കുരങ്ങുകളുടെ വളരെയധികം ചിത്രങ്ങൾ ഞാൻ പകർത്തിയിട്ടുണ്ട്. പല അംഗീകാരങ്ങളും അവ നേടിത്തന്നിട്ടുമുണ്ട്. പലരും കൂടെക്കൂടെ ചോദിക്കും എന്തിനാ ഈ കുരങ്ങുകളുടെ പിന്നാലെ നടക്കുന്നതെന്ന്. ഈ നാട്ടിൽ മനുഷ്യരേക്കാൾ കൂടുതൽ കുരങ്ങുകളാണെന്നു പറയാം. സാധാരണയായി ദേഹോപദ്രവം ഏൽപ്പിക്കാറില്ലെങ്കിലും ആളുകളെ പേടിപ്പിക്കുകയും ആഹാരസാധനങ്ങളും കാർഷികവിളകളും അപഹരിക്കുകയും നശിപ്പിക്കുകയുമൊക്കെ ചെയ്യും. അതിനാൽ പൊതുവെ ഒരു ശല്യമായിട്ടാണ് ഇവിടുത്തുകാർ ഇതിനെ കാണുന്നത്. വൈൽഡ് ലൈഫ് ചിത്രങ്ങൾക്കായി കാടും മലയും അരിച്ചുപെറുക്കി മറ്റു മൃഗങ്ങളെയോ പക്ഷികളെയോ ഒക്കെ കണ്ടുപിടിക്കണം. എന്നാൽ മിക്കപ്പോഴും ഈ മോഡലുകൾ ഫോട്ടോഗ്രാഫറെ തിരക്കി ഇങ്ങോട്ടു വന്നുകയറുകയാണ് ചെയ്യുന്നത് ! ഈ സൗകര്യം ഞാൻ പരമാവധി പ്രയോജനപ്പെടുത്തുന്നു എന്നുമാത്രം. ഇതാണ് കുരങ്ങ് ചിത്രങ്ങളുടെ പിന്നിലെ കഥ.
ഇടയ്ക്ക് നാട്ടുകാർ മുനിസിപ്പാലിറ്റിയോടും കളക്ടറോടുമൊക്കെ പരാതിപ്പെടും അപ്പോൾ വനപാലകർ കൂടും കെണികളുമായിവരും കുറെ എണ്ണത്തിനെ പിടിച്ചുകൊണ്ട് പോയി ദൂരെ കാട്ടിൽ കൊണ്ട് തുറന്നുവിടും. മരഞ്ചാടികളല്ലേ ഒരാഴ്ക്കുള്ളിൽ എല്ലാം തിരിച്ചെത്തും. പിന്നെന്തു പ്രയോജനം ! ഒരു സാമാന്യ ബോധം വേണ്ടേ? ഇതിനേക്കാൾ രസകരമാണ് എലിയുടെകാര്യം. രാത്രി എലിപ്പത്തായം വച്ച് എലികളെ പിടിക്കും എന്നിട്ടു രാവിലെ വീട്ടിനടുത്തുള്ള കുപ്പത്തൊട്ടിയിൽ കൊണ്ടുത്തുറന്നുവിടും. കുറച്ച് കഴിയുമ്പോൾ അത് തിരിച്ചു വരും... എന്താ ഒരു ബുദ്ധി? ഇതും ഏറെ ജനപ്രീതിയും കുറെ സമ്മാനങ്ങളും നേടിത്തന്ന ഫോട്ടോയാണ്. കാട്ടിനടുത്തുകൂടി നടന്ന് ഒന്നുരണ്ടു പക്ഷികളുടെ ചിത്രങ്ങളെടുത്തശേഷം മുന്നോട്ടു പോകുമ്പോൾ അടുത്ത് കുരങ്ങുകളുടെ അനക്കം കേട്ടു. ചിലതു ബഹളംകൂട്ടി മരത്തിൽ നിന്നിറങ്ങി തറയിൽ എന്തൊക്കെയോ തിരയുന്നു. രണ്ടെണ്ണം മരച്ചില്ലയിൽ ഇരിക്കുന്നു. അവയെ ഫോക്കസ് ചെയ്യുമ്പോഴേക്കും മുന്നിലിരുന്നത് അടുത്ത മരത്തിലേക്ക് ചാടിക്കഴിഞ്ഞു. അടുത്തതിനൊപ്പം തീരെ പൊടിക്കുഞ്ഞുമുണ്ടായിരുന്നു . മരങ്ങൾ തമ്മിൽ അകലമുള്ളതിനാൽ രണ്ടാമത്തേത് മാറിൽ ഒട്ടിപ്പിടിച്ചുകിടക്കുന്ന കുഞ്ഞുമായി ചാടുന്ന നിമിഷം കൃത്യമായി ക്ലിക്ക് ചെയ്തു. വെളിച്ചവും സാഹചര്യങ്ങളും വളരെ അനുകൂലമായിരുന്നു. അങ്ങനെ രണ്ടുമരങ്ങൾക്കുമിടയിൽ അന്തരീക്ഷത്തിൽ ബാലൻസ് ചെയ്തു നിൽക്കുന്ന മാതിരി ഈ ചിത്രം കിട്ടി. അമ്മക്കുരങ്ങിന്റെ ദേഹത്ത് പറ്റിപ്പിടിച്ചു കിടക്കുന്ന കുഞ്ഞിനെയും വ്യക്തമായിക്കാണുന്നതരത്തിലെ ആ ചാട്ടം സമ്മാനങ്ങളിലേക്കായിരുന്നു എന്ന് അപ്പോഴറിഞ്ഞിരുന്നില്ല!
(ദത്തൻ പുനലൂരിന്റെ
ഫോൺ നമ്പർ: 94430 32995)