ന്യൂഡൽഹി : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി നേരിട്ട സംസ്ഥാനമാണ് രാജസ്ഥാൻ. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ അതൊന്നും ബാധകമാവില്ലെന്ന് റിപ്പോർട്ട്. ബിജെപി ഇക്കുറി രാജസ്ഥാൻ തിരിച്ചുപിടിക്കുമെന്നാണ് ഇന്റേണൽ സർവേകളിൽ തെളിയുന്നത്. ബി.ജെ.പി ഇതുവരെ നേട്ടം ഉണ്ടാക്കാത്ത സംസ്ഥാനങ്ങളിലും വൻമുന്നേറ്റം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
നിലവിലെ ട്രെൻഡ് അനുസരിച്ച് ബി.ജെ.പിയുടെ 300 സീറ്റ് എന്ന ലക്ഷ്യം നേടാനാണ് സാദ്ധ്യത. എന്നാൽ ചില സംസ്ഥാനങ്ങൾ കൈവിടുമോയെന്ന ആശങ്ക ദേശീയ നേതൃത്വത്തിനുണ്ട്. അതുകൊണ്ട് സീറ്റ് നില മാറിമറിയാനും സാദ്ധ്യതയുണ്ട്.
ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ മോദി പ്രഭാവം ഏറ്റവും ശക്തം രാജസ്ഥാനിലാണ്. ഇവിടെ ബാലക്കോട്ട് ആക്രമണം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കോൺഗ്രസ് സർക്കാരിന്റെ കാർഷിക വായ്പകളിൽ അഴിമതി നടന്നെന്നാണ് ബി.ജെ.പിയുടെ ആരോപണം. രാജസ്ഥാനിൽ മീണ, ഗുജ്ജാർ, വിഭാഗങ്ങളും ബി.ജെ.പിക്ക് അനുകൂലമായാണ് വോട്ട്ചെയ്തതെന്നാണ് സൂചനകൾ. രാജസ്ഥാനിൽ 25 സീറ്റുകളാണ് ഉള്ളത്. ഇത്തവണ 23 സീറ്റ് വരെ ബി.ജെ.പി നേടുമെന്നാണ് വിലയിരുത്തൽ.
ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ കോട്ടകളിൽ വിള്ളൽ വീഴ്ത്താൻ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്. തൃണമൂലിന്റെ പിന്നാക്ക ഹിന്ദു വോട്ടുകളും ഇത്തവണ ബി.ജെ.പി നേടും. 12 സീറ്റ് വരെയാണ് ബി.ജെ.പിക്കുള്ള സാദ്ധ്യത.
ബി.ജെ.പി ഉറപ്പായും നേടുമെന്ന് പറയുന്ന സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയും ബീഹാറും. മഹാരാഷ്ട്രയിൽ 48 സീറ്റാണ് ഉള്ളത്. നഗര മേഖലയിളും ബി.ജെ.പി ഭൂരിഭാഗം സീറ്റുകളും നേടും. ബീഹാറിൽ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനേക്കാൾ ശക്തമാണ് ബി.ജെ.പിയെന്നാണ് വിലയിരുത്തൽ.
കിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ ബില്ല് ചില പ്രതിസന്ധികൾ ഉണ്ടാക്കിയെങ്കിലും അസം ഗണപരിഷത്തിനെ പോലുള്ള ചില പാർട്ടികളുടെ സഹായത്തോടെ ഇത് നേരിടും. 18 സീറ്റ് വരെ വടക്കുകിഴക്കൻ മേഖലയിൽ നിന്ന് ബി.ജെ.പി നേടിയേക്കും. അസം, മേഘാലയ, അരുണാചൽ പ്രദേശ് എന്നിവയാണ് നേട്ടമുണ്ടാക്കാൻ സാദ്ധ്യതയുള്ള മണ്ഡലങ്ങൾ.
ബി.ജെ.പിക്ക് ഉത്തർപ്രദേശിൽ 20 സീറ്റുകൾ കുറയുമെന്നാണ് പ്രവചനം. ഈ നഷ്ടമായ സീറ്റുകൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചുപിടിക്കാനാണ് ശ്രമം. അത് വിജയിച്ചുവെന്ന് അമിത് ഷാ സൂചിപ്പിക്കുന്നു. പ്രതീക്ഷിച്ച അത്ര വലിയ തിരിച്ചടി യുപിയില്‍ നിന്ന് ഉണ്ടാവില്ല. മോദി ദളിത്, ഒ.ബി.സി, ബ്രാഹ്മണ, വിഭാഗങ്ങൾക്കിടയിൽ സ്വീകാര്യത വീണ്ടും വർദ്ധിച്ചതാണ് അപ്രതീക്ഷിത മുന്നേറ്റത്തിന് കാരണം.
300 സീറ്റുകൾ എന്ന മാന്ത്രിക സംഖ്യ ബി.ജെ.പി ഇത്തവണ കടക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർപറയുന്നു. പക്ഷേ എൻ.ഡി.എയിലെ മറ്റ് കക്ഷികളുടെ സീറ്റുകൾ കാര്യമായി കുറയും. നിതീഷ് കുമാറിന് വലിയ നേട്ടമുണ്ടാകില്ല. രാംവിലാസ് പാസ്വാന്റെ എൽ.ജെ.പിയും തിരിച്ചടി നേരിടും.