ഞിട്ടുണ്ട്. റഷ്യയും സൗദിയും വെനസ്വേലയും ഉത്‌പാദനം കുറച്ചു. പ്രതിദിനം 12 ലക്ഷം ബാരലിന്റെ കുറവാണ് എണ്ണ ഉത്‌പാദനത്തിൽ ഉണ്ടായിരിക്കുന്നത്. അമേരിക്ക-ചൈന വ്യാപാരയുദ്ധം വീണ്ടും രൂക്ഷമായതും ക്രൂഡോയിൽ വിലക്കുതിപ്പിന് ആക്കം കൂട്ടുന്നു.

സൗദി ആരാംകോയിൽ നിന്ന്

ഐ.ഒ.സിക്ക് കൂടുതൽ എണ്ണ

അമേരിക്കൻ സമ്മർദ്ദം മൂലം ഇറാനിൽ നിന്നുള്ള ക്രൂഡോയിൽ വാങ്ങലിലുണ്ടായ കുറവ് സൗദി അറേബ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങി ഇന്ത്യ നികത്തുന്നു. സൗദി എണ്ണക്കമ്പനിയായ സൗദി ആരാംകോയിൽ നിന്ന് നടപ്പു സാമ്പത്തിക വർഷം 56 ലക്ഷം ടൺ എണ്ണ വാങ്ങാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ ജൂലായ് മുതൽ ആറുമാസത്തേക്ക് പ്രതിമാസം 20 ലക്ഷം ബാരൽ വീതം അധികമായി വാങ്ങാനാണ് ഇപ്പോൾ തീരുമാനം.

നോർവേയിലെ ഇക്വിനോർ, അൾജീരിയയിലെ സോനാട്രാക്ക് എന്നീ കമ്പനികളിൽ നിന്ന് ഈവർഷം 46 ലക്ഷം ടൺ എണ്ണ വാങ്ങാനുള്ള കരാറിലും ഐ.ഒ.സി ഒപ്പുവച്ചു. ഇറാനിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യ വാങ്ങിയത് 90 ലക്ഷം ബാരൽ എണ്ണയാണ്.

$72.66

ബ്രെന്റ് ക്രൂഡ് വില കഴിഞ്ഞവാരം ബാരലിന് 2.25 ഡോളർ ഉയർന്ന് 72.66 ഡോളറിലെത്തി. ബാരലിന് 62.76 രൂപയാണ് യു.എസ് ക്രൂഡ് വില.

പെട്രോൾ വില താഴേക്ക്;

ഡീസൽ മേലോട്ട്

തിരഞ്ഞെടുപ്പ് കാലമായതിനാൽ ഇന്ത്യയിൽ ഏറെ നാളുകളായി പെട്രോൾ വില താഴേക്കാണ് നീങ്ങുന്നത്. ക്രൂഡോയിൽ വില വർദ്ധന പെട്രോളിനെ ബാധിക്കുന്നേയില്ല. ഈമാസം ഇതുവരെ പെട്രോളിന് 2.13 രൂപ കുറഞ്ഞു. ലിറ്ററിന് 74.23 രൂപയാണ് ഇന്നലെ തിരുവനന്തപുരത്ത് വില. അതേസമയം, ഡീസൽ വില കൂട്ടുന്നുമുണ്ട്. ഇന്നലെ മാത്രം കൂട്ടിയത് 3.45 രൂപ. ലിറ്ററിന് 74.30 രൂപയിലായിരുന്നു ഇന്നലെ കച്ചവടം.