കൊച്ചി: രാജ്യത്തേക്ക് നിക്ഷേപം ആകർഷിക്കാനും പുതു സംരംഭങ്ങൾ അതിവേഗം തുടങ്ങി വിജയത്തിലേറ്റാനും പ്രയോജനപ്രദമായ ഒട്ടേറെ നയപരമായ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന ക്രെഡിറ്റ് നരേന്ദ്ര മോദി സർക്കാരിന് നൽകാം. ബിസിനസ് സൗഹാർദ്ദ റാങ്കിംഗിലും മോദിയുടെ കാലയളവിൽ ഇന്ത്യ കുതിച്ചു. പക്ഷേ, മോദിയുടെ നയങ്ങൾ പൂർണമായി വിജയം കണ്ടില്ലെന്ന് സൂചിപ്പിക്കുകയാണ് ചില കണക്കുകൾ. നേരിട്ടുള്ള വിദേശ നിക്ഷേപം, ഓഹരി വിപണിയിലേക്കുള്ള നിക്ഷേപം എന്നിവയെല്ലാം ഇടിവിന്റെ ട്രാക്കിലാണ്.
വ്യാപാരക്കമ്മി റെക്കാഡ് ഉയരത്തിലെത്തി. ബിസിനസ് സൗഹാർദ്ദ റാങ്കിംഗിൽ വൻ കുതിപ്പ് നടത്തിയെങ്കിലും ഇതിന് അനുബന്ധമായുള്ള റാങ്കിംഗുകളിൽ ഇന്ത്യയുടെ പോക്ക് താഴേക്കാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേറിയ 2014-15 സാമ്പത്തിക വർഷത്തിൽ ഓഹരി വിപണിയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) 22 ശതമാനം ഉയർന്ന് 3,000 കോടി ഡോളറിലെത്തി. മൊത്തം എഫ്.ഡി.ഐ 25 ശതമാനം ഉയർന്ന് 4,500 കോടി ഡോളറുമായി. പക്ഷേ, പിന്നീടിങ്ങോട്ടുള്ള വർഷങ്ങളിൽ വിദേശ നിക്ഷേപം മെച്ചപ്പെട്ടെങ്കിലും വളർച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു. 2015-16ൽ മൊത്തം എഫ്.ഡി.ഐ വളർച്ച 23 ശതമാനമായിരുന്നത്, തൊട്ടടുത്ത വർഷം എട്ട് ശതമാനമായി തളർന്നു. 2017-18ലെ വളർച്ച വെറും ഒരു ശതമാനമാണ്.
2017-18ൽ മൊത്തം 6,100 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ-ഡിസംബർ കാലയളവിൽ ലഭിച്ചത് 4,700 കോടി ഡോളറാണ്. അവസാന ത്രൈമാസത്തിലെ നിക്ഷേപം കൂട്ടിച്ചേർത്താൽ പോലും വളർച്ചാ നിരക്ക് നിർജീവമായിരിക്കുമെന്നാണ് വിലയിരുത്തൽ. ഒട്ടേറെ സാമ്പത്തിക പരിഷ്‌കാരങ്ങൾ മോദി സർക്കാർ കൊണ്ടുവന്നെങ്കിലും ചട്ടങ്ങളിൽ അവ്യക്തത പ്രകടമായതാണ് നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുന്നത്. ഇ-കൊമേഴ്‌സ് ചട്ടങ്ങൾ അടുത്തിടെ കേന്ദ്രസർക്കാർ കർശനമാക്കിയത് ഈ രംഗത്തെ വിദേശ കമ്പനികളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.
ആമസോൺ, ഫ്ളിപ്‌കാർട്ട്, ടിക്‌ടോക്, ഫേസ്‌ബുക്ക് തുടങ്ങിയവ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിൽ ആശങ്കപ്പെടുന്നുണ്ട്. ഉപഭോക്തൃ വിവരങ്ങൾ ഇന്ത്യയിലെ സെർവറിൽ തന്നെ സൂക്ഷിക്കണമെന്ന ചട്ടമാണ് കമ്പനികളെ വലയ്‌ക്കുന്നത്. ഇത്തരം നടപടികളിലേക്ക് കടക്കുംമുമ്പ് ഈ രംഗത്തെ കമ്പനികളുടെ വാദം കൂടി സർക്കാർ കേൾക്കണമെന്നാണ് ഇവരുടെ ആവശ്യം.
സർക്കാർ ചെയ്യേണ്ടത്
നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാൻ ചട്ടങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തണം, സുതാര്യമാക്കണം
വ്യാപാരക്കമ്മി കുറയ്ക്കാൻ സ്വർണം അടക്കമുള്ള 'ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട" ഉത്‌പന്നങ്ങളുടെ ഇറക്കുമതിയിൽ നിയന്ത്രണം വരുത്തണം
പുതുസംരംഭങ്ങൾ തുടങ്ങാനുള്ള നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കണം
നികുതി സമാഹരണം ശക്തമാക്കണം
തിരിച്ചടി 1
നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേറിയ 2014-15ൽ എഫ്.ഡി.ഐ വളർച്ച 25%. 2017-18ലെ വളർച്ച ഒരു ശതമാനം മാത്രം.
തിരിച്ചടി 2
കയറ്റുമതിയേക്കാൾ ഇറക്കുമതി കൂടിയതോടെ വ്യാപാരക്കമ്മി കഴിഞ്ഞ സാമ്പത്തിക വർഷം റെക്കാഡ് ഉയരമായ 17,600 കോടി ഡോളറിലെത്തി. 2014-15ൽ വ്യാപാരക്കമ്മി 13,770 കോടി ഡോളറായിരുന്നു.
മോദിയുടെ നേട്ടങ്ങൾ
2012-13ൽ ഇന്ത്യയുടെ വ്യവസായ സൗഹൃദ റാങ്കിംഗ് 190 രാജ്യങ്ങളുടെ പട്ടികയിൽ 134 ആയിരുന്നു. 2018ൽ ഇന്ത്യ 77-ാം റാങ്കിലേക്ക് കുതിച്ചെത്തി.
വ്യവസായങ്ങൾക്കുള്ള വായ്‌പാനുമതി ലഭ്യതയിലെ റാങ്കിംഗ് 121ൽ നിന്ന് 22ലേക്ക് ഇന്ത്യ മെച്ചപ്പെടുത്തി.
വൈദ്യുതി ലഭ്യതാ റാങ്കിംഗ് 158 ആയിരുന്നത് 24 ആയി.
ചെറുകിട നിക്ഷേപകരുടെ പരിരക്ഷയിൽ ഇന്ത്യയ്ക്കിപ്പോൾ ഏഴാം റാങ്ക്. 2012-13ൽ ഇന്ത്യ 179-ാമതായിരുന്നു.
കോട്ടങ്ങൾ
മോദി സർക്കാരിന്റെ കോട്ടങ്ങൾ, പുതിയ സർക്കാരിന് മുന്നിലെ വെല്ലുവിളികൾ കൂടിയാണ്. കേന്ദ്രത്തിൽ മോദി സർക്കാർ തന്നെ വീണ്ടുമെത്തിയാലും അടിയന്തര ശ്രദ്ധ പതിയേണ്ട പ്രശ്‌നങ്ങളാണിവ:-
1. നിർമ്മാണ മേഖലയിൽ അനുമതി ലഭ്യതാ റാങ്കിംഗിൽ 2012-13ൽ 34-ാം റാങ്കിലായിരുന്ന ഇന്ത്യ 2017-18ൽ 52-ാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു.
2. പുതു ബിസിനസ് തുടങ്ങുന്നതിൽ 111-ാം റാങ്കിൽ നിന്ന് 137-ാം റാങ്കിലേക്ക് വീണു.
3. അതിർത്തികളിലെ സുഗമമായ വ്യാപാരത്തിൽ 28-ാം റാങ്കുണ്ടായിരുന്ന ഇന്ത്യയ്ക്ക് ഇപ്പോൾ റാങ്ക് 80.
4. നികുതി കൃത്യമായി അടയ്ക്കപ്പെടുന്ന രാജ്യങ്ങളിൽ 92-ാമതായിരുന്ന ഇന്ത്യ ഇപ്പോഴുള്ളത് 121-ാം റാങ്കിൽ.
₹6,399 കോടി
അമേരിക്കയും ചൈനയും തുടക്കമിട്ട വ്യാപാരയുദ്ധംആഗോള തലത്തിൽ പടരുന്നത് ഇന്ത്യയ്ക്കും ഭീഷണിയാണ്. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങൾ തേടുകയെന്ന വെല്ലുവിളി കേന്ദ്രത്തിൽ അധികാരത്തിലേറുന്ന പുതിയ സർക്കാരിന് മുന്നിലുണ്ട്. വ്യാപാരയുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ ഈമാസം ഇതുവരെ ഇന്ത്യൻ മൂലധന വിപണിയിൽ നിന്ന് കൊഴിഞ്ഞത് 6,399 കോടി രൂപയാണ്.