കണ്ണൂർ: കള്ളവോട്ട് കണ്ടെത്തിയതിനെ തുടർന്ന് റീപ്പോളിംഗ് നടക്കുന്ന കാസർകോഡ് മണ്ഡലത്തിലെ ഒരു ബൂത്തിലെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ ക്യൂവിൽ നിന്ന വോട്ടർമാരോട് വോട്ട് തേടിയെന്ന് ആരോപണം. പിലാത്തറ സ്‌കൂളിലെ 19ആം നമ്പർ ബൂത്തിൽ വരിനിൽക്കുന്നവരോട് ഉണ്ണിത്താൻ വോട്ട് ചോദിച്ചെന്ന് ആരോപിച്ച് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പരാതി നൽകിയിട്ടുണ്ട്. ക്യൂവിൽ നിൽക്കുന്ന വോട്ടറെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ചട്ടലംഘനമാണെന്നാണ് എൽ.ഡി.എഫ് ആരോപണം. ഇക്കാര്യം പരിശോധിക്കാമെന്ന് ജില്ലാ കളക്‌ടർ ഉറപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് രാവിലെ ആറരയോടെ പിലാത്തറ സ്‌കൂളിലെത്തിയ ഉണ്ണിത്താൻ വരിനിന്ന വോട്ടർമാരോട് വോട്ടഭ്യർത്ഥിച്ചെന്നാണ് ആരോപണം. ബൂത്തിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് ഉണ്ണിത്താനെതിരെ നടപടി വേണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, എല്ലാ ബൂത്തുകളിലും ക്രമക്കേടുകൾ ഒന്നുമില്ലാതെ വോട്ടിംഗ് നടക്കുമെന്നാണ് പ്രതീക്ഷയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. റീപോളിംഗ് നടക്കുന്ന എല്ലാ ബൂത്തുകളിലും എല്ലാ ബൂത്ത് ഏജന്റുമാർക്കും സുരക്ഷ നൽകേണ്ട ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മിഷന് ആണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കാസർകോട്, കണ്ണൂർ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ രാവിലെ മുതൽ കനത്ത സുരക്ഷയിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. എല്ലായികണ്ണൂർ മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലും കാസർകോട് മണ്ഡലത്തിലെ നാല് ബൂത്തുകളിലുമാണ് റീപോളിംഗ്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. ഈ ബൂത്തുകളിലെ മുഴുവൻ വോട്ടർമാരും വോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന് മുഖ്യവരണാധികാരികളായ ജില്ലാ കളക്ടർമാർ അഭ്യർത്ഥിച്ചു.
ഏഴ് ബൂത്തുകളിലുമായി ആകെ 7336 വോട്ടർമാരാണുള്ളത്. കണ്ണൂർ ലോക്‌സഭാ മണ്ഡലം പരിധിയിൽ വരുന്ന തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എ.യു.പി സ്‌കൂളിലെ ബൂത്ത് നമ്പർ 166, ധർമ്മടം നിയമസഭാ മണ്ഡലത്തിലെ കുന്നിരിക്ക യു.പി സ്‌കൂളിലെ ബൂത്ത് നമ്പർ 52,53 എന്നിവിടങ്ങളിലും കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ യു.പി സ്‌കൂളിലെ ബൂത്ത് നമ്പർ 19, പുതിയങ്ങാടി ജുമാഅത്ത് ഹൈസ്‌കൂളിലെ വടക്കു ഭാഗം ബൂത്ത് നമ്പർ 69, പുതിയങ്ങാടി ജുമാഅത്ത് ഹൈസ്‌കൂളിലെ തെക്കു ഭാഗം ബൂത്ത് നമ്പർ 70 , തൃക്കരിപ്പൂർ ബൂത്ത് നമ്പർ 48, കാസർകോട് ജില്ലയിലെ ചീമേനി കൂളിയാട് 48 എന്നിവിടങ്ങളിലാണ് റീ പോളിംഗ്.