ന്യൂഡൽഹി: പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 59 മണ്ഡലങ്ങളിലേക്കാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിലെയും പഞ്ചാബിലെയും 13 വീതം മണ്ഡലങ്ങളിലും ബീഹാർ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ എട്ട് വീതം മണ്ഡലങ്ങളും പശ്ചിമ ബംഗാളിൽ ഒമ്പത് മണ്ഡലങ്ങളും ഹിമാചൽ പ്രദേശിൽ നാല് മണ്ഡലങ്ങളും ഝാർഖണ്ഡിൽ മൂന്ന് മണ്ഡലങ്ങൾക്ക് ഒപ്പം ഛണ്ഡിഗഡും നാളെ പോളിംഗ് ബൂത്തിലെത്തും.
വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിഹാറിലെ പട്നാസാഹിബിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും ശത്രുഘ്‌നൻ സിൻഹയും തമ്മിലുള്ള ഗ്ലാമർ പോരാട്ടവും ഏഴാംഘട്ടത്തിന്റെ പ്രത്യേകതയാണ്. മുൻ സ്പീക്കർ മീര കുമാർ, ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സൊറെൻ, സിനിമാ താരം സണ്ണി ഡിയോൾ എന്നിവരാണ് അവസാനഘട്ടത്തിലെ മത്സരരംഗത്തെ മറ്റ് പ്രമുഖർ.
തമിഴ്നാട്ടിലെ നാലു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞടുപ്പും കേരളത്തിൽ ഏഴു ബൂത്തുകളിലെ റീ പോളിംഗും ഏഴാം ഘട്ടത്തിനൊപ്പം നടക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതോടെ നാളെ മുതൽ എക്സിറ്റ് പോളുകളും വന്നു തുടങ്ങും.
കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വാർത്താസമ്മേളനത്തോടെ പരസ്യ പ്രചരണം വെള്ളിയാഴ്ച അവസാനിച്ചിരുന്നു. ഇന്ന് നിശബ്ദ പ്രചാരണമാണ്. പ്രചാരണത്തിരക്കിന് ശേഷം കേദാർനാഥിലെ രുദ്രഹുഹയിൽ ധ്യാനത്തിലാണ് നരേന്ദ്രമോദി. നാളെ ബദരീനാഥും അദ്ദേഹം സന്ദർശിക്കും.