പാട്ടിന്റെ പുഴയാണ് ഹരിനാരായണൻ. ജീവൻ പകർന്നതെല്ലാം ഹൃദയത്തിൽ സൂക്ഷിക്കാൻ കഴിയുന്ന പാട്ടുകൾ. കവിത എഴുതുന്ന കുട്ടിയായി മാറിയ നിയോഗത്തെക്കുറിച്ച്, ജീവിതത്തെക്കുറിച്ച് മലയാളസിനിമയിലെ ഏറ്റവും തിരക്കു പിടിച്ച ഗാനരചയിതാവ് സംസാരിക്കുന്നു.
തിരുത്തി എഴുതിയ കവിത
പാട്ടെഴുത്തുകാരനായത് പെട്ടെന്നാണ്. പെരുമ്പിലാവ് ടി.എം. ഹൈസ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി കവിത എഴുതുന്നത്.ആ സമയത്ത് കേച്ചേരിയിൽ ഇ.പി. നാരായണ പിഷാരടിയുടെ ശിക്ഷണത്തിൽ മൃദംഗം അഭ്യസിച്ചിരുന്നു. മൃദംഗത്തിന്റെ ചൊൽ എഴുതുന്ന പുസ്തകത്തിൽ ഞാൻ എന്തോ കുത്തിക്കുറിച്ചു. പുസ്തകം തുറന്നപ്പോൾ ഇത് മാഷിന്റെ ശ്രദ്ധയിൽപ്പെട്ടു. അടി വീഴുമെന്ന് ഉറപ്പിച്ചു. സ്നേഹത്തോടെ ചെവിക്കു പിടിച്ച് സമീപം താമസിക്കുന്ന അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനും കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഇ.പി. ഭരതപിഷാരടിയുടെ വീട്ടിലേക്ക് കൊണ്ടു പോയി.യൂസഫലി കേച്ചേരി സാറിന്റെ ഗുരുവാണ് ഭരത പിഷാരടി മാഷ്. സംസ്കൃതത്തിൽ നല്ല പാണ്ഡിത്യമുണ്ട്. ''ഏട്ടാ, ഇയാള് എന്തൊക്കെയോ എഴുതിയിട്ടുണ്ട്. ഏട്ടന് നോക്കാവുന്നതാണെന്ന് തോന്നുന്നു."" നാരായണ പിഷാരടി മാഷ് പറഞ്ഞു. 'പത്ര വാർത്തയാണോയെന്ന് " ഭരത പിഷാരടി മാഷ് ചോദിച്ചു. വൃത്തത്തെക്കുറിച്ചും കവിതയെക്കുറിച്ചും സംസാരിച്ചു. ഞാൻ കുത്തിക്കുറിച്ചത് അദ്ദേഹം തിരുത്തി. അത് ഒരു കവിതയായിരുന്നു. അദ്ദേഹം തന്നെ ഒരു മാസികയിൽ കൊടുത്തു. അതു പ്രസിദ്ധീകരിച്ചു. അതോടെ കവിത എഴുത്ത് ശക്തമായി. കവിത എഴുതുന്ന കുട്ടി എന്ന് അറിയപ്പെടാൻ തുടങ്ങി.""
ചാലുശേരിക്കാരനായ സുഹൃത്ത് ഉണ്ണിനമ്പ്യാരുടെ 'പൊന്നുറുമ്മാൽ "മാപ്പിള പാട്ട് ആൽബത്തിൽ പാട്ടെഴുതാൻ യാദൃച്ഛികമായി വിളിച്ചു. നാലഞ്ചു പാട്ടുകൾ എഴുതി. ആ കൂട്ടുക്കെട്ടിൽ കുറെ ആൽബങ്ങളിൽ സഹകരിച്ചു. സുഹൃത്തും അന്ന് സഹസംവിധായകനുമായ ജയകുമാർ സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ സാറിന് പരിചയപ്പെടുത്തി.സാർ ട്യൂൺ തന്നു. അതനുസരിച്ച് പാട്ട് എഴുതി. സാറിന് ഇഷ്ടപ്പെട്ടു. 'ദ ത്രില്ലർ"സിനിമയിൽ നാലു പാട്ടുകൾ എഴുതിയാണ് തുടക്കം. യാദൃച്ഛികമായാണ് സിനിമയിൽ പാട്ടെഴുത്തുകാരനാവുന്നത്. 2013 അവസാനം മിസ്റ്റർ ഫ്രോഡിലെ പാട്ടുകൾ എഴുതാൻ ഉണ്ണിക്കൃഷ്ണൻസാർ എന്നെ സംഗീത സംവിധായകൻ ഗോപിസുന്ദറിന് പരിചയപ്പെടുത്തി. ഗോപിച്ചേട്ടനെ പരിചയപ്പെട്ടതാണ് കരിയറിലെ വഴിത്തിരിവ്. മിസ്റ്റർ ഫ്രോഡിനുശേഷം ഗോപിസുന്ദർ അദ്ദേഹത്തിന്റെ സിനിമകളിൽ അവസരം തന്നു. താരതമ്യേന പരിചയം കുറഞ്ഞ ആളെ പരീക്ഷിക്കാൻ അദ്ദേഹം മനസ് കാട്ടി. അങ്ങനെയാണ് 1983ലെ ഓലഞ്ഞാലി കുരുവിയും സലാല മൊബൈൽസിലെ ഈറൻ കാറ്റിൻ ഈണം പോലെയും ഉണ്ടാവുന്നത്. മറ്റൊരു അവസരത്തിൽ പരിചയപ്പെട്ട ജൂഡ് അന്തോണി ജോസഫ് അപ്പോൾ വിളിച്ചു.യാദൃച്ഛികമായാണ് ആ വിളിയും. സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിൽ പാട്ടെഴുതാനാണ് വിളിച്ചത്. ജൂഡിന്റെ ഒരു ആൽബത്തിൽ പാട്ടെഴുതിയിട്ടുണ്ട്. ഓം ശാന്തി ഓശാനയിൽ കാറ്റു മൂളിയോ പ്രണയം എഴുതി. 2014ൽ ഈ സിനിമകൾ വന്നതോടെയാണ് സജീവമാവുന്നത്.
അക്ഷരങ്ങളോടുള്ള പ്രണയം
പുരോഹിതവൃത്തി പാരമ്പര്യമായി കുടുംബത്തിനുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ വിവാഹത്തിന് മുഖ്യകാർമിത്വം വഹിച്ചു. അച്ഛൻ രാമൻ നമ്പൂതിരി പൊതുമരാമത്ത് കെട്ടിടം വിഭാഗത്തിൽ അസിസ്റ്റന്റ് എൻജിനിയറായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ ചടങ്ങുകൾക്ക് അച്ഛൻ കൊണ്ടുപോവുമായിരുന്നു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലായിരുന്നു ഡിഗ്രി പഠനം. ആ സമയത്തൊക്കെ കാർമികനുമായിരുന്നു. ഡിഗ്രി കഴിഞ്ഞ് ജേർണലിസത്തിൽ പി.ജി. ഡിപ്ളോമ. ഒരു സ്വകാര്യസ്ഥാപനത്തിൽ കുറച്ചുനാൾ ജോലി ചെയ്യുകയും ചെയ്തു. പിന്നീട് നിറുത്തി. പാട്ടെഴുത്ത് എറെ ആസ്വദിച്ചാണ് ചെയ്യുന്നത്. മുതുകുളം രാഘവൻപിള്ള മുതൽ ഇതുവരെയുള്ള എല്ലാ പാട്ടെഴുത്തുകാരും സ്വാധീനിച്ചിട്ടുണ്ട്.ഞാൻ ആദ്യം കണ്ട പാട്ടെഴുത്തുകാരൻ റഫീക്കയാണ് ( റഫീക്ക് അഹമ്മദ്). ഞങ്ങൾ ഒരേ നാട്ടുകാരും ഒരേ സ്കൂളിൽ പഠിച്ചവരുമാണ്.
ചെറിയച്ഛൻ ബി. കെ. കൃഷ്ണനൊപ്പമാണ് റഫീക്ക പഠിച്ചത്. എനിക്ക് നാലു ചെറിയച്ഛൻമാരുണ്ട്.അവർക്ക് അത്യാവശ്യം നല്ല വായനയുണ്ട്. അവരുടെ സ്വാധീനത്തിൽ ചെറുപ്പത്തിൽത്തന്നെ അഞ്ഞൂറിലധികം അക്ഷരശ്ളോകങ്ങൾ പഠിച്ചു.അക്ഷരങ്ങളോടും വാക്കിനോടും ഇഷ്ടം തോന്നി. കവിതകൾ വായിച്ചു. കൂട്ടു കുടുംബമായിരുന്നതിനാൽ എല്ലാവരും കൊണ്ടുവരുന്ന പുസ്തകങ്ങൾ കിട്ടും. സ്വയം തിരഞ്ഞെടുക്കുന്ന കവിതകൾ വായിച്ചു.അത് സ്കൂളിൽ അവതരിപ്പിച്ചു. അങ്ങനെ താളത്തോടും ഇഷ്ടം തോന്നി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃത പദ്യോച്ചാരണത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. അമ്മയുടെ വീട്ടുകാർക്ക് പാട്ടിനോട് ബന്ധമുണ്ട്. അമ്മ ഭവാനി അന്തർജനം. സ്വപ്നയും ധന്യയും സഹോദരികൾ.''പുതുതലമുറയിൽ എല്ലാവരുമായും നല്ല ബന്ധമുണ്ട്.റഫീക്ക, സന്തോഷേട്ടൻ, മനു, വിനായക്, ശരത്തേട്ടൻ, അജിത് ദാസൻ, അനിലേട്ടൻ എല്ലാവരും നല്ല പാട്ടുകൾ തന്നവരാണ്.എന്നെ ഏറ്റവും സ്വാധീനിച്ച പാട്ടെഴുത്തുകാരൻ പി. ഭാസ്കരൻ മാഷാണ്. ലളിതമായ ശൈലിയായിരിക്കാം അദ്ദേഹത്തിന്റെ പാട്ടുകളെ ഇഷ്പ്പെടുത്തുന്നത്. ഞാൻ വളർന്നു വരുമ്പോൾ ഗിരീഷേട്ടന്റെയും കൈതപ്രം സാറിന്റെയും പാട്ടുകളായിരുന്നു.അതും സ്വാധീനിച്ചിട്ടുണ്ട്. വയലാറിന്റെയും ശ്രീകുമാരൻ തമ്പിസാറിന്റെയും ഒ.എൻ.വി സാറിന്റെയും പാട്ടുകൾ വലിയ തോതിൽ സ്വാധീനിച്ചു. സിറ്റുവേഷൻ അനുസരിച്ചാണ് അധികവും രചന നടത്തുക. ഖൽബിലെ തേനൊഴുകണ കോഴിക്കോട് ഒരു മണിക്കൂർ കൊണ്ടാണ് എഴുതിയത്. ഓലഞ്ഞാലി ക്കുരുവി എഴുതാൻ രണ്ടു ദിവസം വേണ്ടി വന്നു. മിനുങ്ങും മിന്നാമിനുങ്ങും, ജീവാംശമായി എന്നീ പാട്ടുകൾ സമയമെടുത്താണ് എഴുതിയത്.
എന്നാണ് വിവാഹം? അവസാന ചോദ്യത്തിന് മറുപടി ഇങ്ങനെ, ''ഇന്ന വഴിയിലൂടെ പോവണമെന്ന് മുൻകൂട്ടി നിശ്ചയിച്ചില്ല.എന്നാൽ സിനിമയിൽ പാട്ടെഴുതണമെന്ന് ആഗ്രഹിച്ചു. ജൈവിക നാടകവേദിയുടെ സൃഷ്ടാവ് അകാലത്തിൽ വിട പറഞ്ഞ പാഞ്ഞാൾ തുപ്പേട്ടന്റെ നാടകമാണ് 'വന്നന്ത്യേ കാണാം." വന്നതുപോലെ കാണാം എന്ന് അർത്ഥം. ആ വാക്കുകൾ എന്റെ ജീവിതത്തിൽ അടയാളപ്പെടുത്തുന്നു.""