modi

ബദരീനാഥ്:കേദാർനാഥ് ക്ഷേത്രത്തിന് സമീപമുള്ള രുദ്ര ഗുഹയിൽ ശനിയാഴ്‌ച രാത്രി ധ്യാനനിരതനായി കഴിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഹിമാലയത്തിലെ മറ്റൊരു പുണ്യ കേന്ദ്രമായ ബദരീനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി. ശനിയാഴ്‌ച മൊത്തം പതിനഞ്ച് മണിക്കൂറാണ് അദ്ദേഹം രുദ്രഗുഹയിൽ ധ്യാനിച്ചത്.

ബദരീനാഥ് ക്ഷേത്രം അധികാരികൾ തുളസി മാല അണിയിച്ചാണ് മോദിയെ സ്വീകരിച്ചത്. ദർശനത്തിന് ശേഷം പൂജയിലും പങ്കുകൊണ്ട് പുറത്തിറങ്ങിയ അദ്ദേഹം തുറസായ പർവതഭൂമിയിൽ ധ്യാനത്തിൽ മുഴുകി.

'' പ്രശാന്തം. അലൗകികം. ഹിമാലയത്തിന് ഏറെ പ്രത്യേകതകളുണ്ട്. പർവതങ്ങളിലേക്കുള്ള തിരിച്ചു വരവ് എപ്പോഴും വിനയാന്വിതനാക്കുന്ന അനുഭവമാണ്. ബദരീനാഥ് ക്ഷേത്രം നമ്മുടെ സംസ്‌കാരത്തിന്റെ അവിഭാജ്യ ഭാഗമാണ്. ഇന്ന് ക്ഷേത്രത്തിലെ പൂജയിൽ പങ്കെടുക്കാൻ ഭാഗ്യമുണ്ടായി''.

- സന്ദർശനത്തെ പറ്റി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

രണ്ട് ദിവസത്തെ ഹിമാലയ സന്ദർശനത്തിന് ശേഷം മോദി ഇന്നലെ വൈകിട്ട് ഡൽഹിയിൽ തിരിച്ചെത്തി.

കേദാറിൽ ഇന്നലെ രാവിലെ അദ്ദേഹം ഭക്തജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്‌തു. കേദാർ നാഥുമായി തനിക്ക് പ്രത്യേക ബന്ധമാണുള്ളതെന്നും പല തവണ അവിടെ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രാർത്ഥിച്ചോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്, ബാബാ കേദാർനാഥനോട് ഞാൻ ഒന്നും ചോദിച്ചില്ല എന്നായിരുന്നു മറുപടി. ദൈവം നമുക്ക് എല്ലാം തന്നു. ചോദിക്കാനല്ല, കൊടുക്കാനാണ് ദൈവം നമ്മളെ പ്രാപ്തരാക്കുന്നത് - അദ്ദേഹം തുടർന്നു പറഞ്ഞു.