മലയാളികളുടെ മനസിൽ മുഹമ്മദ് മീരാൻ എന്ന എഴുത്തുകാരൻ ചേക്കേറിയിട്ട് കാലം കുറേയായി. സ്വന്തക്കാരെ പറ്റിയും നാട്ടുകാരെ പറ്റിയും കഥയെഴുത്തിന്റെ പേരുദോഷം തനിക്കുണ്ടെന്നു പറഞ്ഞ സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറിന്റെ പാത പിന്തുടർന്നാണ് മുഹമ്മദ് മീരാനും കഥ എഴുതിയത്. ആദ്യ നോവലു തന്നെ ജന്മനാടായ തേങ്ങാപ്പട്ടണത്തെക്കുറിച്ചായിരുന്നു. നേരിട്ട് അനുഭവിച്ചതും സാക്ഷ്യം വഹിച്ചതുമായ കാര്യങ്ങളാണ് കഥയിൽ ചേർക്കുക. മുഹമ്മദ് മീരാന്റെ നോവലിൽ ജീവിതത്തിന്റെ എരിവും പുളിയും അനുഭവിക്കാമെന്ന് അദ്ദേഹത്തിന്റെ നോവൽ വായിച്ചാൽ മാത്രമല്ല, ജീവിതം കണ്ടാലും മനസിലാക്കാം.
1997 കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നിർണയ സമിതി അവസാന റൗണ്ടിൽ രണ്ട് തമിഴ് സൃഷ്ടികൾ പരിഗണിച്ചു. ഒന്ന് സാക്ഷാൽ മുത്തുവേൽ കരുണാനിധിയുടേത്. രണ്ടാമത്തേത് തോപ്പിൽ മുഹമ്മദ് മീരാന്റെ 'ചായ്വു നാർക്കാലി"(ചാരുകസേര) എന്ന നോവലും. പുരസ്കാരം ലഭിച്ചത് ചാരുകസേരയ്ക്ക്! അക്കാഡമി അവാർഡ് ലഭിക്കുന്നതിന് മുമ്പ് തന്നെ സ്വന്തമായി ഒരു ഇരിപ്പടം സ്വന്തമാക്കിയ എഴുത്തുകാരനായി മുഹമ്മദ് മീരാൻ മാറിയിരുന്നു.
ചാലയിലെ മുളക്, പുളി മൊത്തവ്യാപാരിയായിരുന്നു അദ്ദേഹം. മലയാളിയായി തിരുവിതാംകൂറിൽ ജീവിച്ച് പിന്നീട് തമിഴ്നാട്ടുകാരനായി മാറേണ്ടി വന്നപ്പോൾ ഒരുപാട് വേദനിച്ചിട്ടുണ്ട് മുഹമ്മദ് മീരാൻ. തെക്കൻ തിരുവിതാംകൂറിലെ വിളവങ്കോട്, കൽക്കുളം, അഗസ്തീശ്വരം, തോവാള താലൂക്കുകൾ ചേർത്താണ് കന്യാകുമാരി ജില്ല രൂപീകരിച്ചത്. വിളവങ്കോടിലാണ് തേങ്ങാപ്പട്ടണം കവി അംശി നാരായണപിള്ള നടത്തിയിരുന്ന അംശി സ്കൂൾ, നാഗർകോവിൽ എസ്.ടി ഹിന്ദു കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളേജ് പഠനകാലത്തു കവി എസ്. രമേശൻനായർ സഹപാഠിയായിരുന്നു. ബി.എയ്ക്കു പഠിക്കുമ്പോൾ പിതാവു മരിച്ചതോടെ ജീവിതം പ്രതിസന്ധിയിലായി. പിന്നെ എണ്ണകമ്പനിയിൽ ജോലിക്കാരനായി. പിന്നീടാണ് മുളകുകച്ചവടത്തിലേക്കു വരുന്നത്. വറ്റൽമുളകും പുളിയും മൊത്തമായെടുത്തു ചാലയിലും കൊല്ലത്തെ ചിന്നക്കടയിലും കൊണ്ടുവന്നു വിറ്റു. പിന്നീട് അറിയപ്പടുന്ന എഴുത്തുകാരനായിട്ടും കച്ചവടം അവസാനിപ്പിച്ചില്ല. സാഹിത്യത്തിൽ വെളിച്ചമായത് തിരുവള്ളുവർ. കാണാപ്പാഠമാക്കിയത് തിരുക്കുറലിലെ വരികളും.
വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങൾ ഹരത്തോടെയാണ് മീരാൻ വായിച്ചിരുന്നത്. ആദ്യം ബഷീറിന്റെ രചനകൾ തമിഴിലേക്കു പരിഭാഷപ്പെടുത്താൻ ശ്രമിച്ചിരുന്നു. അത് പക്ഷേ ശരിയായില്ല. പിന്നീടാണ് സ്വന്തക്കാരുടെയും നാട്ടുകാരുടെയും കഥകൾ എഴുതിത്തുടങ്ങിയത്. പ്രദേശിക ഭാഷയായ വട്ടാരത്തമിഴായിരുന്നു ഉപയോഗിച്ചത്.
പൗരോഹിത്യത്തെ എതിർക്കുകയും അനാചാരങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന നോവലുകളായിരുന്നു അദ്ദേഹത്തിന്റേത്. തിരുവനന്തപുരത്തെ എഴുത്തുകാരെയെല്ലാം നേരിട്ടു പോയി കാണും. വേറെ ഒന്നിനും അല്ല, സാഹിത്യം എങ്ങനെ എഴുതും എന്നറിയാൻ. നടൻ കരമന ജനാർദ്ദനൻ നായർ അക്കാലത്ത് നാഗർകോവിലിലെ പ്രോവിഡന്റ് ഫണ്ട് ഓഫീസറായിരുന്നു. കരമനയുമായുള്ള പരിചയമാണ് തലസ്ഥാനത്തെ എഴുത്തുകാരുടെ അടുത്തേക്ക് എത്തിച്ചത്. എഴുത്തുകാരായ കെ.ജി. സേതുനാഥ്, പഴവിള രമേശൻ എന്നിവരെ മീരാന് പരിചയപ്പെടുത്തികൊടുത്തത് കരമനയായിരുന്നു. അക്കാലത്ത് ചാലയിൽ 'സെൽവി സ്റ്റോർ" നടത്തുകയായിരുന്ന തമിഴ് എഴുത്തുകാരൻ. മാധവനുമായുള്ള പരിചയം തമിഴ് എഴുതാനുള്ള കരുത്തായി. ഒപ്പം ധൈര്യം പകരാൻ തമിഴ്, മലയാളം എഴുത്തുകാരൻ നീല പദ്മനാഭനും ഉണ്ടായിരുന്നു.
കരമന ജനാർദ്ദനൻ, കെ.ജി. സേതുനാഥ് എന്നിവർക്കൊപ്പം മുഹമ്മദ് മീരാനെ ചാലയിൽ പോയി കണ്ട കാര്യം ഇപ്പോഴും പഴവിളയ്ക്ക് ഓർമ്മയുണ്ട് ''മുളകിന്റേയും പുളിയുടേയും ഇടയിൽ ഇരിക്കുകയായിരുന്നു മീരാൻ. എഴുത്ത് ആദ്യം കച്ചവടം രണ്ടാമത് അതായിരുന്നു ആ മനുഷ്യൻ. ഭാഷയിൽ അഗാധമായ ജ്ഞാനം ഒന്നും ഇല്ല. എന്നാൽ ഒന്നാംതരം ഭാഷാ സാഹിത്യകാരനായി. ഒന്നര വർഷം മുമ്പ് ആറ്റിങ്ങലിൽ നടന്ന ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ അവിടെ ചാരുഹാസനൊപ്പം ഞാൻ മുഹമ്മദ് മീരാനെ കണ്ടു. അവസാനമായി സംസാരിച്ചപ്പോൾ കേരളത്തിനേയും തമിഴ്നാടിനേയും ബന്ധപ്പെടുത്തി ഒരു ചരിത്രനോവൽ എഴുതാൻ പോകുന്നുവെന്നാണ് പറഞ്ഞത്. അത് എഴുതിത്തുടങ്ങിയോ എന്നറിയല്ല.""- പഴവിള രമേശൻ പറഞ്ഞു. തമിഴ് സാഹിത്യത്തിൽ അതുവരെയുണ്ടായിരുന്ന ഭാഷാ പ്രയോഗ സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ചത് തോപ്പിൽ മുഹമ്മദ് മീരാനായിരുന്നുവെന്ന് മാധവൻ പറയുന്നു. 'കടലോരഗ്രാമത്തിൻ കഥൈ" എന്ന ആദ്യ നോവൽ തന്നെ അത് വ്യക്തമാക്കുന്നതായിരുന്നു- അദ്ദേഹം പറഞ്ഞു. എൻ.പി. മുഹമ്മദ്, പുനത്തിൽ കുഞ്ഞബ്ദുള്ള, യു.എ. ഖാദർ, പി.കെ. പാറക്കടവ് തുടങ്ങിയ എഴുത്തുകാരുടെ കൃതികൾ തമിഴിലേക്ക് മൊഴിമാറ്റം നടത്തിയത് അദ്ദേഹത്തിനുള്ള മലയാളത്തോടുള്ള സ്നേഹം കൊണ്ട് മാത്രമായിരുന്നു.
കേന്ദ്ര സാഹിത്യ അക്കാഡമിക്കു വേണ്ടി എം.എൻ. കാരശ്ശേരി എഴുതിയ വൈക്കം മുഹമ്മദ് ബഷീർ എന്ന ഗ്രന്ഥം തമിഴാക്കിയത് അദ്ദേഹമാണ്. അറബി, മലയാളത്തിലെ മോയിൻകുട്ടി വൈദ്യരുടെ ഹുസ്നുൽ ജമാൽ എന്ന കാവ്യത്തിന്റെ ഗദ്യാവിഷ്കാരം തമിഴിലേക്ക് വിവർത്തനം ചെയ്തു. ഇങ്ങനെയൊക്കെ മലയാളത്തെ സ്നേഹിച്ച മീരാനെ അവസാനകാലത്ത് മലയാളം വേണ്ടത്ര ഓർത്തോ എന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നു. അന്തരിച്ചപ്പോഴും അർഹിക്കുന്ന രീതിയിൽ അനുശോചിക്കുക പോലും ഉണ്ടായില്ല. അന്ത്യാഞ്ജലി അർപ്പിക്കാൻ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ചോ കേരള സാഹിത്യ അക്കാഡമിയെ പ്രതിനിധീകരിച്ചോ ആരും എത്തിയിരുന്നില്ല.