താറാവ്, എരണ്ട വർഗങ്ങളിൽ പെട്ട മറ്റൊരു പക്ഷിയാണ് നോർത്തേൺ പിൻടൈൽ എന്ന വാലൻ എരണ്ട. പേര് സൂചിപ്പിക്കുന്നത് പോലെ വാൽ ആണ് ഇവയുടെ ആകർഷണം.
താറാവുകളിൽ കുറച്ചു വലിപ്പം കൂടിയ ഇനം. യൂറോപ്പ് , ഏഷ്യ, നോർത്ത് അമേരിക്ക എന്നിവിടങ്ങളിൽ വസിക്കുന്ന ഇവർ തണുപ്പു കൂടിയ കാലാവസ്ഥയിൽ ഭൂമദ്ധ്യ രേഖാ പ്രദേശങ്ങളിലേക്ക് ദേശാടനം ചെയ്യുന്നു. അങ്ങനെയാണ് ഇന്ത്യയിൽ ഇവരെത്തുന്നത്. മിക്ക തണ്ണീർത്തടങ്ങളിലും കാണാം. ചൂട് കൂടുതലുള്ള രാജസ്ഥാൻ, ഗുജറാത്ത്, തമിഴ് നാട് ഇവിടങ്ങളിലൊക്കെ. ചൂട് മാത്രമല്ല ജലാശയങ്ങൾക്ക് ആഴവും കുറവാണ് അവിടങ്ങളിലൊക്കെ.വെള്ളത്തിൽ നീന്തി നടന്നു മുങ്ങിത്തപ്പി ജലാശയ സസ്യങ്ങളും ജലത്തിലെ ചെറു ജീവികളെയും ആഹാരമാക്കുന്നു. ആണിന് കാപ്പിപ്പൊടി നിറത്തിലുള്ള തലയും മുഖവും. നീണ്ട വെള്ളക്കഴുത്ത്, നേർത്ത കാപ്പിപ്പൊടി നിറത്തിലുള്ള പുറംഭാഗം. വാലിന്റെ പുറകുവശം ഒരു പിൻ പോലെ കൂർത്തു നിൽക്കും. അടിഭാഗത്ത് കറുപ്പ് നിറമാണ്. പെൺപക്ഷിയ്ക്കു താരതമ്യേന ചുവപ്പു രാശി കലർന്ന തല. ചെറുതും വലുതുമായി ബ്രൗൺ പുള്ളിക്കുത്തുകൾ നിറഞ്ഞ ദേശം. അടിഭാഗം പുറംഭാഗത്തെ അപേക്ഷിച്ച് നേർത്തതാണ്.
നീല കലർന്ന ചാര നിറത്തിലുള്ള ചുണ്ടാണ് ആണിനും പെണ്ണിനും. വലിയ കൂട്ടങ്ങളായി കാണുന്ന ഇവരെ പ്രജനന സമയത് ഇണകളായി തന്നെ ജലാശയങ്ങളിൽ കാണാം. ഒരു വർഷമെടുക്കും പ്രായപൂർത്തിയാവാൻ. ഇണചേരൽ സമയത്ത് ആൺ പക്ഷി വളരെ ആകർഷകമായി കാണപ്പെടും.ഒരു പെൺപക്ഷിയ്ക്ക് പുറകെ ഒന്നിലധികം ആൺപക്ഷികൾ പറക്കാറുണ്ട്. അതിൽ ഒരു ആൺപക്ഷി മാത്രം അവശേഷിക്കുന്നത് വരെ പെൺപക്ഷി കാത്തിരിക്കും .അതിനു ശേഷം അതിനെ ഇണയായി സ്വീകരിക്കും.ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലമാണ് മുട്ടയിടൽ അടയിരിക്കൽ കാലം.
ജലാശയങ്ങൾക്ക് അടുത്തുള്ള പൊന്തക്കാടുകളിലും മൺതിട്ടകളിലും കൂടുണ്ടാക്കുന്നു. ഓരോ ദിവസം ഓരോ മുട്ടയായി ഇടുന്നു.ക്രീം നിറത്തിലുള്ള ഏഴു മുതൽ ഒൻപതു മുട്ട വരെ കാണാം ഒരു സമയത്ത്. അടയിരിക്കുന്ന കാലയളവ് 22 മുതൽ 24 ദിവസം വരെയാണ്.അത് പെൺപക്ഷിയുടെ മാത്രം ജോലിയാണ്. ഏതെങ്കിലും കാരണവശാൽ മുട്ടകൾക്ക് അപകടം പറ്റിയാൽ വീണ്ടും ഒരു പ്രാവശ്യം കൂടി പെൺപക്ഷി മുട്ടയിട്ട് അടയിരിക്കുന്നു. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ അമ്മയോടൊപ്പം ജലാശയത്തിൽ ഇറങ്ങാനും അതിനു മുകളിലുള്ള ലാർവകൾ ഭക്ഷിക്കാനും ഒക്കെ പ്രാപ്തരാണ്.
കരയിലും ജലത്തിലുമുള്ള ഒരുപാടു ശത്രുക്കളുടെ കണ്ണ് വെട്ടിച്ചാണ് ഓരോ എരണ്ടയും കുഞ്ഞുങ്ങളെ പോറ്റുന്നത്.കാലാവധി കഴിയുന്നതോടെ വലിയ കുടുംബങ്ങളായി അവ തിരിച്ചു പറക്കുന്നു.ആഫ്രിക്കൻ യൂറേഷ്യൻ കരാർ പ്രകാരം സംരക്ഷിത വർഗമായി കരുതപ്പെടുന്ന നീർത്തട ദേശാടനപ്പക്ഷികളാണ് ഇവ.തണ്ണീർത്തടം നികത്തലും കീടനാശിനികളുടെ പ്രയോഗവും മറ്റും ഇവയ്ക്ക് ഭീഷണിയാണെങ്കിലും നിലവിൽ ഭേദപ്പെട്ട അവസ്ഥയിലാണ് ഇവയുടെ എണ്ണവും നിലനിൽപ്പും.