102 വയസ്, 16 ലോക്‌സഭാ തിരഞ്ഞെടുപ്പ്
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനവട്ട വോട്ടെടുപ്പ് നടന്ന ഇന്നലെ ഹിമാചൽ പ്രദേശിലെ കൽപാ ഗ്രാമത്തിലെ ഒരു പോളിംഗ് ബൂത്തിൽ ചുവപ്പ് പരവതാനി വിരിച്ചാണ് ഒരു വോട്ടറെ രാജ്യം സ്വീകരിച്ചത്. 102 വയസുകാരനായ ശ്യാം സരൺ നേഗിയാണ് ആ ആദരണീയ വ്യക്തിത്വം. 1917 ജൂലായ് 1ന് ജനിച്ച നേഗി റിട്ട. സ്‌കൂൾ അദ്ധ്യാപകനാണ്. അദ്ദേഹത്തിന് വീട്ടിൽനിന്ന് പോളിംഗ് ബൂത്തിലെത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഡോക്ടർമാരുടെ പരിശോധനയ്‌ക്ക് ശേഷമാണ് ബൂത്തിൽ എത്തിയതും.
1952ൽ നടന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ടറാണ് ശ്യാം. ഇന്ത്യയിലെ ഏറ്റവും പ്രായംകൂടിയ വോട്ടറുമാണ് അദ്ദേഹം.16 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും 13 നിയമസഭാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം വോട്ട് ചെയ്ത് റെക്കാഡിട്ടു.
ആദ്യ തിരഞ്ഞെടുപ്പ് അദ്ദേഹം ഇപ്പോഴും ഓർമ്മിക്കുന്നു:
''ആദ്യ തിരഞ്ഞെടുപ്പ്1952 ഫെബ്രുവരിയിൽ ആയിരുന്നെങ്കിലും അപ്പോഴേക്കും ശൈത്യം രൂക്ഷമാകുമെന്ന ആശങ്കയിൽ ഹിമാചലിലെ വിദൂര ഗോത്രമേഖലകളിലെ വോട്ടെടുപ്പ് അഞ്ച് മാസം നേരത്തേ നടത്തി. 1951 ഒക്‌ടോബർ 23ന്. അന്ന് ഞാൻ സ്‌കൂൾ അദ്ധ്യാപകനായിരുന്നു. കിന്നൗറിലെ കൽപ്പ പ്രൈമറി സ്‌കൂളിലെ ബൂത്തിൽ ഇലക്‌ഷന്റെ ചുമതലയായിരുന്നു. രാവിലെ ഏഴ് മണിക്ക് ബൂത്തിൽ ആദ്യം എത്തി ഞാൻ വോട്ട് ചെയ്തു. പിന്നീടാണ് അറിയുന്നത് ആ തിരഞ്ഞെടുപ്പിൽ ആദ്യം വോട്ട് ചെയ്‌തത് ഞാനാണെന്ന്''- അദ്ദേഹം പറഞ്ഞു.
1890ൽ ആരംഭിച്ച അതേ സ്‌കൂളിലാണ് ഇന്നലെ നേഗി വോട്ടുചെയ്തത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ വജ്രജൂബിലിയുടെ ഭാഗമായി 2010ൽ അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന നവീൻ ചൗള ശ്യാം സരൺ നേഗിയെ അദ്ദേഹത്തിന്റെ ഗ്രാമത്തിലെത്തി ആദരിച്ചിരുന്നു.
ഹിമാചലിൽ നേഗി ഉൾപ്പെടെ100 വയസിന് മുകളിലുള്ള 999 വോട്ടർമാരാണുള്ളത്.