ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെടുമെന്നും ദൈവത്തിന് പോലും അദ്ദേഹത്തെ രക്ഷിക്കാനാവില്ലെന്നും പശ്ചിമ ബംഗാൾ ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി അഭിഷേക് ബാനർജി പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനാണ് അഭിഷേക്. സംസ്ഥാനത്ത് 42 സീറ്റുകൾ തൃണമൂൽ കോൺഗ്രസ് പിടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പിലെ തോൽവിയിൽ നിന്ന് മോദിയെ രക്ഷിക്കാൻ ദൈവത്തിന് പോലും കഴിയില്ല. അദ്ദേഹം ധ്യാനത്തിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്. ബി.ജെ.പിയെന്ന വർഗീയ പാർട്ടിയെ പുറത്താക്കാൻ ജനങ്ങൾ തീരുമാനമെടുത്ത് കഴിഞ്ഞു. മേയ് 15ന് നടന്ന പൊതുപരിപാടിയിൽ മോദി എനിക്കെതിരെ നിരവധി വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇത് തെളിയിക്കുന്നതിനുള്ള രേഖകൾ മോദി തന്നെ പുറത്തുവിടണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മോദിക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. 36 മണിക്കൂറിനകം ഇക്കാര്യത്തിൽ മോദി മറുപടി പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തെ കോടതി കയറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിഷേക് ബാനർജി സംസ്ഥാനത്തെ ഏറ്റവും വലിയ ഗുണ്ടയാണെന്നും പലവിധ നിയമപ്രവർത്തനങ്ങൾ അദ്ദേഹം നടക്കുന്നുണ്ടെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചത്. എന്നാൽ ഇത് അസത്യമാണെന്ന് അഭിഷേകിന്റെ അടുത്ത അനുയായികൾ പറയുന്നു.