lucifer

തിരുവനന്തപുരം: ലൂസിഫർ ഒരിക്കലും ഒറ്റ ചിത്രമായി അല്ല ആലോചിച്ചിരുന്നതെന്ന് ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. പടത്തിന്റെ കഥാ ചർച്ചകൾ നടക്കുമ്പോൾ തന്നെ തനിക്കും തിരക്കഥാകൃത്ത് മുരളി ഗോപിക്കും 'ലൂസിഫർ' ഒറ്റ ചിത്രമായി അവസാനിക്കില്ല എന്ന് മനസിലായിരുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ ഇനിയും ഒരു തീരുമാനത്തിൽ എത്തിയിട്ടില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

'ലൂസിഫറി'ന്റെ രണ്ടാം ഭാഗം പുറത്തിറക്കിയാൽ അത് എത്രത്തോളം വിജയം ആകുമെന്ന് മനസിലാക്കിയ ശേഷമേ അതിനെക്കുറിച്ച് ആലോചിക്കാൻ ആകൂ എന്നും പൃഥ്വിരാജ് പറഞ്ഞു. 'അതിനെടുക്കുന്ന സമയത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്' പൃഥ്വിരാജ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ പത്രവുമായി നടത്തിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യങ്ങൾ പറയുന്നത്.

'ലൂസിഫറി'ന് വേണ്ടി തനിക്ക് എട്ട് മാസം അഭിനയത്തിൽ നിന്നും അവധിയെടുക്കേണ്ടി വന്നുവെന്നും, ചിത്രത്തിന് രണ്ടാം ഭാഗം വരികയാണെങ്കിൽ അതിൽ കൂടുതൽ സമയം താൻ അതിനായി ചിലവഴിക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു.

ചലച്ചിത്ര സംവിധായകനാകുമ്പോൾ നടനെന്ന നിലയിൽ താൻ ചിലവഴിക്കുന്ന സമയത്തിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്നും അതാണ് താൻ നേരിടുന്ന ഏറ്റവും വലിയ ചോദ്യമെന്നും പൃഥ്വിരാജ് വ്യക്തമാക്കി. 'ലൂസിഫറി'ന്റെ രണ്ടാം ഭാഗം 11 എപ്പിസോഡ് ഉളള, പ്രേക്ഷകരിലേക്ക് നേരിട്ട് ഇന്റർനെറ്റ് വഴി സ്ട്രീം ചെയ്യാനാകുന്ന ഒരു സീരീസായി പുറത്തിറക്കാനും തങ്ങൾ ആലോചിച്ചിരുന്നതായി പൃഥ്വിരാജ് വെളിപ്പെടുത്തി.