fire

ചെന്നൈ : വീട്ടിൽ ഉറങ്ങിക്കിടന്ന മൂന്ന് പേർ എ.സി.പൊട്ടിത്തെറിച്ച് മരണപ്പെട്ട സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. ചെന്നൈ ദിണ്ടിവനത്തിനടുത്താണ് കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ എ.സി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടത്. എ.സിയിലെ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും കൃത്യതയാർന്ന അന്വേഷത്തിലൂടെയാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. കാവേരിപ്പാക്കം സ്വദേശി കെ. രാജി (57), ഭാര്യ കല (52), മകൻ ഗൗതം (24) എന്നിവരാണ് എ.സി.പൊട്ടിത്തെറിച്ച് മരിച്ചത്.


സ്ഥലം പരിശോധിച്ച പൊലീസിന് വീടിന് പുറത്ത് നിന്നും മണ്ണെണ്ണ കൊണ്ട് വന്ന കുപ്പി ലഭിച്ചതാണ് അന്വേഷണത്തിന്റെ ഗതി മാറ്റിയത്. അപകടമുണ്ടായ മുറിയുടെ തൊട്ടടുത്ത മുറിയിൽ ഉറങ്ങിയ മൂത്തമകൻ ഗോവർധന്റെയും ഭാര്യയുടെയും മൊഴികളിലെ വൈരുദ്ധ്യവും പൊലീസിനെ സംശയത്തിനിടയാക്കിയിരുന്നു. വിശദമായ പരിശോധനയിൽ എ.സി പൊട്ടിത്തെറിച്ചത് ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് തെളിഞ്ഞു. എ.സി.യ്ക്ക് സാങ്കേതിക കാരണങ്ങളാൽ തീ പിടിച്ചിരുന്നെങ്കിൽ മുറിക്ക് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഭാഗവും പൊട്ടിത്തെറിക്കണമായിരുന്നു, പക്ഷേ ഇവിടെ അത് സംഭവിക്കാതിരുന്നതും പൊലീസിനെ കൊലപാതകമാണെന്ന സംശയത്തിലെത്തിക്കുകയായിരുന്നു.

മരണപ്പെട്ട രാജിയുടെ മൂത്തമകനെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ സ്വത്ത് സ്വന്തമാക്കുവാനായി താൻ കൊല നടത്തിയതാണെന്ന് സമ്മതിക്കുകയായിരുന്നു. സമ്പന്ന കുടുംബമായ രാജിയുടെ ഭൂസ്വത്തുക്കൾ മൂത്ത മകന് നോക്കിനടത്തുവാനുള്ള കാര്യപ്രാപ്തി ഇല്ലെന്ന കാരണത്താൽ ഇളയ മകനായ ഗൗതത്തെ ഏൽപ്പിച്ചതാണ് ഗോവർധനെ ചൊടിപ്പിച്ചത്. സ്വത്ത് മുഴുവൻ അനുജൻ സ്വന്തമാക്കുമെന്ന ഭയത്താലാണ് മൂവരെയും കൊല ചെയ്യാൻ തീരുമാനിച്ചതെന്നും താൻ ഒറ്റയ്ക്കാണ് ഈ കൃത്യം നടത്തിയതെന്നും ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്നാൽ ഇത് അപ്പാടെ വിശ്വസിക്കാൻ പൊലീസിനായിട്ടില്ല വാടക കൊലയാളികളെ ഉപയോഗിച്ചിരിക്കാനാണ് സാധ്യതയെന്നും ആ ദിശയിൽ അന്വേഷണം നടത്തുവാനും പൊലീസ് ഉദ്ദേശിക്കുന്നുണ്ട്. കൊലപാതകം നടന്ന ദിവസം വീട്ടിൽ വഴക്കുണ്ടായെന്നും, സ്വത്ത് തർക്കമുണ്ടായെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.