ചെവി പാർത്തു നിൽക്കുകീ
ഭൂതധാത്രിതൻ ക്ഷേത്ര-
നടയിൽ; കേൾക്കുന്നീലേ
താങ്കൾ താരമാഗാനം?"" (ഭൂമിഗീതങ്ങൾ)
ഒരു കവി തന്റെ വായനക്കാരോട് മാത്രമല്ല, പ്രപഞ്ചത്തോടുതന്നെ വിളിച്ചുപറയുന്ന കവിമൊഴിയാണിത്. ആ ശബ്ദത്തിന് കേരളം ചെവിയോർക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളെത്രയോ ആയി. വീണ്ടും വീണ്ടും ആ കവിതയുടെ വിഷ്ണുലോകം വിസ്തൃതവും ആകർഷണീയവുമാകുന്നു എന്നതാണ് ഏറ്റവും വലിയ സർഗാദ്ഭുതം. കവി വിഷ്ണുനാരായണൻ നമ്പൂതിരിയെക്കുറിച്ച് എത്ര പറഞ്ഞാലും അത് അധികമാവുകയില്ല. അദ്ദേഹത്തിന് ഇതാ എൺപതു തികയുന്നു. എട്ട് പതിറ്റാണ്ടത്തെ സാത്വികവും സാർത്ഥകവുമായ ജീവിതത്തിന്റെ ധ്യാനധന്യത ഇതാ ഇപ്പോഴും ഒളിമങ്ങാതെ പുഞ്ചിരിച്ചു നിൽക്കുന്നു.
മനസിൽ ഗാന്ധിയെയും ജയപ്രകാശ് നാരായണനെയും ഒരുപോലെ പ്രതിഷ്ഠിച്ചാരാധിച്ച കൗമാരകാലം മുതൽക്ക് ഇന്നുവരെയും ഖദർ മാത്രം ഉപയോഗിച്ചുകൊണ്ട് കവിതയിലും ജീവിതത്തിലും എളിമത്തവും സ്വഭാവസംശുദ്ധിയും കാത്തുസൂക്ഷിക്കുന്ന കവിയാണ് പ്രൊഫ. വിഷ്ണു നാരായണൻ നമ്പൂതിരി. തന്റെ സർഗധന്യതയെക്കുറിച്ച് കവിയുടെ ഒരു കുഞ്ഞിക്കവിതയുണ്ട്.
''ഒന്നേ തിന്മ: പരർക്കു ദുഃഖമുളവാ-
ക്കീടുന്ന കർമ്മം: വൃഥാ
പണ്ടേ ഞാനതറിഞ്ഞവൻ, ചെറുതനു-
ഷ്ഠിക്കാനുമാകാത്തവൻ
മഞ്ഞായ് വറ്റുകയാണ് ജീവിതമെനി-
ക്കെല്ലാം മറന്നല്പനാൾ
ഇന്നീർത്തുള്ളിയിൽ മാരിവില്ലൊളികണം
കണ്ടാകിൽ ഞാൻ ധന്യനായ്!""
ഒരു തുള്ളി വെള്ളത്തിൽ മഴവില്ലിന്റെ സപ്തവർണസംയോജനം സാദ്ധ്യമാക്കുകയാണ് തന്റെ കാവ്യലക്ഷ്യം എന്ന് മലയാളക്കരയോട് വിളിച്ചു പറയുകയാണ് പ്രസ്തുതകവിതയിൽ. വേദാന്തബന്ധുരവും ഔപനിഷദ് സൗരഭ്യവുമാർന്ന കാവ്യങ്ങൾ രചിച്ച കവി എന്ന തരത്തിലാണ് അദ്ദേഹത്തെപ്പറ്റി പലരും പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാൽ കവിയുടെ ഉള്ളിൽ ഒരു തികഞ്ഞ നർമ്മജ്ഞനുണ്ടെന്ന് വളരെ കുറച്ചുപേർക്കേ അറിയൂ 'പ്രഭാഷണം" എന്ന കവിത തന്നെ നല്ല ഉദാഹരണം. ഉദ്ഘാടകനായി എത്തിയ കവി എന്തുപറയണമെന്നോ എങ്ങനെ പറയണമെന്നോ അറിയാതെ വിഷണ്ണനാകുന്നു. ഒടുവിൽ തന്റെ ഊഴമെത്തുമ്പോൾ എന്തൊക്കെയോ ചിലത് പറയുന്നു. വേദി വിട്ടിറങ്ങുമ്പോൾ കാണികൾ ഗംഭീരം എന്ന് വാഴ്ത്തവേ തെല്ല് അത്ഭുതത്തോടെ നിന്ന കവിയുടെ കാതിൽ ഈശ്വരൻ പറഞ്ഞത് എന്തായിരുന്നെന്നോ?
'തമ്പുരാൻ മാത്രമെൻ കാതിലോതുന്നു" നിൻ-
ചെമ്പുതെളിയാതെ കാത്തു ഞാൻ
തന്റെ ഉള്ളിലെ ജ്ഞാനമൊന്നും തന്റേതു മാത്രമല്ല എന്ന പ്രാർത്ഥനാപൂർണമായ വെളിപ്പെടുത്തലാണിത്.
ഞാനാലോചിക്കുകയാണ് തനിക്ക് മുന്നേ എഴുതിയ ഇടശ്ശേരിയെയും കുഞ്ഞിരാമൻ നായരെയും ജി.ശങ്കരക്കുറുപ്പിനെയും ബാലാമണിയമ്മയെെയും എൻ.വിയെയും ഒക്കെ ആരാധിക്കുന്നതുപോലെ തനിക്കൊപ്പമെഴുതിക്കൊണ്ടിരുന്ന സുഗതകുമാരി, ഒ.എൻ.വി, പാലൂര്, ചെമ്മനം ചാക്കോ, കെ.വി. രാമകൃഷ്ണൻ, കടമ്മനിട്ട, സി. വിനയചന്ദ്രൻ എന്നിവരെ സ്നേഹിക്കുന്നതുപോലെ ഏറ്റവും പുതിയ തലമുറയിൽപ്പെട്ട കവികളോടും സ്നേഹാതിരേകത്തോടെയും വാത്സല്യത്തോടെയും പെരുമാറാൻ അദ്ദേഹത്തിന് ഇപ്പോഴും സാധിക്കുന്നു എന്നത് ഒരു വല്ലാത്ത ഹൃദയവിശാലത തന്നെയാണ്. ഒരു 'നല്ല ഹൈമവതിഭൂവിൽ"നിൽക്കുന്ന വിശ്രാന്തി അദ്ദേഹത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ നമുക്കനുഭവപ്പെടുന്നത് അദ്ദേഹത്തിന്റെ ഹൃദയമിഴിയുടെ തെളിച്ചക്കൂടുതൽ കൊണ്ടാണ്.
അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനായി ഉദ്യോഗത്തിൽ നിന്നു വിരമിച്ചശേഷം മൂന്നുകൊല്ലം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നത് ഒരു കാവ്യാനുഭവം പോലെയാണ് അനുഭവപ്പെട്ടത് എന്നാണ് കവി പറഞ്ഞിട്ടുള്ളത്. 'ശ്രീവല്ലി" എന്ന കവിതാസമാഹാരത്തിന്റെ ആമുഖത്തിൽ (വേനലിൽ കിനിയുന്ന മധുരം) ഇങ്ങനെ പറയുന്നു:
''ഗുരുശിഷ്യ സംവാദത്തിലൂടെ കൈവരുന്ന ഉയർച്ചയ്ക്കും തിളക്കത്തിനുമപ്പുറം ഒരാത്മീയ സത്യം ഏതെങ്കിലും ഉപാസനാമാർഗത്തിന് നൽകാനാവുമെന്ന് ഇന്ത്യയുടെ ഋഷി പരമ്പരയിൽ ആരും കരുതുന്നില്ല. ആകയാൽ കോളേജിൽ നിന്ന് പെൻഷൻ പറ്റിയിട്ട് തിരുവല്ലയിൽ കാരാണ്മ മേൽശാന്തിയായി ഞാൻ അവരോധം സ്വീകരിക്കുമ്പോൾ, കടന്ന മോഹമൊന്നും എനിക്കില്ലായിരുന്നു. എങ്കിലും ക്രമേണ മൂന്നുകൊല്ലത്തെ എന്റെ ശാന്തിമുറ അർത്ഥപൂർണമായൊരു കാവ്യാനുഭവമായി തീർന്നു."
കവിക്ക് താൻ എന്തുചെയ്യുമ്പോഴും അത് സമർപ്പണബുദ്ധ്യാ ചെയ്യണമെന്ന് നിർബന്ധമുണ്ട് എങ്കിലേ അത് അർത്ഥപൂർണമായ കാവ്യാനുഭവമായിത്തീരുകയുള്ളൂ. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വിഷ്ണു സാർ മേൽശാന്തിയായിരുന്ന കാലത്ത് അദ്ദേഹത്തിനെതിരെ നടന്ന ചില ഹീന പ്രവർത്തികൾ കൂടി ഓർമ്മിക്കാതെ പോകുന്നത് ശരിയല്ലല്ലോ. മൂന്നുകാരണം പറഞ്ഞായിരുന്നു അധികാരികളുടെ ആക്രോശം. വേദോപനിഷത്തുക്കളെക്കുറിച്ച് പ്രഭാഷണം നടത്താനായി വിദേശത്ത് പോയതിന് കടൽ കടന്ന അശുദ്ധനായ ബ്രാഹ്മണനെ എങ്ങനെ അമ്പലത്തിൽ കയറ്റും എന്നതായിരുന്നു ഒന്നാമത്തെ കുറ്റം. അദ്ദേഹത്തിന്റെ മറുപടി അതീവ രസകരം. അങ്ങനെയാണെങ്കിൽ നിങ്ങൾ ഹനുമാനെ അമ്പലത്തിൽ കയറ്റുകയില്ലല്ലോ. ഹനുമദ് പ്രതിഷ്ഠയുള്ള അമ്പലങ്ങളിൽ നിന്ന് ആ വിഗ്രഹങ്ങളെ എന്തുചെയ്യും. മഹാത്മാഗാന്ധി, വിവേകാനന്ദൻ തുടങ്ങി ഭാരതീയരിൽ കടൽ കടന്നവരുടെ എണ്ണം എത്രയാണ് എന്നറിയാമോ... ശ്രീരാമചന്ദ്രൻ കടലിന് മീതെ ചിറകെട്ടി നടന്നുപോയത് വായിച്ചിട്ടില്ലേ. അപ്പോൾ ഇതിത്ര വല്യ കാര്യമൊന്നുമല്ല. അടുത്ത വാദമിങ്ങനെയായിരുന്നു. അമ്പലത്തിനുള്ളിൽ വച്ച് മേൽശാന്തി, നായർ സ്ത്രീയെ നമസ്ക്കരിച്ചു അത് കുറ്റകരമാണ്. സാറിന്റെ മറുപടി സൂക്ഷ്മമായിരുന്നു.
'സുഗതകുമാരിയെയാണ് ഞാൻ നമസ്കരിച്ചത്. കാരണം സുഗതചേച്ചി ജീവിതത്തിലും സാഹിത്യത്തിലും എനിക്ക് മാതൃസമാനയാണ്. അമ്മയെ ആദരിക്കുന്നതിന് പ്രത്യേകം സ്ഥലമോ തിഥിയോ നോക്കേണ്ടതില്ല എന്നാണ് ഞാൻ പഠിച്ച ശാസ്ത്രത്തിൽ പറയുന്നത്. അപ്പോഴതാ വരുന്നു അടുത്ത അമ്പ്. നമ്പൂതിരി എന്തിനാണ് മറ്റൊരു ജാതിക്കാരന്റെ വിവാഹത്തിന് പോകുകയും അയാളോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തത് അത് തെറ്റല്ലേ എന്നായിരുന്നു ചോദ്യം. കവിയുടെ ഉത്തരം ശാന്തഗംഭീരമായിരുന്നു... 'അയാളെന്റെ ശിഷ്യനാണ് വിവാഹത്തിന് ക്ഷണിച്ചപ്പോഴേ പറഞ്ഞു, മാഷ് വരണം എന്നോടൊപ്പമിരുന്ന് ഉണ്ണണം എന്ന്. ഞാൻ സമ്മതിച്ചു. ശിഷ്യ വാത്സല്യത്തിനപ്പുറമായി എനിക്ക് മറ്റൊന്നുമില്ല. എന്റെ കുഞ്ഞുങ്ങളാണ് എന്റെ പ്രാണൻ, കാനനരാജാവായ ഗുഹനെ ആലിംഗനം ചെയ്യുന്ന ശ്രീരാമനാണ് എന്റെ മാതൃക. നിങ്ങൾക്കെന്താ ചെയ്യാൻ പറ്റുകയെന്നാൽ ചെയ്തോളൂ, എനിക്കല്പം പോലും ഭയമില്ല"... ചങ്കൂറ്റത്തോടെ തന്റെ നിലപാട് വ്യക്തമാക്കിയ ഈ കവി എല്ലായ്പ്പോഴും അങ്ങനെത്തന്നെയാണ്. എൺപതിന്റെ നിറ നിലാവത്തും സ്മൃതിസിരകളിൽ ചെറിയ അയവുവന്നിട്ടുണ്ട് എന്നതൊഴിച്ചാൽ തങ്കത്തംബുരുവിന്റെ തന്ത്രികൾ പോലെ സംഗീതം നിറഞ്ഞിരിക്കുന്ന സംശുദ്ധി തിളങ്ങി നിൽക്കുന്ന ഒരു മഹാജ്ഞാന സൗഭാഗ്യമായി നമ്മെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു.
എല്ലാ തലമുറയോടും അദ്ദേഹം പുലർത്തിപ്പോരുന്ന ആദരം കലർന്ന സ്നേഹത്തെക്കുറിച്ചോർത്ത് അത്ഭുതപ്പെട്ടിട്ടുണ്ട് ഞാൻ. ഒരിക്കൽ അദ്ദേഹം പറഞ്ഞു ''വൈലോപ്പിള്ളി മാസ്റ്ററുടെ കവിത വായിക്കുമ്പോ ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട് എങ്ങനെയാ ഇങ്ങനെയൊക്കെ എഴുതാൻ പറ്റുന്നതെന്ന്,
'നീണാൾ ഞങ്ങൾ തുറുങ്കിൽ പോറ്റിയ
നീല സ്വപ്നമുടഞ്ഞേ പോയ് "ഹാവൂ! എന്തൊരു പ്രയോഗമാണത്.
'ഹന്ത! പഴകിയ ശീലം പോലൊരു
ബന്ധനമുണ്ടോ ലോകത്തിൽ"
എത്ര മനോഹരമായ പ്രയോഗങ്ങളാണ്. എന്റെ പരാമാചാര്യനായ എൻ.വി. കൃഷ്ണവാര്യരും മഹത്വമുള്ള കവിയാണ്."
ഞാൻ പറഞ്ഞു. 'എൻ. വിയെ കാണാൻ പറ്റിയിട്ടില്ല എന്നതിൽ എനിക്ക് ദുഃഖമുണ്ട് സർ. അദ്ദേഹം ഒരു അക്ഷരപ്രഭുവായിരുന്നല്ലോ..." സാറിന്റെ കണ്ണുകൾ തിളങ്ങി അദ്ദേഹം പറഞ്ഞു. 'ആ പ്രയോഗമാണ് ശരി അക്ഷരപ്രഭുവായിരുന്നു എൻ.വി" ഒരിക്കൽ എന്റെ ഒരു കവിത വായിച്ചതിന് ശേഷം അദ്ദേഹത്തിന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു.
'സുമേഷേ കവിതകൊള്ളാം. പക്ഷേ നേരിയ ചില യതിഭംഗങ്ങളുണ്ട്. വള്ളത്തോൾ 'ഗ്രന്ഥവിഹാര"ത്തിൽ പറഞ്ഞിരിക്കുന്നത് യതിഭംഗങ്ങളൊഴിവാക്കി എഴുതുന്നതാണ് ഉത്തമകാവ്യമെന്നാണ്. അതുസാരമില്ലെടോ വള്ളത്തോൾപറയുമ്പോലെ എല്ലാം നോക്കിയും അനുസരിച്ചും കവിതയെഴുതാൻ പറ്റുമോ?"" എന്നിട്ടൊരുനനുത്ത ചിരിയും.
തന്റെ കവിതയിൽ പറയുന്നതുപോലെ
''പോളയോരോന്നു കൊഴിയേ
തെളിയും കൂമ്പുമാതിരി
കാണുന്നേനെന്നെ ഞാൻ തന്നെ
കൈവല്യമിതു ദർശനം""
എത്രമേൽ സൂക്ഷ്മമായി തന്നെയും തന്റെ സ്വത്വത്തെയും കവി നിർവഹിക്കുന്നു. 1939 ൽ ജനിച്ച കവി തന്റെ സംസ്കൃത പഠനവും ബിരുദ പഠനവും ഉപരിപഠനങ്ങളും കഴിഞ്ഞ് ദാരിദ്ര്യത്തിന്റെ ദംശനമേറ്റ് കൊണ്ടുതന്നെ കവിയായി വളർന്ന് ഒടുവിൽ അദ്ധ്യാപകനായി നിരവധി തലമുറകളുടെ ജ്ഞാനനയനം തുറപ്പിച്ച് നേർവഴി കാട്ടുന്ന മഹാഗുരുവായി ആരോടും പരിഭവമോ പിണക്കമോ ഇല്ലാതെ വന്നുചേരുന്നവയെ മാത്രം വിനയപൂർവ്വം സ്വീകരിച്ച് ഒന്നിനെയും തേടിപ്പോകാതെ അർത്ഥസമ്പൂർണമായ എൺപതാംവർഷത്തിന്റെ അനുഭവപൂർണിമയിൽ പൂത്തുനിൽക്കുകയാണ്. തനിക്ക് കഴിയുന്ന കാര്യങ്ങൾ ആർക്കുവേണ്ടിയും അദ്ദേഹം ചെയ്യുമായിരുന്നു. കഴിയാത്തത് അപ്പോൾ തന്നെ പറയുകയും ചെയ്യും. ''ഇതെനിക്ക് പറ്റില്ല കുട്ടീ"" എന്ന്. ഒരിക്കൽ എന്റെ ഒരു ജ്യേഷ്ഠസുഹൃത്തിന്റെ മകനെ എഴുത്തിനിരുത്താൻ സാറിനെ ഞാൻ ക്ഷണിച്ചു. അവർ സാറിന്റെ വീട്ടിൽവച്ച് അത് ചെയ്യിക്കാൻ തയ്യാറായിരുന്നു. അപ്പോൾ സാറെന്നോട് പറഞ്ഞു. 'ഞാൻ ഗ്രന്ഥം വച്ചു പൂജിക്കാതെ എഴുത്തിനിരുത്തുകയില്ല. മുമ്പ് നിലത്തിരുന്ന് എത്രനേരം വേണമെങ്കിലും പൂജ കഴിക്കാൻ പറ്റുമായിരുന്നു. ഇപ്പൊ വയ്യ കുട്ടീ, ക്ഷമിക്കൂ ഇപ്പൊ ഞാൻ രോഗിയാണ് അതാ."... ഇങ്ങനെ തന്റെ പരാധീനതകളെക്കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്, ഒരു മടിയുമില്ലാതെ.
ഓർമ്മകൾ ചെറുതായി മങ്ങിത്തുടങ്ങിയ കാലത്ത് ഞാൻ അദ്ദേഹത്തോട് ചില വ്യക്തികളെക്കുറിച്ച് ചോദിക്കുമായിരുന്നു. അവരെക്കുറിച്ചോർത്ത് രചിച്ച കവിതയെക്കുറിച്ച് ചോദിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ബഷീറിനെക്കുറിച്ച് ചോദിച്ചു. ഒരു വലിയ ചിരിയായിരുന്നു ഉത്തരം എന്നിട്ടു പറഞ്ഞു. 'ഒരിക്കൽ കക്കാടിന്റെ ദീനശയ്യയിൽ ഇരുന്ന് ബഷീർ കക്കാടിനെയും ഞങ്ങളെയൊക്കെയും ഓരോ തമാശ പറഞ്ഞ് ചിരിപ്പിക്കുകയാണ്. എന്റെ കൈയിൽ എന്റെ പേരക്കുട്ടിയുണ്ട്. ബഷീർ കുഞ്ഞിനെ കൈയിൽ വാങ്ങി ഇരുന്നും നടന്നും കൊഞ്ചിക്കുകയാണ്. ഞാൻ പറഞ്ഞു...'അതേയ് പുതിയ ജുബ്ബയിൽ കുഞ്ഞ് മൂത്രമൊഴിക്കും, ബഷീർ എന്റെ നേരെ നോക്കി കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു, 'മൂത്രമോ; ഛീ താനെവിടുത്തെ നമ്പൂതിരിയാടോ പുണ്യാഹമെന്ന് പറയെടോ പുണ്യാഹമല്ലേടോ ഇത്. ഇങ്ങനെ എന്റെ മടിയിൽ വയ്ക്കാനായത് ഭാഗ്യമല്ലേടോ"... നമ്പൂതിരി സാറിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. വല്യ മനുഷ്യനായിരുന്നു. വല്യ മനുഷ്യൻ. ഇത്തരത്തിൽ ബഹുമാന്യരായ എൻ.വി. ഒ.എൻ.വി, പി. കുഞ്ഞിരാമൻ നായർ, വൈലോപ്പിള്ളി, ജി.ശങ്കരക്കുറുപ്പ്, എം.പി. അപ്പൻ തുടങ്ങിയവരെക്കുറിച്ചൊക്കെ ഓരോന്നോരോന്ന് ചോദിച്ച് അവരുമായിട്ടുള്ള അനുഭവങ്ങൾ കേട്ടിരുന്നത് എന്റെ ഒരു വലിയ അനുഭവമായി ഇപ്പോഴും ഉള്ളിൽ നിറയുന്നു. തന്റെ വായനയുടെ വസന്തകാലത്ത് തന്നെ ആത്മാവ് കൊണ്ട് എത്രയോവർഷം തുടർച്ചയായി മോഹിപ്പിച്ച ഹിമാലയം കാണാൻ. കാളിദാസവിരാചിതമായ ഹിമാലയ സൗന്ദര്യം കാണാൻ യാത്രചെയ്ത കവിയാണ് നമ്പൂതിരി സാർ. ജീവിതത്തിന്റെ വിവിധഘട്ടങ്ങൾ ആ യാത്രയിൽ അനുഭവിക്കാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ സാക്ഷ്യം. അദ്ദേഹത്തോട് അത്യന്തം ആദരമുണ്ടായിരുന്ന കവിശ്രീ ഉണ്ണികൃഷ്ണൻ ചെറുതുരുത്തി 'വിഷ്ണുമയം" എന്ന കവിത അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
'ഇവിടെയിവിടെയെന്നു വിഷ്ണുനാരാ-
യണമയമായ് നിജ ഹൃത്തു വിസ്മയിക്കേ,
സമയപരിസരങ്ങൾ വിസ്മരിക്കേ,
ഘടി,മണി, നിന്നെയുണർത്തി, യേഴുവട്ടം
തൊഴുതു, വിട വഴങ്ങി, വാങ്ങി; വൈകായ്-
കനുദിന കാമകഷായ സേവ - എന്നാൽ
ഇനിയൊരുകുറി കാൺമാനെന്ന് മേക്കും
തെളിവതു വിഷ്ണുകിഴക്കു, മേകകാലം"
എത്ര സൂക്ഷ്മസുന്ദരമായ അവതരണമാണ് പ്രസ്തുത വരികളിലൂടെ ഉണ്ണികൃഷ്ണൻ ചെറുതുരുത്തി സാദ്ധ്യമാക്കിയിരിക്കുന്നത്. വിഷ്ണുനാരായണൻ നമ്പൂതിരിസാറിനെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ഓർമ്മവരുന്നത് അദ്ദേഹത്തിന്റെ 'ഹേ, കാളിദാസ" എന്ന കവിതയാണ്. ആ കവിതയിൽ കാളിദാസനെക്കുറിച്ച് വിഷ്ണു സാറെഴുതിയിരിക്കുന്നത് ഇന്നിതാ സാറിനും അനുയോജ്യമായിരിക്കുന്നു. അതുകൂടി കുറിച്ച് എന്റെ ഈ അക്ഷരാദരം അർപ്പിക്കാം.
'സൗരയൂഥത്തിൽ പറന്നുയരുന്നൊരീ
അൻപതുകോടി മനസിന്റെയിച്ഛയെ,
നന്ദിതാധ്വാനമാം നീതിയെ,സേനയെ
പിൻതള്ളിടും രാഷ്ട്രരക്ഷാവ്യവസ്ഥയെ,
സർവാർത്ഥസാധകമാം വിനയത്തിനെ"...
ആ സർവാർത്ഥസാധകമാം വിനയത്തിനെയാണ് കാളിദാസമഹാഗുരുവിൽ നമ്പൂതിരിസാർ കണ്ടത് എങ്കിൽ ഞങ്ങളുടെ തലമുറ പ്രൊഫ. വിഷ്ണുനാരായണൻ നമ്പൂതിരി എന്ന മഹാകവിയിൽ കണ്ടത് ജ്ഞാനസമ്പന്നമായ മേധയും ധ്യാനസമ്പന്നമായ ചിത്തവും സാർത്ഥകമായ അനുഭവധന്യതയും ജീവിതബോധവും തിളങ്ങിനിൽക്കുന്ന ഒരു ഋഷിഹൃദയത്തെയാണ്. അങ്ങനെ ജ്വലിച്ചു നിൽക്കുന്ന കവിതയുടെ ആർഷതേജസ്സേ അങ്ങേയ്ക്ക് ദീർഘായുസുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അങ്ങേയ്ക്ക് മുന്നിൽ സർവാക്ഷര സാഷ്ടാംഗപ്രണാമം അർപ്പിക്കുന്നു.
(ലേഖകന്റെ ഫോൺ:9544465542)