ഉള്ളതിനും ഇല്ലാത്തതിനുമിടയിൽ ഊഞ്ഞാലാടുകയും ഉള്ളിനെ കണ്ടെത്തുകയും ചെയ്യുന്നതാണ് കവിതയെന്ന് വരികളിലൂടെ തന്നെ വെളിപ്പെടുത്തുകയാണ് 'വാക്കാണെൻ സമരായുധം" എന്ന കവിതാ സമാഹാരത്തിലൂടെ കവി കെ. എൻ സുരേഷ് കുമാർ. സ്വയം ഉരിഞ്ഞുകളയുമ്പോഴാണ് സമാധാനമുണ്ടാകുന്നതെന്ന് 'ജീവിയ്ക്കും പോലെ ഒരു തോന്നൽ"– എന്ന ആദ്യകവിത പ്രഖ്യാപിക്കുന്നു. വികാരവിചാരങ്ങളുടെ ബാഹുല്യത്തിൽ നിന്നും മോചനം നേടുമ്പോഴാണ് പരമമായ സ്വാതന്ത്ര്യമുണ്ടാകുന്നത്. ജീവിതം തന്നെ ഗദ്യത്തിനും പദ്യത്തിനുമിടയ്ക്കാണ് എന്ന് 'നാം ഊഞ്ഞാലാടുകയാണ്" –എന്ന കവിതയിൽ പറയുന്നു. ഉള്ളിൽ ഒരു ഗുരുവുണ്ടെന്നും ആ ഗുരുവാണ് ഉള്ളതിനെ തേടാൻ പ്രേരിപ്പിയ്ക്കുന്നതെന്നും കവിക്ക് നിശ്ചയമുണ്ട്. ഈ ഗുരു തരുന്ന വെളിച്ചമാണ് കവിതയും. ജീവിതം ഊഞ്ഞാലാട്ടമാണ്; സ്വന്തം ഇഷ്ടങ്ങൾക്കും ആരുടെയൊക്കെയോ ഇഷ്ടങ്ങൾക്കുമിടയിലുള്ള ഊയലാട്ടം. 'പന്തങ്ങൾ പിറക്കുന്നത്"– എന്ന കവിതയിൽ 'അന്തമില്ലാത്ത സിമന്റു പാടങ്ങളിൽ ഇനി നമ്മളെങ്ങനെ വിത്തിറക്കും"– എന്നു ചോദിക്കുന്നു.
ജയിക്കുന്നവൻ ആണ് നീതി വിതറുന്നത്. പുതിയ കാലഘട്ടത്തിൽ നീതിയും അനീതിയും തുല്യമാണ്. പൊള്ളയായ ജീവിതക്രമങ്ങളെ ആഘോഷിച്ച് മറ്റുള്ളവർക്ക് മാതൃകയാക്കേണ്ടതുണ്ട്! ജീവിതത്തെ, നിയമത്തെ, കൃത്രിമത്വത്തെ ഈ സമാഹാരത്തിലെ കവിതകൾ അടിമുടി ചോദ്യം ചെയ്യുന്നു. നെറികെട്ട ലോകത്ത് കോലം കെട്ടി ജീവിച്ച് മതിയായെന്നും ഒരു വാക്കിനും ഒന്നിനെയും തമസ്കരിക്കാനുള്ള കഴിവില്ലെന്നും വാക്ക് സമരായുധമാക്കിയ പോരാളി മനസിലാക്കുന്നു. അതുകൊണ്ട് തന്നെ വാക്കുകൾ കൊണ്ട് ബോംബുണ്ടാക്കി വരിഞ്ഞു കെട്ടി തീ കൊളുത്തി മരിക്കണമെന്ന് കവി ആഗ്രഹിച്ചു പോകുന്നു. ഇനി ഒരു വാക്കും ഈ കാലഘട്ടത്തിൽ പ്രാപ്യമല്ലെന്ന സത്യം കവി ഇതിനേക്കാൾ എങ്ങനെ ശക്തമായി ഉന്നയിക്കും. പുതിയ സ്ത്രീ മുന്നേറ്റത്തിനും ആഹ്വാനമായിട്ടുണ്ട് ഈ കവിതാ സമാഹാരം. 'പെണ്ണുങ്ങളുടെ പ്രകാശവർഷം" എന്ന കവിതയിൽ അച്ഛനോട് മകൾ ചങ്ങലകൾ പൊട്ടിച്ച് സ്വതന്ത്രയാകും എന്നു പറയുന്നു. പെണ്ണുങ്ങൾ പന്തങ്ങളാണെന്നും ചോരത്തുണി കൊണ്ട് കൊടിനാട്ടുമെന്നും തെരുവിടങ്ങൾ അവരുടേതാകുമെന്നും പുറം കാഴ്ചകളെയും അകം കാഴ്ചകളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന കവി പ്രഖ്യാപിക്കുന്നു.
(പ്രസാധകർ: സർഗഭൂമി ബുക്സ്
വില: 50, സുരേഷ് കുമാറിന്റെ
ഫോൺ നമ്പർ: 9946108346)