ganja

കോട്ടയം : വീട്ടുവളപ്പിൽ നിന്ന കാട്ടുപാവൽ ചെടി കണ്ട് കഞ്ചാവാണെന്ന് കരുതി എക്‌സൈസ് സംഘം ഇരുപത്കാരനെ അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയിലെ പെരുവത്താണ് എക്‌സൈസിന് അമളി പറ്റിയത്. കടുത്തുരുത്തിയിൽ നിന്നുമെത്തിയ എക്‌സൈസ് സംഘമാണ് മാവേലിത്തറ ഏലിയാമ്മയുടെ വീട്ടുവളപ്പിൽ നിന്നും കഞ്ചാവ് കൃഷി നടത്തിയെന്ന് ആരോപിച്ച് ചെറുമകൻ മാത്യൂസ് റോയിയെ അറസ്റ്റ് ചെയ്തത്. ഇവിടെ നിന്നും കണ്ടെടുത്ത ചെടികൾ തൊണ്ടിയായി കൊണ്ട് പോവുകയും ചെയ്തിരുന്നു. യുവാവിനെ അറസ്റ്റ് ചെയ്യാനെത്തിയ എക്‌സൈസ് സംഘത്തിനോട് ഇത് കഞ്ചാവല്ലെന്നും കാട്ട്പാവലാണെന്നും ഏലിയാമ്മയും അയൽവാസികളും പറഞ്ഞുവെങ്കിലും ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് എക്‌സൈസ് സംഘം മാത്യൂസിനെ കൊണ്ട് പോയത്. ഇയാളെ കോടതിയിൽ ഹാജരാക്കുകയും പിന്നീട് റിമാൻഡ് ചെയ്യുകയുമായിരുന്നു.

അതേ സമയം എക്‌സൈസ് സംഘത്തിന് അബദ്ധം പറ്റിയതല്ലെന്നും, തന്റെ നാട്ടിലുളള ഒരു എക്‌സൈസ് ഉദ്യോഗസ്ഥൻ ചെറുമകനോട് പ്രതികാരം ചെയ്തതാണെന്നും ഏലിയാമ്മ പരാതിപ്പെടുന്നു. മകനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ുഖ്യമന്ത്രിക്കും എക്‌സൈസ് വകുപ്പ് മന്ത്രിക്കും അവർ പരാതി നൽകി. പലതവണ എക്‌സൈസ് സംഘം തന്റെ വീട്ടിൽ റെയിഡിന് വന്നിരുന്നുവെന്നും അന്നൊക്കെ നിരാശരായി മടങ്ങിയിരുന്നുവെന്നും ഏലിയാമ്മ പരാതിയിൽ പറയുന്നു.