മംഗളൂരു : നാല് ദിവസങ്ങൾക്കപ്പുറം രാജ്യം വരുന്ന അഞ്ചുവർഷം ആര് ഭരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ജനം. എന്നാൽ ഇതിനെ ജീവിതത്തിലെ ഒരു സുവർണാവസരമാക്കുവാൻ താത്പര്യമുള്ളവർക്ക് നേടാനാവുന്നത് ഒരു കോടി രൂപയാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിക്കുക. കൃത്യമായി പ്രവചിക്കുന്നവർക്ക് ഒരു കോടി നൽകുമെന്ന് അറിയിച്ചിരിക്കുന്നത് കർണാകയിലെ യുക്തിവാദി സംഘമായ അഖില കർണാടക വിചാര വഡിഗല സംഘമാണ് ഈ വമ്പൻ ഓഫറിന് പിന്നിൽ. ഇതിനായി രാജ്യമെമ്പാടുമുള്ള ജ്യോതിഷികളെയാണിവർ വെല്ലുവിളിച്ചിരിക്കുന്നത്.
യുക്തിവാദി സംഘത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നവർ 20ന് വൈകിട്ട് അഞ്ചു മണിക്കു മുമ്പായി മുദ്രവച്ച കവറിൽ പ്രവചനം അസോസിയേഷൻ ഓഫീസിൽ എത്തിക്കണം. സെക്യൂരിറ്റി ഡെപ്പോസിറ്റായി 10,000 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും വേണം. വ്യാജ അപേക്ഷകൾ തടയാനാണ് പണം കെട്ടിവയ്ക്കാൻ ആവശ്യപ്പെടുന്നതത്രേ. ജയിക്കുന്നവർക്ക് സമ്മാനത്തുകയോടൊപ്പം കെട്ടിവച്ച പണവും തിരികെ ലഭിക്കും. ഒന്നിലധികംപേർ കൃത്യമായി ഫലം പ്രവചിച്ചാൽ സമ്മാനത്തുക വീതിച്ചുനൽകും.
നടപടികൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക കമ്മിറ്റിയുണ്ടാകും. രാജ്യത്താകെ ഓരോരോ പാർട്ടികൾ നേടുന്ന സീറ്റുകൾ മാത്രം പോരാ. സ്വതന്ത്രസ്ഥാനാർത്ഥികൾ നേടുന്ന സീറ്റുകളുടെ എണ്ണവും പ്രവചിക്കണമെന്ന് എ.കെ.വി.എസ് പ്രസിഡന്റ് നരസിംഹമൂർത്തി പറഞ്ഞു.