the-queen-is-hiring

ഇരുപത്തിനാല് മണിക്കൂറും സോഷ്യൽ മീഡിയയിൽ ചെലവഴിക്കുകയും സോഷ്യൽ മീഡിയയിലെ ട്രെൻഡുകൾ അനുസരിച്ച് ഇടപെടാനും കഴിയുന്നൊരാളാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാർത്ത. ബ്രിട്ടീഷ് രാജ്ഞിയുടെ സോഷ്യൽ മീഡിയ മാനേജരാവാൻ ഒരു പക്ഷേ നിങ്ങൾക്ക് കഴിഞ്ഞേക്കും. ഡിജിറ്റൽ കമ്യൂണിക്കേഷൻ ഓഫീസർ എന്ന തസ്‌തികയിൽ ബെക്കിൻഹാം കൊട്ടാരത്തിലാണ് നിയമനം. മാസ ശമ്പളമായി മറ്റ് ആനുകൂല്യങ്ങൾക്ക് പുറമെ 26 ലക്ഷത്തോളം രൂപ ലഭിക്കും.

എന്നാൽ പിന്നെ ഇപ്പോൾ തന്നെ അപേക്ഷിക്കാം എന്ന് കരുതുന്നവർ ഒരു മിനിറ്റ് വെയിറ്റ് ചെയ്യുക, കാരണം ഈ പോസ്‌റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് ചില യോഗ്യതകൾ വേണമെന്നും കൊട്ടാരം നിർദ്ദേശിക്കുന്നു. അംഗീകൃത യൂണിവേഴ്സി‌റ്റി ഡിഗ്രീ, വെബ്‌സൈറ്റുകളും ഡിജിറ്റൽ പ്രോജക്‌ടുകളും കൈകാര്യം ചെയ്‌തുള്ള പരിചയം, വിവിധ കണ്ടറ്റ് മാനേജ്‌മെന്റ് സിസ്‌റ്റങ്ങൾ, സോഷ്യൽ മീഡിയ എന്നിവ ഉപയോഗിച്ചുള്ള പരിചയം, അനലിറ്റിക്‌സ് ടൂളുകൾ കൈകാര്യം ചെയ‌്‌തുള്ള പരിചയം എന്നിവ അപേക്ഷകന് നിർബന്ധമായും ഉണ്ടായിരിക്കണം. ഇതിന് പുറമെ അപേക്ഷകന് ഫോട്ടോഗ്രാഫിയിൽ നല്ല പ്രാവീണ്യം വേണമെന്നും നിർദ്ദേശമുണ്ട്.

സോഷ്യൽ മീഡിയയിൽ ബ്രിട്ടീഷ് രാജ്ഞിക്ക് വേണ്ടിയുള്ള പ്രചാരണം നടത്തുകയാണ് ഉദ്ദേശം. എലിസബത്ത് രാജ്ഞിയെക്കുറിച്ചുള്ള വാർത്തകളും ഫീച്ചറുകളും തയ്യാറാക്കുന്നതും സോഷ്യൽ മീഡിയ മാനേജരുടെ ചുമതലയാണ്. ഇതിന് പുറമെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എലിസബത്ത് രാജ്ഞിക്ക് വേണ്ടി പോസ്‌റ്റുകൾ തയ്യാറാക്കണം. യോഗ്യരായ അപേക്ഷകർക്ക് 30000 പൗണ്ട് മാസശമ്പളമായി ലഭിക്കും. ഇതിന് പുറമെ സൗജന്യ ഭക്ഷണവും കൊട്ടാരത്തിൽ നിന്ന് ലഭിക്കും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ആഴ്‌ചയിൽ 37.5 മണിക്കൂർ ജോലി ചെയ്യണം. മേയ് 26നുള്ളിൽ അപേക്ഷകൾ സമർപ്പിക്കണമെന്നും കൊട്ടാരം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.