നാലുപാടും പുസ്തകങ്ങൾ നിറഞ്ഞൊരു കുട്ടിക്കാലമായിരുന്നു രൂപയുടേത്. ഉണരുന്നതും ഉണ്ണുന്നതും ഉറങ്ങുന്നതും പുസ്തകത്താളുകളെ താലോലിച്ച്. ഇതിനിടെ എപ്പോഴോ എഴുത്തുകാരിയാകണമെന്ന മോഹം കുഞ്ഞുന്നാളിൽ തന്നെ മനസിൽ മൊട്ടിട്ടു. എഴുത്തും വായനയുമൊക്കെയായി മകളുടെ ജീവിതം പാഴാക്കുമെന്ന് പേടിച്ച് യാഥാസ്ഥികരായ മാതാപിതാക്കൾ രൂപയെ എൻജിനിയറിംഗിന് ചേർത്തു. മാതാപിതാക്കളുടെ ആഗ്രഹം പോലെ എൻജിനിയറിംഗ് പൂർത്തിയാക്കി. ശേഷം ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് വണ്ടികയറി. നെയ്തുകൂട്ടിയ സ്വപ്നങ്ങൾക്ക് പുസ്തകത്താളിൽ ജന്മം നൽകി. ഇരുപത്തഞ്ചിലേറെ പുസ്തകങ്ങളെഴുതി ലോകമറിയുന്ന ഇംഗ്ലീഷ് ബാലസാഹിത്യകാരി രൂപ പൈ എന്ന മേൽവിലാസം കഠിനാദ്ധ്വാനത്തിലൂടെ എഴുതികൂട്ടിയ കഥാകാരിക്കൊപ്പം ഒരു യാത്ര.
ബംഗുളൂരുവാല
ബംഗളൂരുവിലെ ഒരു മദ്ധ്യവർഗ കുടുംബത്തിൽ മൂന്നു പെൺമക്കളിൽ ഇളയവളായാണ് രൂപപൈയുടെ ജനനം. ലാളനകൾ ഏറ്റുവാങ്ങിയുള്ള കുട്ടിക്കാലം. ചേച്ചിമാരടക്കം മറ്റ് കുട്ടികൾ കളികളിൽ മുഴുകുമ്പോൾ പുസ്തകങ്ങളുമായി കൂട്ടുകൂടാനായിരുന്നു രൂപയ്ക്കിഷ്ടം. വായനക്കൊപ്പം വളർന്നതിനാൽ എഴുത്താകണം തന്റെ വഴിയെന്ന് കുട്ടിക്കാലത്തെ ഉറപ്പിച്ചതായി രൂപ പറയുന്നു. ഇതിനിടെ ഒരിക്കൽ അച്ഛന്റെ കൈയിലേറി അപ്രതീക്ഷിതമായി വീട്ടിലെത്തിയ 'ടാർഗെറ്റ് "എന്ന മാസികയുമായി രൂപ അടുപ്പത്തിലാകുന്നു. പിന്നെ ഓരോ പുതിയ പതിപ്പെത്തുന്നതിനായുള്ള കാത്തിരിപ്പായി. ഇതിനിടെ ടാർഗെറ്റിൽ മതി ഔദ്യോഗിക ജീവിതം എന്ന് രൂപ ഉറപ്പിച്ചു. മാതാപിതാക്കളെ തന്റെ സ്വപ്നം അറിയിക്കുകയും ചെയ്തു. എന്നാൽ സ്ഥിര വരുമാനമില്ലാത്ത ഒരു ജോലിയിലേക്ക് മകൾ പോകുന്നതിനോട് മാതാപിതാക്കൾക്ക് എതിർപ്പായിരുന്നു.
ചേച്ചിമാർ ഡോക്ടറും അഡ്വക്കേറ്റുമൊക്കെയാകുമ്പോൾ രൂപ മാത്രം ജീവിതത്തിൽ കഷ്ടപ്പെട്ടേക്കാമെന്ന ആധിയായിരുന്നു മാതാപിതാക്കൾക്ക്. അവരുടെ നിർബന്ധത്തിന് വഴി എൻജിനിയറിംഗിൽ ബിരുദമെടുക്കാൻ രൂപ തയാറായി. ഇതിനിടെ 'ഡെക്കാൻ ഹെറാൾഡ്"പത്രത്തിലടക്കം കുട്ടികളെക്കുറിച്ചുള്ള ലേഖനങ്ങൾ എഴുതിക്കൊണ്ടേയിരുന്നു. നാലുവർഷത്തെ ബിരുദം പൂർത്തിയാക്കിയ ദിവസം തന്നെ രൂപ ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി. നിങ്ങളുടെ ഇഷ്ടം പൂർത്തിയായില്ലേ ? ഇനി എന്നെ എന്റെ സ്വപ്നങ്ങളെ പിന്തുടരാൻ വിടുക. ഒടുവിൽ രൂപയുടെ പിടിവാശിക്ക് മുന്നിൽ മാതാപിതാക്കൾക്ക് മുട്ടുമടക്കേണ്ടി വന്നു. അങ്ങനെ,ടാർഗെറ്റ് മാസികയിലെ ജോലി തേടി ഇരുപത്തിരണ്ടാം വയസിൽ പെട്ടികൾ പൂട്ടിക്കെട്ടി രൂപ ഡൽഹിക്ക് ട്രെയിൻ കയറി.
ഡൽഹി ജീവിതം
ഡൽഹിയിലെത്തിയ രൂപ ആദ്യം ചെയ്തത് തന്റെ സ്വപ്നസ്ഥാപനമായ ടാർഗെറ്റ് മാസികയുടെ ഓഫീസ് തേടിപ്പിടിക്കലായിരുന്നു. തിരക്ക് പിടിച്ച ഒരു തെരുവിലെ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലെ രണ്ടാം നിലയിലെ കുടുസു മുറിയിൽ ആകെ മൂന്ന് പേർ ചേർന്നാണ് ആ അത്ഭുത പുസ്തകം തന്നെ പോലുള്ള ആരാധകർക്കായി ഇറക്കുന്നതെന്ന് അവൾ മനസിലാക്കി. നാലാമതൊരാൾക്ക് ഇരിക്കാനുള്ള കസേര പോലും ആ മാസികയുടെ ഓഫീസിലില്ല. തന്റെ ആവശ്യം അറിയിച്ചു. നിഷ്കരുണം നിരസിക്കുകയാണ് ഓഫീസുണ്ടായിരുന്നവർ ചെയ്തത്. പിന്മാറാൻ രൂപ തയാറായിരുന്നില്ല. പലപ്രാവശ്യം ഓഫീസിൽ കയറി ഇറങ്ങി. ഭാഗ്യമെന്ന് പറയട്ടെ ഇതിനിടെ ഓഫീസിലുണ്ടായിരുന്ന ഒരു സബ് എഡിറ്റർ ജോലി വിട്ടു പോയി. ഇതോടെ രൂപയ്ക്ക് നേരെ ടാർഗെറ്റ് അധികൃതർ ആ കസേര വലിച്ചിട്ടു. അവിടെ നിന്നാണ് ഇന്ത്യൻ -ഇംഗ്ലീഷ് ബാലസാഹിത്യത്തിലെ വിഖ്യാത എഴുത്തുകാരി രൂപ പൈ ജനിക്കുന്നത്. ജീവിതത്തിൽ എന്തിനെങ്കിലും വേണ്ടി വല്ലാതെ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനായി എന്ത് പ്രതിസന്ധിയും നേരിടാൻ മനസുണ്ടെങ്കിൽ തീർച്ചയായും ഒരുനാൾ അതിൽ നിങ്ങളുടെ കൈയിൽ എത്തിക്കുമെന്ന് ജീവിതം തന്നെ പഠിപ്പിച്ചുവെന്ന് രൂപ പറയുന്നു. വിവാഹശേഷം എൻജിനിയറായ ഭർത്താവിന്റെ കൂടി പ്രോത്സാഹനം കിട്ടിയതോടെ സ്വപ്നച്ചിറകിലേറി ഇഷ്ടങ്ങൾക്കൊപ്പം രൂപ പറക്കാൻ തുടങ്ങി.
ഗീതയും ശാസ്ത്രവും ഇവിടെയുണ്ട്
2004ലാണ് 'ചാണക്യ : ദ മാസ്റ്റർ സ്റ്റേറ്റ്സ് മാൻ എന്ന രൂപയുടെ ആദ്യത്തെ പുസ്തകം പുറത്തിറങ്ങുന്നത്. ടിക്കറ്റ് ബംഗളൂരു (2008), ഗീതാ ഫോർ ചിൽഡ്രൻ (2015), സോ യു വാന്റ് ടു നോ എബോട്ട് ഇക്നോമിക്സ് (2017), റെഡി! 99 മസ്റ്റ് ഹാവ് സ്കിൽസ് ഫോർ ദ വേൾഡ് - കോൺക്വറിംഗ് ടീനേജർ (2017) എന്ന പുസ്തകത്തിലെത്തി നിൽക്കുന്ന രൂപയുടെ എഴുത്ത്. ഒപ്പം നൂറു കണക്കിന് ലേഖനങ്ങളും രൂപ എഴുതിയിട്ടുണ്ട്. ബാലസാഹിത്യമെന്ന് പറയുമ്പോൾ കുട്ടികഥകളല്ല രൂപ എഴുതുന്നത്. ശാസ്ത്രവും ഗീതയുമടക്കം കുട്ടികൾ അറിഞ്ഞിരിക്കേണ്ട കടുകട്ടിയായ പാഠങ്ങൾ ലളിതമായി കഥാരൂപത്തിൽ കുട്ടികളിലെത്തിക്കുന്നതാണ് രൂപയുടെ രീതി.അതുകൊണ്ട് തന്നെയാണ് രൂപയുടെ കൃതികൾക്ക് ആരാധകരേറാൻ കാരണവും.
എഴുത്തിന് പിന്നിലെ അദ്ധ്വാനം
മനസിൽ അനർഗള നിർഗളമായി ഒഴുകിയെത്തുന്ന ഭാവനയെ പേപ്പറിലേക്ക് പകർത്തുക മാത്രമാണ് സാഹിത്യമെന്ന് പറയുന്നവരുടെ കൂട്ടത്തിൽപ്പെട്ട എഴുത്തുകാരിയല്ല രൂപ. രൂപയെ സംബന്ധിച്ചിടത്തോളം മറ്റേത് ജോലിയും പോലെ ഒട്ടേറെ ഗവേഷണങ്ങളും മണിക്കൂറുകളോളം കുത്തിയിരുന്നുള്ള അദ്ധ്വാനവുമാണ് എഴുത്തിന്റെ കാതൽ. കുട്ടികൾ സ്കൂളിലേക്ക് പോയി തിരികെ എത്തുന്നതുവരെയുള്ള സമയമാണ് കൂടുതലായി എഴുത്തിന് വിനിയോഗിക്കുന്നത്, രാവിലെ പത്ത് മണിക്കും വൈകിട്ട് നാല് മണിക്കും ഇടയിലുള്ള സമയാണ് കൂടുതലായി എഴുത്തിനായി തിരഞ്ഞെടുക്കാറുള്ളത്. കഠിനാദ്ധ്വാനം ഏറെയുള്ള ജോലിയാണെങ്കിലും എഴുത്ത് ആത്മസമർപ്പണമായ അനുഭവം സമ്മാനിക്കുന്നതിനാലാണ് സാമ്പത്തികമായ വലിയ മെച്ചമില്ലെങ്കിലും എഴുത്ത് തുടരാൻ കാരണമെന്ന് രൂപ പറയുന്നു.
കുട്ടികൾക്ക് മാതൃകയാവുക
കുട്ടികൾ ഏത് നേരവും ഫോണിൽ കളിക്കുന്നു,ടി.വി. കാണുന്നു, പുസ്തകം വായിക്കുന്നില്ല തുടങ്ങി കുഞ്ഞുങ്ങളെക്കുറിച്ച് നൂറോളം പരാതികളുമായി നിരവധി മാതാപിതാക്കൾ തന്നെ തേടിയെത്താറുണ്ടെന്ന് രൂപ പറയുന്നു. അവരോട് "നിങ്ങൾ ഏത് പുസ്തകമാണ് ഇപ്പോൾ വായിക്കുന്നത്? അല്ലെങ്കിൽ അവസാനമായി പുസ്തകം വായിച്ചത് എപ്പോഴാണ് ?" എന്ന് തിരികെ ചോദിച്ചപ്പോൾ മൗനമായിരുന്നു മറുപടിയെന്നും രൂപ പറഞ്ഞു. മുതിർന്നവർ എന്താണോ ചെയ്യുന്നത് അത് കണ്ടാകും കുട്ടികൾ പഠിക്കുക. നല്ല ശീലങ്ങൾ വീട്ടിൽ നിന്ന് തന്നെ പഠിപ്പിച്ച് തുടങ്ങണമെന്ന് രൂപ പറയുന്നു.
22 വർഷത്തോളം വിദ്യാസമ്പാദനം നടത്തിയിട്ടും റോഡിൽ എങ്ങനെ പെരുമാറണമെന്നോ സഹജീവിതകളോടും ഭൂമിയോടും എങ്ങനെ തന്റെ കർത്തവ്യങ്ങൾ നിറവേറ്റാമെന്ന് അറിയാത്ത ഒരു തലമുറയെയാണ് നമ്മൾ ഇന്ന് വാർത്തിറക്കുന്നത്. പ്രകൃതിയെ സ്നേഹിക്കാൻ കുട്ടികളെ പഠിപ്പിക്കുക. ഇത് മാറിയാലേ സമൂഹത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകുകയുള്ളൂവെന്നും രൂപ പറയുന്നു. നല്ല മാറ്റങ്ങളുണ്ടാക്കാനും പുതുതലമുറയിൽ ചെടികളെക്കുറിച്ചും മരങ്ങളെക്കുറിച്ചും ചരിത്രസ്മാരകളെക്കുറിച്ചും അവബോധമുണ്ടാക്കാനുമായാണ് 'ബംഗളൂരു വാക്ക് "എന്ന പേരിലൊരു സംഘടനയുണ്ടാക്കിയത്. ഇതിലൂടെ നല്ല മാറ്റങ്ങളുണ്ടാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും രൂപ പറയുന്നു. മരുന്നുകളെക്കുറിച്ച് ഒരു പുസ്തകം എഴുതികൊണ്ടിരിക്കുകയാണ് രൂപ. രണ്ടുമക്കളാണ് രൂപയ്ക്ക്. മൂത്തയാൾ ഹോളണ്ടിൽ ബിരുദപഠനത്തിലാണ്. ഇളയ മകൻ പ്ലസ്ടുവിനും.