തിരുവനന്തപുരം: താൻ ഒരു സമ്മർദ്ദവും ഇല്ലാതെയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും തനിക്കെതിരെയുളള വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. തെരഞ്ഞെടുപ്പ് ഓഫീസർ ആരുടെയോ സമ്മർദ്ദത്തിന് വഴങ്ങിയാണ് പ്രവർത്തിക്കുന്നതെന്നും കാര്യമായ മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് കണ്ണൂരും കാസർകോട്ടും റീപോളിങ് പ്രഖ്യാപിച്ചതെന്നും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.
കേരളത്തിൽ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വി.വി.പാറ്റ് കൂടി എണ്ണി തീർത്തു കഴിഞ്ഞ ശേഷം രാത്രി പത്ത് മണിയോടെയാകും അവസാനിക്കുക എന്നും മീണ വ്യക്തമാക്കി. സംസ്ഥാനത്ത് 29 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉണ്ടാവുക. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. തപാൽ വോട്ടുകളാകും ആദ്യം എണ്ണുക.വോട്ടെണ്ണലിനായുളള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. മീണ പറഞ്ഞു.
ആവശ്യമെന്ന് തോന്നിയാൽ വോട്ടെണ്ണലിനായി ബൂത്തുകളിൽ കൂടുതൽ ടേബിളുകൾ സ്ഥാപിക്കുമെന്നും മീണ പറഞ്ഞു. ഒരുക്കങ്ങൾ പൂർത്തിയായ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിനായി പ്രത്യേകം ക്യാമറകൾ സ്ഥാപിക്കും. ശനിയാഴ്ച രാവിലെയാണ് കോടിയേരി മീണയ്ക്കെതിരെ ഈ ആരോപണം ഉന്നയിക്കുന്നത്. നാളെയാണ് കാസർകോട്ടും കണ്ണൂരും കളളവോട്ട് നടന്ന നാല് ബൂത്തുകളിൽ റീപ്പോളിംഗ് നടക്കുക.
ബൂത്തുകളിൽ മുഖാവരണം ധരിച്ച് എത്തുന്നവരെ കൃത്യമായി പരിശോധിക്കുമെന്നും ഇതിനായി വനിതാ പൊലീസ് ഓഫീസർമാരെ നിയോഗിക്കുമെന്നും ടീക്കാറാം മീണ വ്യക്തമാക്കിയിട്ടുണ്ട്. മുഖാവരണം ധരിച്ച് എത്തുന്നവരെ പരിശോധിക്കണമെന്ന് സി.പി.എം. നേതാക്കളായ എം.വി. ജയരാജനും പി.കെ. ശ്രീമതിയും അഭിപ്രായപ്പെട്ടിരുന്നു. കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനും ഇതേ അഭിപ്രായം പറഞ്ഞിരുന്നു.