chappals

സൗന്ദര്യത്തിൽ ചെരിപ്പുകൾക്കെന്താ സ്ഥാനം എന്നു ചിന്തിക്കുന്നുണ്ടോ... വസ്ത്രം പോലെ തന്നെ നിത്യജീവിതത്തിൽ ചെരുപ്പിനും പ്രാധാന്യമുള്ള കാലഘട്ടമാണിത്. വീട്ടിൽ നിന്ന് കാറിലേക്കും കാറിൽ നിന്ന് ഓഫീസിലേക്കും സഞ്ചരിക്കുന്നവർക്ക് ചെരുപ്പുകൾ പാദരക്ഷകളാണെന്ന് പറയാനാവില്ലെങ്കിലും ചെരുപ്പുകളിന്ന് സംസ്‌കാരത്തിന്റെയും ഫാഷന്റെയും ഭാഗമായി കഴിഞ്ഞു. തലച്ചുമടുമായി പൊള്ളുന്ന ടാറിട്ട റോഡിൽ കൂടി നടക്കുന്ന തൊഴിലാളിക്ക് ചെരുപ്പ് പാദരക്ഷകനാണ്. ഇലക്ട്രിക് ലൈറ്റുകൾ നൃത്തം ചെയ്യുന്ന റാംപിൽ ക്യാറ്റ് വാക്കിംഗ് നടത്തുന്ന മോഡൽഗേളിന് ചെരുപ്പ് ഫാഷന്റെ പര്യായമാണ്. അങ്ങനെ വ്യത്യസ്ത സാമൂഹ്യതലങ്ങളിൽ ചെരുപ്പുകൾക്ക് വ്യത്യസ്ത ഭാവവും കൈവരുന്നു. ഫാഷന്റെ അവശ്യ ചേരുവ കൂടിയാണ് പാദരക്ഷകളെന്ന് നിസംശയം പറയാം.

ഇന്ന് അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഒരു വിപണി കൂടിയാണ് ഫുട്ട് വെയറുകൾ. അന്ന നടയിൽ തുടങ്ങി ക്യാറ്റ് വാക്കിന് അനുയോജ്യമായ ചെരുപ്പുകളിലെത്തി നിൽക്കുന്നു ഇവിടത്തെ വിപണി. ഒരുകാലത്ത് സാധാരണ റബ്ബർ, പ്ലാസ്റ്റിക്, ലെതർ ചെരുപ്പുകൾ മാത്രം നിറഞ്ഞുനിന്നിരുന്ന കേരളത്തിന്റെ വിപണി ഇന്ന് ഹൈഹീലുകൾക്കും പ്ലാറ്റ്‌ഫോം ഹീലുകൾക്കും ബാക്ക് സ്ട്രാപ്പ് ചെരുപ്പുകൾക്കും വഴിമാറിയിരിക്കുന്നു. ആകൃതിയിലും ഉയരത്തിലും ഉൾപ്പെടെ പല പുതുമകൾ നമ്മൾ ഫാഷനും ഭംഗിക്കും വേണ്ടി പരീക്ഷിക്കുന്നു.

പൊക്കമില്ലായ്മയാണ് പൊക്കം
ഉയരം കുറഞ്ഞവർ പൊക്കം കൂടുതൽ തോന്നിക്കാൻ വേണ്ടിയാണ് ഹൈഹീൽ ചെരുപ്പുകൾ തിരഞ്ഞെടുക്കുന്നത്. ഹീലിന്റെ ഉയരം ഒരിഞ്ച് മുതൽ ഉയർന്നുയർന്ന് ആറിഞ്ചുവരെ പോകുന്നു. പക്ഷേ, പുറകുവശം മാത്രം പൊങ്ങിയിരുന്നതുകൊണ്ട് പൊക്കം കൂടുകയില്ല. ഫലമോ? നടുവേദന, സന്ധിവേദന, പേശിവേദന തുടങ്ങി പലവിധ വേദനകൾ. ഇക്കൂട്ടർ ചെരുപ്പ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് ഹീലിനൊപ്പം തന്നെ ഉയരമുള്ള സോളുള്ള ചെരുപ്പാണോയെന്നാണ്. അതായത് ചെരുപ്പിന്റെ എല്ലാ ഭാഗത്തിനും ഒരേ ഉയരം ഉണ്ടായിരിക്കണം. അത്തരം പൊക്കമുള്ള സോളുകളുള്ള ചെരുപ്പുകളും വിപണിയിലുണ്ട്. ഒരിഞ്ചിൽ കൂടുതൽ ഹീലുള്ള ചെരുപ്പു ധരിക്കുന്നവർ ദിവസം നാലു മണിക്കൂറിലധികം നിൽക്കരുതെന്നാണ് ആരോഗ്യശാസ്ത്രം നിഷ്‌കർഷിക്കുന്നത്. ഉയരമുള്ള സോളുള്ളവ ഉപയോഗിക്കുന്നതാണ് ഉത്തമം. ഈ പ്രശ്നങ്ങളുള്ളവർ സോളിനും ഹീലിനും കട്ടി കുറഞ്ഞ ചെരിപ്പുകൾ ധരിച്ചു നോക്കൂ. ചിലപ്പോൾ നല്ല ഫലം കിട്ടിയെന്നുവരും.

chappals

ഫ്ളാറ്റ് ഹീൽസിന്റെ കാലം
ഫ്ളാറ്റ് ഹീൽസിന്റെ കാലഘട്ടത്തിലൂടെയാണ് ഫാഷൻ ലോകം ഇന്ന് ചുവട് വയ്ക്കുന്നത്. ട്രെൻഡി ലുക്കിന് ഫ്ളാറ്റ് ഹീൽസാണ് സൂപ്പർ. ഒപ്പം നടുവേദന പ്രശ്നങ്ങളുമില്ല. ഗർഭിണികൾക്കും അല്പം വണ്ണം കൂടിയവർക്കും ഫ്ളാറ്റ് ഹീൽസാണ് മികച്ചത്.

മെതിയടി പുറത്താകില്ല
രൂപത്തിലും ഭാവത്തിലും കൂടുതൽ സൗന്ദര്യത്തോടെയാണ് പുതിയ മെതിയടികൾ എത്തിയിരിക്കുന്നത്. തടിക്കു പകരം പ്ലാസ്റ്റിക്കിലും റബ്ബറിലുമൊക്കെയാണ് ഇന്നത്തെ മെതിയടികൾ. കാലുറപ്പിക്കാൻ മെതിയടിയുടെ മൊട്ട് കൂടാതെ പാദത്തിനു മുകളിൽക്കൂടി വാറുമുണ്ട്. ആകെ കളർഫുളായിട്ടാണ് പുതിയ മെതിയടികൾ എത്തുന്നത്. ബ്രൈറ്റ് കളേഴ്സിലാണ് കൂടുതലും ഇവ വരുന്നത്. പച്ച, മഞ്ഞ, നീല, ചുവപ്പ്, ഓറഞ്ച് തുടങ്ങി ആകർഷകമായ നിറങ്ങളിലാണ് സോളുകൾ. വാറുകളിൽ രണ്ടുതരം കളറുകൾ വരുന്നതാണ് ട്രെൻഡ്. അതായത് ഒരു ജോടിയിൽ തന്നെ പല നിറങ്ങൾ ഉണ്ടാകും. ഒരു കാലിലെ മെതിയടിയിലെ വാറ് പച്ചയാണെങ്കിൽ മറ്റേത് ചുവപ്പ്. ബാക്ക് സ്ട്രാപ്പുളളതും ഇക്കൂട്ടത്തിലുണ്ട്. പെൺകുട്ടികളും ആൺകുട്ടികളും ഒരുപോലെ ഇതിന്റെ ആരാധകരാണ്. 250 രൂപ മുതലാണ് ഇവയുടെ വില.

പുരുഷ കേസരികൾക്കിഷ്ടം
പുരുഷൻമാർക്കിപ്പോഴും പ്രിയം കറുപ്പിനോടും തവിട്ടിനോടും തന്നെ. പാർട്ടികൾക്കും മറ്റും പോകുമ്പോൾ കുറച്ചു ഫാഷനബിളാകാനായി ചാരനിറവും വെള്ളയും ധരിക്കുന്നവരും കുറവല്ല. ബാക്ക് സ്ട്രാപ്പ് തന്നെയാണ് പുരുഷൻമാർക്കിടയിലെയും ട്രെൻഡ്. ഹീൽ ഷൂ ചോദിച്ചെത്തുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്നും വ്യാപാരികൾ പറയുന്നു. കോളേജുകളിലാണെങ്കിൽ പെൺകുട്ടികളെ കടത്തിവെട്ടുന്ന വർണവൈവിദ്ധ്യവുമായാണ് കുമാരന്മാരെത്തുന്നത്. ആൺപെൺ വ്യത്യാസമില്ലാതെ അണിയാവുന്നതരത്തിലുള്ള സ്ട്രാപ്പുള്ള ഷൂകളും ചെരുപ്പുകളും. ഇവയെല്ലാം ഇന്ന് വിപണി കീഴടക്കി നിൽക്കുന്നു.

തിരഞ്ഞെടുപ്പിലുണ്ട് കാര്യം
ആരോഗ്യത്തിന് ഭംഗം വരാത്ത ചെരുപ്പും ഷൂസുമൊക്കെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിരഞ്ഞെടുക്കാം. ധരിക്കാൻ ഏറ്റവും പാകമായ, സുഖകരമായ കൂടുതൽ മുറുക്കമോ അയവോ ഇല്ലാത്ത പാദരക്ഷകൾ വേണം തിരഞ്ഞെടുക്കാൻ.
ധരിച്ച് നോക്കണം: ചെരുപ്പു വാങ്ങുമ്പോൾ ഒരു പാദത്തിൽ മാത്രം ഇട്ടുനോക്കി പാകം നോക്കുന്നത് നന്നല്ല. കാരണം രണ്ട് പാദങ്ങൾക്കും തമ്മിൽ വലിപ്പവ്യത്യാസം ഉണ്ടായേക്കാം.ദങ്ങളിലും ധരിച്ചുനോക്കി രണ്ടിലും ഇണങ്ങുന്നവ വാങ്ങണം.

chappals

വൈകിട്ട് വാങ്ങാം: ചെരുപ്പു വാങ്ങാൻ ഏറ്റവും യോജിച്ച സമയം ഏതാണ്? അത് വൈകിട്ട് തന്നെ. എല്ലാവരുടേയും പാദങ്ങൾക്ക് വൈകുന്നേരത്തോടെ ഒരൽപം വലുപ്പം കൂടാറുണ്ട്. പ്രത്യേകിച്ചും മദ്ധ്യവയസ് കഴിഞ്ഞവരിൽ (നീർവീക്കം). അത് കണക്കാക്കി വൈകിട്ട് പാദരക്ഷ തിരഞ്ഞെടുക്കുന്നത് ഉപയോഗത്തിന് ഏറ്റവും നല്ലത്.

അൽപ്പം അയവാകാം: ജോഗിംഗിനും നടക്കാനും മറ്റു കായിക വിനോദങ്ങൾക്കുമൊക്കെ ധരിക്കുന്ന ഷൂസുകൾ വാങ്ങുമ്പോൾ അവയുടെ മുൻഭാഗം ഇറുകിയതാവാൻ പാടില്ല. വിരലുകൾക്കു മുമ്പിൽ അൽപം സ്ഥലം കിട്ടേണ്ടത് അനിവാര്യമാണ്. ഒരൽപം അയവുള്ളത് വാങ്ങി ലെയ്സ് പാകത്തിന് മുറുക്കി കെട്ടിയാൽ മതിയാകും.

ഷൂസും ഇൻസോളും: കട്ടിയേറിയ പ്രതലം വേദനയുണ്ടാക്കും. പ്രത്യേകിച്ചും ഷൂസ് ഉപയോഗിക്കുമ്പോൾ മാർദ്ദവമേറിയ ഇൻസോളുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അവ ഷൂസിൽ ഇല്ലെങ്കിൽ വേറെ വാങ്ങി ഉപയോഗിക്കാം. നാലു മണിക്കൂർ തുടർച്ചയായ ഉപയോഗശേഷം അല്പസമയം ഷൂസ് ഊരിയിടുന്നത് ഷൂസിനുള്ളിലെ ചൂടും വിയർപ്പും ദുർഗന്ധവും ഒഴിവാക്കും.

ചെരുപ്പുകൾ മാറാം: ഒരേ ചെരിപ്പോ ഷൂവോ തന്നെ പതിവായി ഉപയോഗിക്കുന്നതിനു പകരം ഒന്നിടവിട്ട ദിവസങ്ങളിൽ വെവ്വേറെ പാദരക്ഷകൾ ഉപയോഗിച്ചാൽ ചെരുപ്പ് ശരീരസന്തുലനത്തിൽ വരുത്തുന്ന മാറ്റത്തിന് പരിഹാരമാകും.


പരന്ന കാലുകൾക്ക്: ധാരാളം സ്ട്രാപ്പുള്ള ചെരിപ്പു വേണ്ട. പാദത്തിനു കുറുകെ ക്രോസ് ആയി സ്ട്രാപ് ഉള്ളവ കാലിന്റെ അമിതവലിപ്പം കുറച്ചു കാണിക്കും.

ശ്രദ്ധിക്കാൻ : കടുപ്പമുള്ള സ്ട്രാപ്പ്, വായുസഞ്ചാരം കുറഞ്ഞവ എന്നീ ചെരിപ്പുകൾ ദീർഘനേരം അണിയരുത്.
സാരിക്കും ചുരിദാറിനും: ഹീലുള്ള ചെരിപ്പുതന്നെ അണിയണം. എന്നാലേ നടപ്പ് താളാത്മകമാകൂ. പൊക്കം കുറഞ്ഞവർ വീതി കൂടിയ സ്ട്രാപ് ഒഴിവാക്കണം. പോയിന്റഡ് ഹീൽസിനു പകരം ഫ്ളാറ്റ് ഹീൽസ് ഉപയോഗിക്കാം.
കാലാവസ്ഥ നോക്കണം: മഞ്ഞുകാലത്ത് കാലിലെ ചർമ്മം വരളാതിരിക്കാൻ നല്ലത് പാദം പൊതിയുന്ന ഷൂവാണ്. വിണ്ടുകീറൽ തടയാൻ ഇതാകും ഉത്തമം. അതുപോലെ മഴക്കാലത്ത് ലോംഗ് ലാസ്റ്റ് ചെയ്യുന്ന് ചെരുപ്പുകളാണ് നല്ലത്. ഷൂ നനഞ്ഞ് ദുർഗന്ധം പരത്താൻ ഇടയുള്ളതുകൊണ്ട് മഴക്കാലത്തെ അവയെ മാറ്റിവച്ചോളൂ.
പ്രമേഹരോഗിയാണോ: പാദസംരക്ഷണത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടവരാണ് പ്രമേഹരോഗികൾ. മുറിവുണ്ടാകാതെ പാദങ്ങൾക്ക് പൂർണസംരക്ഷണം നൽകുന്നവയാണ് അവർ ധരിക്കേണ്ടത്. പാദത്തിൽ ഉരഞ്ഞ് മുറിവുണ്ടാകാതിരിക്കാൻ മൃദുവായവ വേണം തിരഞ്ഞെടുക്കാൻ.

അലർജിയുണ്ടോ: ചെരുപ്പിന്റെ മെറ്റീരിയലുമായുള്ള (റബർ, പ്ലാസ്റ്റിക്, തുകൽ) അലർജി പ്രശ്നങ്ങൾ കാണുന്നുവെങ്കിൽ ആ മെറ്റീരിയൽ ഒഴിവാക്കി മറ്റൊന്ന് പരീക്ഷിക്കണം.

ഉരഞ്ഞു പൊട്ടിയാൽ: പുതുതായി ചെരുപ്പ് വാങ്ങുമ്പോൾ ഉരഞ്ഞു പൊട്ടുന്നത് ഒരു പതിവ് സംഭവമാണ്. പുതിയ ചെരുപ്പുകൾ അൽപ്പ സമയം വീതം ഒന്ന് രണ്ട് ദിവസം ഉപയോഗിച്ച ശേഷം മാത്രം ദീർഘനേര ഉപയോഗത്തിന് ശ്രമിച്ചാൽ ഈ പ്രശ്നം ഒഴിവാക്കാം. അതിന് കഴിയുന്നില്ലെങ്കിൽ ഉരയുന്ന ഭാഗത്ത് അല്പം ടാൽകം പൗഡർ പുരട്ടിയാൽ ഒരു പരിധിവരെ ഉരഞ്ഞുപൊട്ടൽ ഒഴിവാക്കാനാകും.

ചെരുപ്പിന്റെ പല്ല് തേയ്ക്കാം
മഴയായപ്പോൾ ചെരുപ്പിൽ ചെളി പറ്റാതെ നടക്കുക അസാദ്ധ്യമെന്നുതന്നെ പറയേണ്ടിവരും. എന്നാൽ എന്നും അതു വൃത്തിയാക്കുക വലിയൊരു ജോലിയായി കാണുന്നവരാണ് പലരും. കോളേജിലും ഓഫീസിലും ചെളി പുരണ്ട ചെരുപ്പുമായി പോകുന്നതെങ്ങനെ ? ചെരുപ്പ് എളുപ്പം വൃത്തിയാക്കാൻ വഴിയുണ്ട്. വെള്ള നിറത്തിലുള്ള ചെരുപ്പ് വൃത്തിയാക്കാനാണ് ഏറ്റവും വിഷമമെങ്കിൽ ഒരു ടൂത്ത് പേസ്റ്റുണ്ടെങ്കിൽ എളുപ്പമാകും. ചെരുപ്പിന് ഒന്ന് പല്ല് തേയ്ച്ച് കൊടുക്കുക. അത്ര തന്നെ കാര്യം. ഇനി ചെരുപ്പും തിളങ്ങും പളപളാന്ന്.