എബ്രഹാം നല്ലൊരു ബാങ്ക് ഉദ്യോഗസ്ഥനാണ്. ഇടപാടുകാർക്ക് മതിപ്പും സ്നേഹവും. ഇടയ്ക്ക് മൂന്നുനാല് വർഷം സംസ്ഥാനത്തിന് പുറത്തെ ഒരു ശാഖയിലായിരുന്നു. വീണ്ടും നാട്ടിലെ ശാഖയിലേക്ക് സ്ഥലം മാറ്റം കിട്ടിയെങ്കിലും സ്വഭാവവും പാടേ മാറിപ്പോയി. അനുഭവങ്ങളും സാഹചര്യങ്ങളും ഒരാളെ എങ്ങനെ മാറ്റുമെന്ന് എബ്രഹാമിനെ നിരീക്ഷിച്ചാൽ വ്യക്തമാകും.
സഹപ്രവർത്തകനായ ഒരു ബാങ്ക് ജീവനക്കാരനെ യാദൃച്ഛികമായി കണ്ടപ്പോഴാണ് എബ്രഹാമിന്റെ ജീവിതത്തിലും ചിന്തയിലും വന്ന മാറ്റത്തിന്റെ കാരണം മനസിലായത്. ആരും ചിത്രീകരിക്കാത്ത ഒരു ദുരന്ത സിനിമയോ നാടകമോ പോലെ. ഒരു മകളും മകനുമാണ് എബ്രഹാമിന്. ഭാര്യയും സർക്കാർ ജീവനക്കാരി. മകൾ മിടുമിടുക്കി. ഒരു ദിവസം മകളും മകനും മാത്രമേ വീട്ടിലുള്ളൂ. അനുജന് പ്രഭാതഭക്ഷണം നൽകിയിട്ട് ടോയ് ലെറ്റിൽ പോയതായിരുന്നു പെൺകുട്ടി. ഭക്ഷണം കഴിഞ്ഞ് എണീറ്റിട്ടും ചേച്ചിയെ കാണാനില്ല. അനുജൻ എല്ലായിടവും നോക്കി. ടോയ് ലറ്റിൽ നിന്നിറങ്ങുന്ന വാതിലിന് മുന്നിൽ നിലത്തുവീണ് കിടക്കുകയാണ് പെൺകുട്ടി. നനവുള്ള കാൽ തെറ്റിയതോ തറയിലിട്ടിരിക്കുന്ന മാറ്റ് നീങ്ങിയതോ ആകാം ദുരന്ത കാരണം. അനുജന്റെ നിലവിളി കേട്ട് അയൽക്കാർ ഓടിക്കൂടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തറയിൽ തലയടിച്ച് വീണതേയുണ്ടായിരുന്നുള്ളൂ. മരണത്തിന് വലിയ കാരണങ്ങൾ വേണമെന്നില്ലല്ലോ. ചിലപ്പോൾ ഒരിക്കലും വെളിപ്പെടാത്തതോ കണ്ടുപിടിക്കാനാകാത്തതോ ആയ എന്തെങ്കിലും നിസാര കാരണമാകാം.
രണ്ടുമൂന്ന് വർഷം കഴിഞ്ഞെങ്കിലും ആ പിതാവിന് പഴയ അച്ഛനാകാനായില്ല, പഴയ ഭർത്താവാകാനായില്ല, പഴയ ബാങ്ക് ഉദ്യോഗസ്ഥനാകാനുമായില്ല, എങ്കിലും സഹപ്രവർത്തകരും മാനേജരുമൊക്കെ മനസറിഞ്ഞ് സഹായിക്കും. ഇളവുകൾ നൽകും. എബ്രഹാമിന്റെ മനസ് സഹപ്രവർത്തകർ ആവുംവിധം പഴയനിലയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടയിൽ ഒരു ചെറിയ സംഭവം വീണ്ടും അതിനെ ഉലച്ചു. അതിന് കാരണമോ ഒരു തൂവെള്ള പ്രാവും.
എബ്രഹാം മറ്റൊരു സ്ഥലത്ത് ഒരു വീട് നിർമ്മിച്ച് കൊണ്ടിരിക്കുകയാണ്. അവിടെ നിൽക്കുമ്പോൾ എവിടെ നിന്നോ വന്ന ഒരു പ്രാവ് വലതുതോളിൽ വന്നിരുന്നു. ഏറെ പരിചയഭാവത്തിൽ ഏറെ സ്നേഹത്തോടെ. ഒരു നിമിഷം അത് തന്റെ മകളായിരിക്കുമോ എന്ന് ചിന്തിച്ചുപോയി. എബ്രഹാം പ്രാവുമായി എല്ലാ മുറിയിലും കയറിയിറങ്ങി. ഇത് മകളുടെ ആത്മാവ് തന്നെ. ഇല്ലെങ്കിൽ ഇത്രപെട്ടെന്ന് എങ്ങനെ ഇണങ്ങും? പ്രാവിന്റെ മുഖത്ത് നോക്കിയിരിക്കെ അയാൾ മകളുടെ സൗമ്യഭാവം കണ്ടു. പ്രാവിന്റെ കിളിക്കൊഞ്ചലിൽ പഴയകിളിക്കൊഞ്ചൽ കേട്ടു.
അതു ക്ഷണികമായ ഒരു സ്നേഹനിമിഷം മാത്രമായിരുന്നു. താൻ വളർത്തുന്ന പ്രാവാണെന്ന് പറഞ്ഞ് ഒരു ആൺകുട്ടി എബ്രഹാമിന് മുന്നിലെത്തി. എബ്രഹാമിന് നീരസമായി, കോപമായി. ഇല്ല തരില്ല എന്ന് അയാൾ വിളിച്ചു പറഞ്ഞെങ്കിലും തനിക്ക് അങ്ങനെ പറയാൻ എന്തവകാശം എന്ന് അടുത്ത നിമിഷം ചിന്തിച്ചു. എത്ര ആയിരമോ പതിനായിരങ്ങളോ തരാം, ഈ പ്രാവിനെ എനിക്കു തരുമോ എന്ന് അയാൾ കെഞ്ചി നോക്കി. ''രൂപയേക്കാൾ നല്ലതല്ലേ സാർ സ്നേഹം"" എന്ന ആ കുട്ടിയുടെ ചോദ്യം ഉത്തരം മുട്ടിച്ചു. ആ കുട്ടിയുടെ വീട്ടിലേക്ക് പ്രാവും അതിന്റെ ഉടമയുമായി ബൈക്കിൽ എബ്രഹം പോകുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു.''സാറിനത്ര സ്നേഹമാണെങ്കിൽ എനിക്ക് പൈസ വേണ്ട, എടുത്തോളൂ. ഞാൻ നിത്യവും വന്ന് ഇവളെ കണ്ടോളാം."" എന്ന് ആൺകുട്ടി പറഞ്ഞെങ്കിലും എബ്രഹാം നിരുത്സാഹപ്പെടുത്തി. വേണ്ട മോനേ, നിന്റെ കുഞ്ഞുമനസിൽ വലിയൊരു മുറിവുണ്ടാക്കരുത്."
(ഫോൺ: 9946108220)