മുപ്പത്താറ് വർഷങ്ങൾക്ക് മുൻപ് കളിക്കാരനെന്ന നിലയിൽ ലോഡ്സിൽ ഇന്ത്യയുടെ കന്നി ലോകകപ്പുയർത്തിയ രവി ശാസ്ത്രി വർഷങ്ങൾക്കിപ്പുറം പരീശീലകനെന്ന നിലയിൽ അതേ മൈതാനത്ത് ഒരിക്കൽക്കൂടി ലോകകിരീടത്തിൽ മുത്തമിടാനുള്ള തയ്യാറെടുപ്പിലാണ്. ഇത്തവണത്തെ ഏകദിന ലോകകപ്പ് ഇന്ത്യയ്ക്ക് നേടിക്കൊടുത്ത് കളിക്കാരനായും പരിശീലകനായും ലോകചാമ്പ്യനാകാൻ ശാസ്ത്രിക്ക് കഴിയുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്.
വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിൽ മികച്ച ടീമായ ഇന്ത്യ ഇത്തവണത്തെ ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളുമാണ്. നിലവിൽ ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 2017 ജൂലായ് 1 മുതലാണ് ശാസ്ത്രി ഇന്ത്യ പ്രധാന പരിശീലകനായി ചുമതല ഏറ്രെടുത്തത്. അദ്ദേഹത്തിന്റെ കീഴിൽ കളിച്ച 51 മത്സരങ്ങളിൽ 36 എണ്ണത്തിലും ഇന്ത്യയ്ക്ക് ജയം സ്വന്തമാക്കാനായി. അനിൽ കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് വന്ന ഒഴിവിലാണ് ശാസ്ത്രിയെ ഇന്ത്യയുടെ കോച്ചായി ബി.സി.സി.ഐ തീരുമാനിക്കുന്നത്. നായകൻ വിരാട് കൊഹ്‌ലിയുടെ കൂടെ താത്പര്യ പ്രകാരമാണ് ബി.സി.സി.ഐ ശാസ്ത്രിയ്ക്ക് പരിശീലന ചുതല നൽകിയത്.
കുംബ്ലയുടെ കീഴിലും മികച്ച റിസൽട്ടാണ് ഇന്ത്യയ്ക്ക് ഉണ്ടായിരുന്നതെങ്കിലും കൊഹ്‌ലിയും ചില സീനിയർ താരങ്ങളുമായി അദ്ദേഹത്തിന് അത്ര നല്ല ബന്ധമായിരുന്നില്ലെന്നും അതിനെ തുടർന്നാണ് അദ്ദേഹം പണി നിറുത്തിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കർക്കശക്കരാനായിരുന്ന കുംബ്ലയിൽ നിന്നും തീർത്തും വ്യത്യസ്തമായ സമീപനമാണ് ശാസ്ത്രിയുടേത്. കളിക്കാർക്ക് സ്വാതന്ത്ര്യം അനുവദിച്ചു നൽകുന്ന ശാസ്ത്രി എല്ലാ താരങ്ങളുമായി അടുത്ത ബന്ധമാണ് പുലർത്തുന്നത്. താരങ്ങളെ പ്രചോദിപ്പിക്കുന്നതിനും അദ്ദേഹത്തിന് വിരുതുണ്ട്. ടീമിൽ സൗഹൃദാന്തരീക്ഷം നിലനിറുത്താൻ എപ്പോഴും ശ്രദ്ധിക്കുന്നു. പരിശീലകനെന്ന നിലയിൽ ശാസ്ത്രിയുടെ പരിചയ സമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ.
ശാസ്ത്രിയും ലോകകപ്പും
കളിക്കാരനെന്ന നിലയിൽ 1983ൽ ലോകകപ്പ് സ്വന്തമാക്കി. 1987, 1992 ലോകകപ്പുകളിലും കളത്തിലിറങ്ങിയ ശാസ്ത്രി 2015ൽ മെന്ററായും ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നു.ഇത്തവണ കോച്ചായി ടീമിനൊപ്പം.
കോച്ചിംഗ് കരിയർ
2017 ജൂലായ് മുതലാണ് ശാസ്ത്രി ടീം ഇന്ത്യയുടെ പരിശീലന ചുമതല ഏറ്രെടുക്കുന്നത്.
ടെസ്റ്റ് 21
ജയം 11
ഡ്രോ 3
ഏകദിനം 51
ജയം 36
തോൽവി 13
ടൈ 2
ട്വന്റി - 20 34
ജയം 22
തോൽവി 11
നോ റിസൽട്ട് 1