ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിൽ ആഗോള സ്‌പോർട്സ് ബൈക്ക് നിർമാതാക്കളായ കെ.ടി.എം തങ്ങളുടെ ജനപ്രിയ മോഡലായ ഡ്യൂക്ക് ആർ.സിയുടെ 125 സി.സി പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. എൻട്രി ലൈവൽ സ്‌പോർട്സ് ബൈക്ക് ശ്രേണിയിൽ കൂടുതൽ ഇടംപിടിക്കാൻ വേണ്ടിയാണ് ആർ.സിയുടെ കുട്ടിപ്പതിപ്പിനെ ഇന്ത്യയിലെത്തിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലുള്ള മോഡലിൽ നിന്നും കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെയായിരിക്കും വാഹനം ഇവിടെത്തുക. ജൂൺ മാസത്തിൽ അവതരിപ്പിക്കുന്ന വാഹനം ജൂലായ് മുതൽ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
കുറച്ച് കാലം മുമ്പ് കെ.ടി.എം നിരത്തിലിറക്കിയ ബേബി ഡ്യൂക്ക് അഥവാ ഡ്യൂക്ക് 125ൽ ഉപയോഗിച്ചിരിക്കുന്ന 124.7 സിസി സിംഗിൾ സിലിണ്ടർ ഡി.ഒ.എച്.സി ലിക്വിഡ് കൂൾഡ് എഞ്ചിനായിരിക്കും ആർ.സി 125ലും ഉണ്ടാവുക. 1.5 എച്.പി പവറും 12 എൻ.എം ടോർക്കും നൽകാൻ ഈ എഞ്ചിന് കഴിയും. സുരക്ഷയ്‌ക്കായി ഡ്യൂവൽ ചാനൽ എ.ബി.എസ് ഉണ്ടായിരിക്കും. ഡ്യൂക്ക് 125ലെ സസ്‌പെൻഷൻ നിലനിറുത്തും. ഏകദേശം 1.45 ലക്ഷം മുതൽ 1.5 ലക്ഷം വരെയായിരിക്കും ഡ്യുക്ക് ആർ.സി 125ന്റെ വില പ്രതീക്ഷിക്കുന്നത്. 1.39 ലക്ഷം രൂപ വിലയുള്ള യമഹയുടെ ആർ വൺ15യുമായിട്ടായിരുക്കും ഡ്യൂക്കിന്റെ പ്രധാനപോരാട്ടമെന്നും കരുതുന്നു.