ഭുവനേശ്വർ: ബി.ജെ.പിയോടും കോൺഗ്രസിനോടുമുള്ള സമദൂര നിലപാടിൽ നിന്ന് പിൻമാറാനൊരുങ്ങി നവീൻ പട്നായിക്കിന്റെ ബിജു ജനതാദൾ. ഒഡിഷയ്ക്ക് പ്രത്യേക പദവിയെന്ന ആവശ്യം അംഗീകരിക്കുന്ന മുന്നണിയെയായിരിക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്തുണയ്ക്കുകയെന്ന് ബി.ജെ.ഡി വൃത്തങ്ങൾ അറിയിച്ചു. ഒഡിഷയ്ക്ക് പ്രത്യേകപദവിയെന്ന് ആവശ്യം നവീൻ പട്നായിക്കും ബി.ജെ.ഡിയും നേരത്തെതന്നെ ആവശ്യപ്പെടുന്നതാണ്.
പ്രത്യേക പദവിയെന്ന സംസ്ഥാനത്തിന്റെ ആവശ്യം നടപ്പാക്കുമെന്ന് ഉറപ്പുതരുന്ന മുന്നണിയെ പിന്തുണയ്ക്കുമെന്ന് പാർട്ടി വൈസ് പ്രസിഡന്റും സംസ്ഥാന മന്ത്രിയുമായ എസ്.എൻ. പാട്രോ വ്യക്തമാക്കി. ദേശീയ രാഷ്ട്രീയത്തിലും സർക്കാർ രൂപീകരണത്തിലും ബി.ജെ.ഡി പ്രധാന കക്ഷിയാകുമെന്നും പാട്രോ പറഞ്ഞു. എൻ.ഡി.എ മുന്നണിയിൽ അംഗമായിരുന്ന ബി.ജെ.ഡി 2009ലെ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തെചൊല്ലിയുള്ള തർക്കത്തെതുടർന്നാണ് മുന്നണി വിട്ടത്.
യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി മേയ് 23ന് വിളിച്ചിട്ടുള്ള പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ശേഷമാവും നവീൻ പട്നായിക് പിന്തുണയുടെ കാര്യത്തിൽ തീരുമാനം എടുക്കുകയെന്നാണ് വിലയിരുത്തൽ.