വിയന്ന: മദ്ധ്യയൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിൽ പുതിയൊരു ട്രെൻഡ് പടർന്നുപിടിക്കുകയാണ്. ഇതിന്റെ പേരാണ് 'കൗ കിസ് ചാലഞ്ച്'. മേഞ്ഞുനടക്കുന്ന പശുക്കളെ നാവുപയോഗിച്ചോ അല്ലാതെയോ വായിൽ ചുംബിക്കുക എന്നതാണ് ഇതിന്റെ രീതി. കാരുണ്യപ്രവർത്തനങ്ങൾക്ക് വേണ്ടിയുളള ധനസമാഹരണത്തിന് വേണ്ടിയാണ് ഈ ചാലഞ്ച് എന്നാണ് ഇതിന്റെ സംഘാടകർ പറയുന്നത്.
എന്നാൽ ഇത് ഓസ്ട്രിയൻ സർക്കാരിന് ഏറെ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പശുക്കളെ ചുംബിക്കാൻ ശ്രമിക്കുന്നത് ആവശ്യമില്ലാതെ അപകടം ക്ഷണിച്ചുവരുത്തുന്നു പരിപാടിയാണ് എന്നാണ് സർക്കാർ പറയുന്നത്. 'അപകടകരമായ ശല്യം'(ഡെയിഞ്ചറസ് മെനസ്) എന്നാണ് സർക്കാർ 'കൗ കിസ് ചാലഞ്ചി'നെ വിശേഷിപ്പിച്ചത്. ഈ ഏർപ്പാട് എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓസ്ട്രിയൻ കൃഷി മന്ത്രി എലിസബത്ത് കോൺസ്റ്റിഗർ ഈ വിവരം ജനങ്ങളെ പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുമുണ്ട്.
ഓസ്ട്രിയയുടെ പ്രധാന വരുമാന മാർഗമാണ് കാലിവളർത്തലും ടൂറിസവും. ഇവ സന്തുലിതാവസ്ഥയിൽ കൊണ്ട് പോകുക എന്നത് സർക്കാരിന് ശ്രമകരമായ ജോലിയാണ്. 2014ൽ ഓസ്ട്രിയയിൽ പശുവിന്റെ ചവിട്ടേറ്റ് ഒരു സ്ത്രീ മരിക്കുകയും 490,000 യൂറോ അവരുടെ ഭർത്താവിന് നഷ്ടപരിഹാരം നൽകാൻ കോടതി ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിക്കുന്നത്.
സ്വീഡിഷ് മൊബൈൽ ആപ്പായ 'കാസിൽ' ആണ് ഈ ട്രെന്റിന് തുടക്കമിടുന്നത്. സ്വിസ് പൗരന്മാർക്കും സ്കാന്റിനേവിയൻ രാജ്യങ്ങളിൽ ഉളളവരുമാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്.