പ്രശസ്‌ത ബോളിവുഡ് നടനും മുൻ കാലിഫോർണിയ ഗവർണറുമായ അർണോൾഡ് ഷ്വാസ്‌നെഗർക്ക് നേരെ യുവാവിന്റെ സിനിമാ സ്‌റ്റൈൽ ആക്രമണം. ജോഹാനാസ്ബർഗിൽ ശനിയാഴ്‌ച ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ ആയിരുന്നു എല്ലാവരും നോക്കി നിൽക്കെ യുവാവ് താരത്തെ വായുവിൽ ഉയർന്ന് ചാടി പിന്നിൽ നിന്നും ചവിട്ടിയത്. എന്നാൽ ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ ഇയാളെ കീഴ്‌പ്പെടുത്തി.
എല്ലാ വർഷവും താരം സംഘടിപ്പിക്കുന്ന അർണോൾഡ് ക്ലാസിക് ആഫ്രിക്ക ഇവന്റിനോട് അനുബന്ധിച്ചുള്ള സ്‌നാപ്ചാറ്റ് വീഡിയോ തയ്യാറാക്കുന്നതിനാണ് 71കാരനായ ഷ്വാസ്‌നെഗർ ഇവിടെയെത്തിയത്. ഇതിനിടയിലാണ് അജ്ഞാതനായ അക്രമി താരത്തെ അക്രമിച്ചത്. പെട്ടെന്നുള്ള ആക്രമണത്തിൽ താരം അൽപ്പം മുന്നോട്ടാഞ്ഞു. കൂടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ അക്രമിയെ നിമിഷ നേരം കൊണ്ട് കീഴടക്കിയതിനാൽ അനിഷ്‌ട സംഭവങ്ങൾ ഒഴിവായി. അതേസമയം, അക്രമിയെ സംഭവ സ്ഥലത്ത് നിന്നും മാറ്റുമ്പോൾ തന്നെ രക്ഷിക്കണമെന്നും തനിക്കൊരു ലംബോർഗിനി കാർ വേണമെന്നും ഇയാൾ വിളിച്ച് പറയുന്നതായും വീഡിയോയിൽ വ്യക്തമാണ്.
എന്നാൽ ഇക്കാര്യത്തിൽ താരം പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. നിങ്ങളെപ്പോലെ സംഭവത്തിന്റെ വീഡിയോ കണ്ടപ്പോഴാണ് അയാളുടെ ആക്രമണം ഇത്രയും ഭീകരമാണെന്ന് താൻ മനസിലാക്കുന്നത്. എന്നാൽ തന്റെ സ്‌നാപ്ചാറ്റ് വീഡിയോ തടസപ്പെടുത്താൻ ആ വിഡ്ഢിക്ക് കഴിഞ്ഞില്ലല്ലോയെന്നും താരം ട്വീറ്റ് ചെയ്‌തു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ആരാധകന്റെ സ്‌നേഹ പ്രകടനമായി കാണുന്നുവെന്നും പറഞ്ഞ ഷ്വാസ്‌നെഗർ അക്രമിക്കെതിരെ കേസ് എടുക്കേണ്ടെന്ന് പൊലീസിനോട് നിർദ്ദേശിക്കുകയും ചെയ്‌തു.