പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ദർശനത്തിനായി കേദാർനാഥിലെത്തിയതു മുതൽ ഈ പുണ്യഭൂമിയെപ്പറ്റിയുള്ള ഐതീഹ്യങ്ങളും മറ്റും അറിയാൻ ധാരാളം പേർ ഗൂഗിളിനെ ആശ്രയിച്ചു. അതിപുരാതനമായ ശിവക്ഷേത്രമാണ് കേദാർനാഥ്. ഈ സവിശേഷത തന്നെയാണ് തീർത്ഥാടകരുടെ ആത്മീയലക്ഷ്യസ്ഥാനമായി കേദാർനാഥ് മാറാനുള്ള പ്രധാന കാരണം. ഉത്തരാഖണ്ഡിൽ സ്ഥിതിചെയ്യുന്ന കേദാർനാഥ് ഇന്ത്യയിലെ ഹിന്ദു മതവിശ്വാസികളുടെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. രുദ്ര പ്രയാഗ് ജില്ലയിൽ മന്ദാകിനി നദിക്ക് സമീപമാണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.
1000 വർഷത്തിലധികം പഴക്കമുണ്ട് കേഥാർനാഥിന്. ചതുരാകൃതിയിലുള്ള അടിത്തറയിൽ വലിയ ശിലാഫലകങ്ങൾ ഉപയോഗിച്ചാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. കേദാർനാഥിനെ പറ്റിയുള്ള ഐതീഹ്യം ഇങ്ങനെ... മഹാഭാരത യുദ്ധ ശേഷം ബന്ധുക്കളുടെയും ഗുരുക്കന്മാരുടെയും ഹത്യയ്‌ക്ക് കാരണമായതിന് പ്രായശ്ചിത്തമായി ശിവനെ പ്രീതിപ്പെടുത്താൻ പാണ്ഡവർ തീരുമാനിച്ചു. എന്നാൽ ശിവൻ ഇവർക്ക് ദർശനം നൽകാതെ കേദാർനാഥിൽ പോയി കാളക്കൂറ്റന്റെ രൂപത്തിൽ ഒളിച്ച് താമസിച്ചു. ഭീമസേനൻ ശിവനെ തിരിച്ചറിയികയും കാളക്കൂറ്റന്റെ മുതുകിൽ കയറിപ്പിടിക്കുകയും ചെയ്തു. പാണ്ഡവരുടെ നിശ്ചയദാർണ്ഡ്യത്തിൽ പ്രസന്നനായ ശിവൻ പാണ്ഡവർക്ക് മാപ്പ് നൽകുകയായിരുന്നു. ഭീമൻ പിടിച്ചത് കാളയുടെ മുതുകത്തായതിനാൽ മുതുകിന്‌റെ രൂപത്തിലുള്ളതാണ് ഇവിടെത്തെ പ്രതിഷ്ഠ. അതിനുശേഷം പാണ്ഡവൻ അവിടെ ഒരു ക്ഷേത്രം പണിതു. പാണ്ഡവർ നിർമ്മിച്ച അമ്പലം എ.ഡി എട്ടാം നൂറ്റാണ്ടിൽ ശങ്കരാചാര്യരാണ് പുനർനിർമ്മിച്ചുവെന്നാണ് പറയപ്പെടുന്നത്. അതേസമയം പാണ്ഡവർ നിർമ്മിച്ച ക്ഷേത്രത്തിന് സമീപത്തായിട്ടാണ് ശങ്കരാചാര്യൻ ക്ഷേത്രം പണിതതെന്നും പറയപ്പെടുന്നുണ്ട്. ശങ്കരാചാര്യർ അന്നുണ്ടാക്കിയ നിയമവും വ്യവസ്ഥകളും തന്നെയാണ് ഇപ്പോഴും കേദാരനാഥിൽ പിന്തുടരുന്നത്.
12 ജ്യോതിർലിംഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കേഥാർനാഥ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3584 മീറ്റർ ഉയരത്തിലുള്ള ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവ വാഹനമായ നന്ദിയുടെ വിഗ്രഹം ക്ഷേത്രത്തിനു പുറത്ത്, ക്ഷേത്ര പാലകനെന്ന പോലെ പ്രതിഷ്‌ഠിച്ചിരിക്കുന്നത് കാണാം. തീർത്ഥാടകർ പ്രാർത്ഥിക്കുന്ന സ്ഥലത്തെ ഗർഭഗൃഹ എന്നാണ് വിളിക്കുന്നത്. ആചാരാനുഷ്‌ഠാനങ്ങളും പൂജകളും നടത്താനായി ഒരു മണ്ഡപവും ഇവിടെയുണ്ട്. അതിശൈത്യമായതിനാൽ ഈ ക്ഷേത്രം വർഷത്തിൽ ഏപ്രിൽ അവസാനം മുതൽ നവംബർ വരെയാണ് ഭക്തർക്ക് തുറന്ന് കൊടുക്കുന്നത്. ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിംബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ നടത്താറുള്ളത്. വർഷം തോറും പതിയിരങ്ങളാണ് തീർത്ഥാടനത്തിനായി ഇവിടെയെത്തുന്നത്. ഹിമാലയത്തിലേക്കുള്ള റോഡുകളും നദികളും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ഏതെങ്കിലും നദിയുടെ തീരം പറ്റി നിർമ്മിച്ചതാണ് ഹിമാലയത്തിലേക്കുള്ള മിക്ക റോഡുകളും. ഋഷികേശിൽ നിന്ന് ഒരു പകൽ യാത്ര ചെയ്താൽ വാഹന മാർഗം എത്തിച്ചേരാവുന്ന അവസാന സ്ഥലമായ ഗൗരികുണ്ഡിലെത്താം.
ഋഷികേശിൽ നിന്ന് 212 കിലോമീറ്ററാണ് ഗൗരികുണ്ഡിലേക്കുള്ളത്. പർവതങ്ങളുടെ താഴ്വരയിലാണ് ഗൗരികുണ്ഡ്. ഗൗരികുണ്ഡിലെ ഉരുക്കുപാലം കഴിഞ്ഞ് രണ്ടോ മൂന്നോ കിലോമീറ്റർ കൂടി വാഹനത്തിൽ പോകാം. ശേഷം കാൽ നട തുടരാം. അവിടെ നിന്ന് 16 കിലോമീറ്റർ പർവത പാത താണ്ടിയാലാണ് കേദാർനാഥിലെത്താൻ സാധിക്കുക. ഇവിടെ നടന്ന് കയറാൻ സാധിക്കാത്തവരെക്കാത്ത് കുതിര താവളം ഉണ്ട്. കൂടാതെ ഹെലികോപ്‌ടർ സൗകര്യവും തീർത്ഥാടകരെ കൂട്ടകളിൽ കയറ്റിക്കൊണ്ടപോകുന്നവരെയും കാണാൻ സാധിക്കും. ഏകദേശം ആറുമണിക്കൂർ കൊണ്ട് കേദാർനാഥിലെത്താം. മല നിരകളിലെ പ്രവചനാതീതമായ കാലവസ്ഥ തീർത്ഥാടകർക്ക് ഒരു വെല്ലുവിളി തന്നെയാണ്. 2013ജൂൺ 16, 17 തിയതികളിൽ ഇവിടെയുണ്ടായ പ്രളയത്തിൽ 5700 ആളുകളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. അന്ന് കേദാർനാഥ് ക്ഷേത്രം ഉൾപ്പെടെ ഉത്തരാഖണ്ഡിലെ മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ആ ദുരന്തത്തിന് ശേഷം ചാർ ദാം യാത്രികർക്ക് ബയോമെട്രിക്ക് രജിസ്‌ട്രേഷൻ ഏർപ്പെടുത്തുകയും രജിസ്‌ട്രേഷൻ കാർഡ് നൽകുകയും ചെയ്യുന്നുണ്ട്. ക്ഷീണം വരുമ്പോൾ വിശ്രമിക്കാൻ ഇടത്താവളങ്ങളും ലഘുഭക്ഷണം ലഭിക്കുന്ന കടകളുമുണ്ട്.