തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ എട്ടരക്കോടി വിലയുള്ള സ്വർണം കടത്തിയ സംഭവത്തിൽ വൻവഴിത്തിരിവ്. ദുബായിൽ നിന്നും അനധികൃതമായി കൊണ്ടുവന്ന സ്വർണം തിരുവനന്തപുരത്തെ സ്വകാര്യ ജൂവലറിക്ക് വേണ്ടിയാണെന്നാണ് വിവരം. തിരുവനന്തപുരം ആറ്റുകാൽ ഷോപ്പിംഗ് കോപ്ലക്സിൽ പ്രവർത്തിക്കുന്ന സ്വകാര്യ ജുവലറിയിലെ മാനേജരായ മലപ്പുറം സ്വദേശി ഹക്കീമാണ് സംഘത്തിൽ നിന്നും സ്വർണം വാങ്ങിയത്. ഇയാളുടെ തിരുവനന്തപുരത്തെയും മലപ്പുറത്തെയും വീടുകളിൽ ഡി.ആർ.ഐ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതിയായ അഭിഭാഷകൻ ബിജു മോഹൻ ഹക്കീമിന്റെ ഇടനിലക്കാരനാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
തലസ്ഥാനത്തെ പ്രമുഖ അഭിഭാഷകനായ ബിജു അടിക്കടി വിദേശയാത്ര നടത്തിയിരുന്നതായി ഡി.ആർ.ഐ കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ജുവലറിക്കാർ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് ഡി.ആർ.ഐയ്ക്കുള്ള വിവരം. ഇയാളുടെ കൂട്ടാളിയായ അഭിഭാഷകൻ ജിത്തുവിനായും നിയമബിരുദധാരി വിഷ്ണുവിനായും തെരച്ചിൽ നടത്തുന്നുണ്ട്. ജിത്തു ദുബായ് കേന്ദ്രമായി പ്രവർത്തിക്കുകയായിരുന്നു.തിങ്കളാഴ്ച രാവിലെയെത്തിയ ഒമാൻ എയർവേയ്സിൽ സ്വർണം കടത്തിയ തിരുമല വിശ്വപ്രകാശം സ്‌കൂളിനു സമീപം താമസിക്കുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ സുനിൽകുമാർ (45), സുഹൃത്തും കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനിയുമായ സെറീന ഷാജി (42) എന്നിവരെ ചോദ്യംചെയ്തപ്പോഴാണ് ബിജുവിന്റെ പങ്ക് വെളിവായത്.
ഭാര്യ വിനീതയെ നിർബന്ധിച്ച് ബിജു സ്വർണക്കടത്തിനുള്ള കാരിയറാക്കുകയായിരുന്നു. നാലു തവണ താൻ അഞ്ചുകിലോ വീതം സ്വർണം കടത്തിയെന്ന് ചോദ്യം ചെയ്യലിൽ വിനീത സമ്മതിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഇന്ത്യൻ കറൻസിയും വിദേശ കറൻസിയും കൊണ്ടുപോകും. ഹാൻഡ് ബാഗിൽ സ്വർണവുമായി മടങ്ങും ഇതാണ് മൊഴി. ബിജുവിനെ കണ്ടെത്താൻ തലസ്ഥാനത്തെ വിവിധയിടങ്ങളിലും ബന്ധുവീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ ആയിട്ടില്ല. അതിനിടെ ഇയാൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.