ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട തിരഞ്ഞെടുപ്പ് അവസാനിക്കാനിരിക്കെ ഉത്തർപ്രദേശിൽ ബി.ജെ.പി പ്രവർത്തകർ തങ്ങളെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി ഒരു കൂട്ടം ഗ്രാമീണർ രംഗത്തെത്തി. ബി.ജെ.പിയുടെ അഭിമാന പോരാട്ടം നടക്കുന്ന ചന്ദൗളി മണ്ഡലത്തിലെ വോട്ടർമാരാണ് പരാതിയുമായി എത്തിയത്. ചന്ദൗളിയും പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസിയും ഉൾപ്പെടെ ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ശനിയാഴ്‌ച രാത്രിയോടെ തങ്ങളുടെ ഗ്രാമത്തിലെത്തിയ ബി.ജെ.പി പ്രവർത്തകർ എല്ലാവർക്കും 500 രൂപ വച്ച് വിതരണം ചെയ്‌തുവെന്നാണ് ഗ്രാമീണരുടെ ആരോപണം. വോട്ടെടുപ്പിന് ശേഷം പുരട്ടുന്ന മഷി നിർബന്ധിച്ച് തങ്ങളുടെ വിരലിൽ പുരട്ടി. വോട്ട് രേഖപ്പെടുത്താനായി ആരും ഗ്രാമം വിട്ട് പുറത്തുപോകരുതെന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ ആരോപിക്കുന്നു. ഉത്തർപ്രദേശിലെ ചില മണ്ഡലങ്ങളിൽ ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളെ ബി.ജെ.പി പ്രവർത്തകർ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് സമാജ്‌വാദി പാർട്ടി ആരോപിച്ചതിന് പിന്നാലെയാണ് പുതിയ സംഭവങ്ങൾ. ദളിതുകൾ തിങ്ങിപ്പാർക്കുന്ന താരാജീവൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നിരിക്കുന്നത്. സംഭവത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയും പാർട്ടി സംസ്ഥാന അദ്ധ്യക്ഷനുമായ മഹേന്ദ്ര നാഥ് പാണ്ഡേയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമീണർ പൊലീസിനെ സമീപിച്ചിട്ടുണ്ട്.
അതേസമയം, ആരോപണ വിധേയമായ സംഭവം നടന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും എന്നാൽ ഇതിൽ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.