hero1

ബൈക്കുകളിൽ മാത്രമല്ല, എല്ലാ ടൂവീലർ വിഭാഗത്തിലും ആൺ മേൽക്കോയ്‌മ നിലനിന്ന കാലത്ത്, 'വൈ ഷുഡ് ബോയ്‌സ് ഹാവ് ഓൾ ദ ഫൺ!" എന്ന പരസ്യവാചകവുമായി ഹീറോ അവതരിപ്പിച്ച സ്‌കൂട്ടറാണ് പ്ളഷർ. സ്‌ത്രീകളെ ലക്ഷ്യമിട്ടാണ് എത്തിയതെങ്കിലും പുരുഷന്മാർക്കിടയിലും പ്ളഷർ വൻ ഹിറ്രായി. ഒരു ദശാബ്‌ദക്കാലമായി വിപണിയിൽ ഹീറോയുടെ മിന്നും താരമാണ് പ്ളഷർ. ഇപ്പോഴിതാ, ലിംഗഭേദമന്യേ ഏവർക്കും ഉപയോഗിക്കാവുന്ന പുത്തൻ പ്ളഷർ അവതരിപ്പിച്ചിരിക്കുകയാണ് ഹീറോ മോട്ടോകോർപ്പ്.

ഹീറോ പ്ളഷർ പ്ളസ്! അതാണ് പുതിയ താരത്തിന്റെ പേര്. നിലവിലെ 100 സി.സി പ്ളഷറിന് പകരക്കാരനായാണ് പ്ളഷർ പ്ളസിന്റെ വരവ്. കുടുംബത്തിലെ 'പ്രായപൂർത്തിയായ" എല്ലാവർക്കും റൈഡ് ചെയ്യാനാവുന്ന വിധമാണ് രൂപകല്‌പന. അതുകൊണ്ട്, ഫാമിലി സ്‌കൂട്ടറെന്നും പ്ളഷർ പ്ളസിനെ വിശേഷിപ്പിക്കാം. ഒറ്റ നോട്ടത്തിൽ മുൻഗാമിയിൽ നിന്ന് രൂപകല്‌പനയിൽ കാര്യമായ വ്യത്യാസമില്ല. എന്നാൽ, 'ഫ്രഷ് ലുക്ക്" തോന്നിക്കുന്ന ഒട്ടേറെ ഫീച്ചറുകൾ പുത്തൻ പ്ളഷറിൽ കാണാം. പുതിയ റെട്രോ സ്‌റ്റൈലിംഗ് ഹെഡ്‌ലാമ്പ് സ്റ്രൈലിഷ് ലുക്ക് സമ്മാനിക്കുന്നുണ്ട്. അതിന് താഴെ, പ്ളഷറിന്റെ തനത് രീതിയിൽ ഇൻഡിക്കറ്റർ ലൈറ്റുകൾ സജ്ജീകരിച്ചിരിക്കുന്നു.

അനലോഗ് സ്‌പീഡോമീറ്റർ, ഓഡോമീറ്റർ, ഫ്യുവൽഗേജ് എന്നിവയടങ്ങിയതാണ്, ലളിതമായി ഒരുക്കിയിരിക്കുന്ന ഇൻസ്‌ട്രുമെന്റ് പാനൽ. അതേസമയം, സൈഡ് സ്‌റ്റാൻഡ് ഇൻഡിക്കേറ്ററും ഇടംപിടിച്ചിരിക്കുന്നു. ഹാൻഡിൽബാറിന് താഴെ ചെറിയ സ്‌റ്റോറേജ് ഏരിയയുണ്ട്. അതിനൊപ്പം മൊബൈൽഫോൺ ചാർജിംഗ് സോക്കറ്റും കാണാം. സീറ്റിന് അല്‌പം നീളം കൂട്ടിയിട്ടുണ്ട് 14 ലിറ്ററാണ് അതിനു താഴെ സ്‌റ്റോറേജ് സ്‌പേസ്. ചെറിയ ബാഗും സാധനങ്ങളും ഹെൽമെറ്റും വയ്‌ക്കാം. ചെറിയൊരു എൽ.ഇ.ഡി ബൂട്ട് ലാമ്പും അവിടെയുണ്ട്. രാത്രികാലങ്ങളിൽ സ്‌റ്റോറേജ് സ്‌പേസ് കാണാൻ ഇതു സഹായിക്കും.

പിൻഭാഗവും ലളിതമാണ്. ഇംഗ്ലീഷ് അക്ഷരമാലയിലെ 'എച്ച്"നോട് സാദൃശ്യമുള്ള രൂപകല്‌പനയാണ് ടെയിൽലാമ്പിന്. പുതിയ മോഡലിലും ഇന്ധനമടിക്കുന്ന ഫ്യുവൽ ഫില്ലർ ക്യാപ്പ് സീറ്റിന് അടിയിൽ തന്നെയാണ്. പമ്പിലെത്തുമ്പോൾ സീറ്റിൽ നിന്ന് ഇറങ്ങുക തന്നെ വേണം. 4.8 ലിറ്രറാണ് ഇന്ധനടാങ്കിന്റെ ശേഷി. 110.9 സി.സി., എയർകൂളായ, സിംഗിൾ സിലിണ്ടർ, 4-സ്‌ട്രോക്ക് എൻജിനാണ് പ്ളഷർ പ്ളസിലുള്ളത്. 7,500 ആർ.പി.എമ്മിൽ എട്ട് ബി.എച്ച്.പിയാണ് കരുത്ത്. പരമാവധി ടോർക്ക് 5,500 ആർ.പി.എമ്മിൽ 8.7 ന്യൂട്ടൺമീറ്റർ. 101 കിലോഗ്രാം മാത്രമാണ് സ്‌കൂട്ടറിന്റെ ഭാരം. ഏത് പ്രായക്കാർക്കും അനായാസം സ്‌കൂട്ടറിനെ നിയന്ത്രിക്കാൻ ഈ ഭാരക്കുറവ് സഹായകമാണ്. 155 എം.എം ആണ് ഗ്രൗണ്ട് ക്ളിയറൻസ്.

സിറ്റി റൈഡുകൾക്ക് ഏറെ അനുയോജ്യമാണ് പുത്തൻ പ്ളഷർ പ്ളസ്. 10 ഇഞ്ച് - അലോയ് വീലുകളും മികച്ച സസ്‌പെൻഷനുകളും റൈഡിംഗ് സുഖകരമാക്കും. ഡിസ്‌ക് ബ്രേക്കിന്റെ അസാന്നിദ്ധ്യമുണ്ടെങ്കിലും പുതിയ പ്ളഷറിലെ സ്‌റ്രാൻഡേർഡ് ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സംവിധാനം മികവുറ്റു നിൽക്കുന്നു. ആകർഷകമായ ഏഴ് നിറഭേദങ്ങളിൽ സ്‌റ്റീൽ വീൽ, കാസ്‌റ്ര് വീൽ വേരിയന്റുകളിലായാണ് പ്ളഷർ പ്ലസ് വിപണിയിൽ എത്തുന്നത്. 47,300 രൂപ മുതലാണ് വില.