കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാർനാഥ് സന്ദർശനം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് തൃണമൂൽ കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാദ്ധ്യമങ്ങളിൽ നിറയെ മോദിയുടെ കേദാർനാഥ് യാത്രയെപ്പറ്റിയായിരുന്നു വാർത്ത.ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് തൃണമൂൽ കോൺഗ്രസിന്‌റെ ആരോപണം. പ്രധാനമന്ത്രി കേദാർനാഥ് ക്ഷേത്രത്തിന്‌റെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയ വിവരം മാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചു. ഇത് തികച്ചും അസാന്മാർഗ്ഗികവും തെറ്റുമാണെന്ന് തൃണമൂൽ കോൺഗ്രസ് പറയുന്നു.
ഏഴാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം മെയ് 17 ന് വൈകീട്ട് ആറ് മണിയോടെ ആവസാനിച്ചതാണ്. അതേസമയം കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാനാഥ് യാത്ര എല്ലാ മാദ്ധ്യമങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഉത്തരാഖണ്ഡിലെ ബി.ജെ.പി പ്രധാനമന്ത്രിയുടെ കേദാർനാഥ് സന്ദർശനത്തിന്റെ ചിത്രങ്ങൾ ഇന്നലെ ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള പ്രചാരണങ്ങളൊക്കെ വോട്ടർമാരെ സ്വാധീനിക്കാനാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു.
തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഇന്ന് നടക്കുകയാണ്. മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരും. രണ്ട് ദിവസത്തെ തീർത്ഥാടനത്തിനായി ഇന്നലെയാണ് പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെത്തിയത്. കേദാർനാഥ് ദർശനത്തിന് ശേഷം രണ്ട് കിലോമീറ്ററോളം നടന്ന് അദ്ദേഹം ധ്യാനത്തിനായി രുദ്ര ഗുഹയിലെത്തിയിരുന്നു. കേദാർനാഥിൽ ഒരു മണിക്കൂർ ധ്യാനം എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ 15 മണിക്കൂർ ധ്യാനത്തിന് ചെലവഴിച്ച അദ്ദേഹം ഇന്ന് ബദ്രീനാഥ് സന്ദർശിക്കും.