uae

ദുബായ് : പ്രവാസികൾക്ക് പെൻഷൻ പദ്ധതി നടപ്പാക്കുന്നതിനുള്ള ചർച്ചകൾക്ക് യു.എ.ഇ ഭരണകൂടം തുടക്കം കുറിച്ചു. വിരമിക്കുന്ന പ്രവാസികൾക്ക് ഗ്രാറ്റുവിറ്റിക്കു പകരം പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗമാകാനാണ് അവസരമൊരുക്കുന്നത്. ഫെഡറൽ അതോറിട്ടി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രവാസികൾക്കു പങ്കാളിത്ത പെൻഷൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു പഠനം നടത്തിയ പ്രത്യേക സമിതി റിപ്പോർട്ട് കൈമാറി. ജോലി ചെയ്ത വർഷം കണക്കാക്കിയാണ് നിലവിൽ പ്രവാസികൾക്ക് ഗ്രാറ്റുവിറ്റി ലഭിക്കുക. ഇതിന് പകരം പെൻഷൻ പദ്ധതി നടപ്പാക്കാനാണ് ധാരണ. താൽപര്യമുള്ളവർക്കു മാത്രം അംഗമാകാമെന്നതാണ് പ്രത്യേകത.

അംഗമാവാത്തവർക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തും. ജീവനക്കാരും തൊഴിലുടമയും നിശ്ചിത വിഹിതം നൽകുകയും ഇങ്ങനെ ശേഖരിക്കുന്ന തുക വിവിധ മേഖലകളിൽ നിക്ഷേപിച്ച് ആ വരുമാനം ഉപയോഗിച്ച് പെൻഷൻ ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതിയാണ് പരിഗണനയിലുള്ളത്. നിലവിൽ ഗൾഫ് രാജ്യങ്ങളിലൊന്നും ഇത്തരമൊരു പെൻഷൻ പദ്ധതി നിലവിലില്ല.