കൊച്ചി: ടെലിപ്പതി എന്ന സംഭവം ഇല്ലെന്നും മറ്റുള്ളവർ ചിന്തക്കുന്ന കാര്യങ്ങൾ മനസിലാക്കാൻ പറ്റില്ല എന്നും വ്യക്തമാക്കിയുള്ള ഡോക്ടറുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മാത്രമല്ല ടെലിപ്പതി ഉണ്ട് എന്ന് തെളിയിച്ചാൽ അഞ്ച് ലക്ഷം രൂപ നൽകാമെന്ന് വെല്ലുവിളിച്ചാണ് ഡോക്ടർ ജിനേഷ് പി. എസ് രംഗത്തെത്തിയത്. മുമ്പ് ഇതുമായി ബന്ധപ്പെട്ട് ഒരു കുട്ടിയുടെ പരിശോധനയുടെ ഭാഗമായിട്ടുണ്ടെന്നും എന്നാൽ അവരുടെ അവകാശവാദം പൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ടെലിപ്പതി എന്ന ഒന്നില്ല. അങ്ങനെ ഒരു സംഭവം നടക്കില്ല. മറ്റുള്ളവരുടെ ചിന്തയിലെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റും എന്ന് അവകാശപ്പെട്ട ഒരു കുട്ടിയുടെ പരിശോധനയുടെ ഭാഗമായിട്ടുണ്ട്, കുറച്ചു മാസങ്ങൾക്ക് മുൻപാണത്. ആ അവകാശവാദം പൊള്ളയായിരുന്നു. അതാരാണെന്ന് ഇപ്പോൾ പറയുന്നില്ല.
അങ്ങനെയല്ല, ടെലിപ്പതി ഉണ്ട് എന്ന് തെളിയിച്ചാൽ 5 ലക്ഷം രൂപ സമ്മാനം.
ഞാൻ എഴുതുന്ന ഒരു വാചകം, ആ വാചകം എഴുതി സീൽ ചെയ്ത കവറിൽ ഏൽപ്പിക്കാം. ആ വാചകം ടെലിപ്പതിയിലൂടെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും എന്ന് അവകാശപ്പെടുന്ന കുട്ടി എഴുതിയാൽ, ഈ സമ്മാനം നൽകാം.
ഇനി എഴുതിയ വാചകം ആരെയെങ്കിലും കാണിക്കണമെങ്കിൽ കാണിക്കാം. പക്ഷേ കണ്ട ആൾ കുട്ടിയുമായി സമ്പർക്കം പുലർത്തരുത്. സ്പർശനം പാടില്ല. കുട്ടിയുടെ രക്ഷകർത്താവ് ആണെങ്കിലും കാണിക്കാം. പക്ഷേ കുട്ടിയെ പിന്നീട് സ്‌പർശിക്കാൻ അനുവദിക്കാൻ പാടില്ല. ഈ വാചകം കുട്ടി എഴുതിയാൽ ഈ തുക സമ്മാനം.
മൈൻഡ് റീഡിങ് സാധിക്കും എന്നൊക്കെ അഭ്യസ്തവിദ്യരായ പലരും ഫ്ലവേഴ്സ് ചാനൽ പരിപാടി കണ്ട് പോസ്റ്റുകൾ ഇടുന്നതിനാൽ എഴുതിയതാണ്. അങ്ങനെ എഴുതുന്നവർക്കും ഈ വെല്ലുവിളി സ്വീകരിക്കാം