ബുണ്ടേഴ്സ് ലിഗ കിരീടം തുടർച്ചയായ ഏഴാം തവണയും ബയേൺ മ്യൂണിക്കിന്
മ്യൂണിക്ക്: ജർമ്മൻ ബുണ്ടേഴ്സ് ലിഗ കിരീടത്തിൽ തുടർച്ചയായ ഏഴാംതവണയും ബയേൺ മ്യൂണിക്ക് മുത്തമിട്ടു. ഇന്നലെ നടന്ന നിർണായകമായ അവസാന മത്സരത്തിൽ എൻറിച്ച് ഫ്രാങ്ക്ഫർട്ടിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് ബയേൺ ഇത്തവണ ചാമ്പ്യൻപട്ടം ഉറപ്പിച്ചത്. ഇന്നലത്തെ മത്സരത്തിന് മുമ്പ് ബയേണിന് 75ഉം രണ്ടാം സ്ഥാനത്തുല്ള ബൊറൂഷ്യ ഡോർട്ട്മുണ്ടിന് 73 ഉം പോയിന്റുകളാണുണ്ടായിരുന്നത്. ഫ്രാങ്ക്ഫർട്ടിനെതിരെ തോറ്റിരുന്നെങ്കിൽ ബയേണിന് കിരീടം നഷ്ടമായേനെ. എന്നാൽ നിർണായക മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ബേയേൺ കിരീടം ഉറപ്പിക്കുകയായിരുന്നു. ഇന്നലെ മോൺചെൻഗ്ലാഡ്ബാഷിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചെങ്കിലും ഡോർട്ട്മുണ്ടിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
തുടർച്ചയായി കിരീടം നേടുന്നതിൽ ബയേണിന്റേത് റെക്കാഡ് നേട്ടമാണ്. സ്വന്തം തട്ടകമായ അലിയൻസ് അരീനയിൽ നടന്ന മത്സരത്തിൽ നാലാം മിനിറ്റിൽ കിംഗ്‌സ്‌ലി കോൾമാൻ നേടിയ ഗോളിലൂടെയാണ് ബയേൺ അക്കൗണ്ട് തുറന്നത്. തുടർന്ന് 50-ാം മിനിറ്റിൽ സെബാസ്റ്റ്യൻ ഹാലറിലൂടെ ഫ്രാങ്ക്ഫർട്ട് സമനില പിടിച്ചു. പിന്നീടങ്ങോട്ട് കളിയുടെ കടിഞ്ഞാൺ കൈയിലെടുത്ത ബയേൺ ഫാങ്ക്ഫർട്ടിനെ കശാപ്പ് ചെയ്യുകയായിരുന്നു. 53-ാം മിനിറ്റിൽ ഡേവിഡ് അലാബയിലൂടെ ബയേൺ ലീഡെടുത്തു. പോർച്ചുഗൽ താരം റെനാറ്റോ സാഞ്ചസ് 58-ാം മിനിറ്റിൽ ഫ്രാങ്ക്ഫർട്ടിന്റെ വലയിൽ ബയേണിന്റെ മൂന്നാം ഗോൾ എത്തിച്ചു. തുടർന്ന് 72-ാം മിനിറ്റിൽ ഫ്രാങ്ക് റിബറിയും 78-ാം മിനിറ്റിൽ ആര്യൻ റോബനും ലക്ഷ്യം കണ്ടതോടെ ബയേൺ വമ്പൻ ജയം സ്വന്തമാക്കുകയായിരുന്നു. ഈ സീസണോടെ ബയേണിൽ നിന്ന് പോകുന്ന ഇരുവർക്കും കിരീടത്തോടുകൂടി മടങ്ങാം. ഒരു ദശാബ്ദത്തോളം ബയേണിന്റെ ഇടത്, വലത് വിംഗുകളിൽ മിന്നൽപ്പിണരായിരുന്ന ഇവരെ റോബന്റെ റോയും റിബറയുടെ ബറിയും ചേർത്ത് റോബറി എന്നാണ് ആരാധകർ വിളിച്ചിരുന്നത്.