unnithan

കാസർകോട്: കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ റീപോളിംഗ് നടക്കുന്ന പിലാത്തറ- ചെറുതാഴം പഞ്ചായത്തിലെ ബൂത്തിൽ ക്യൂവിൽ നിന്ന വോട്ടർമാരോട് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ വോട്ട് അഭ്യർത്ഥിച്ചതായി പരാതി. കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ പിലാത്തറ യു.പി സ്കൂളിലെ 19-ാം നമ്പർ ബൂത്തിലാണ് സംഭവം.

ഇന്നലെ രാവിലെ 6.30 ഓടെ ബൂത്തിൽ എത്തിയ ഉണ്ണിത്താൻ ക്യൂവിൽ നിൽക്കുകയായിരുന്ന ചിലരോട് സംസാരിച്ചിരുന്നു.

ഏപ്രിൽ 23 ന് നടന്ന തിരഞ്ഞെടുപ്പിൽ തന്റെ പേരിൽ മറ്റാരോ വോട്ടു ചെയ്തതിനാൽ വോട്ടു ചെയ്യാനാകാതെ മടങ്ങിയ കെ.ജെ. ഷാലറ്റും ക്യൂവിലുണ്ടായിരുന്നു. ഇവരോടാണ് ഉണ്ണിത്താൻ അല്പനേരം സംസാരിച്ചത്. വോട്ടുചെയ്യാൻ വീണ്ടും അവകാശം ലഭിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ഉണ്ണിത്താൻ ഷാലറ്റിനോട് പറഞ്ഞിരുന്നു. ഷാലറ്റിന് ഹസ്തദാനം കൂടി നൽകിയശേഷമാണ് ഉണ്ണിത്താൻ മടങ്ങിയത്. ഈ ദൃശ്യങ്ങളും ചില ചാനലുകളിലൂടെ പുറത്തുവന്നിരുന്നു. അതേസമയം താൻ വോട്ട് അഭ്യർത്ഥിച്ചു എന്ന് തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. വരി നിൽക്കുന്ന വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും ബൂത്തിലെ വീഡിയോ കാമറ ദൃശ്യങ്ങൾ പരിശോധിച്ച് ഉണ്ണിത്താനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ടി.വി. രാജേഷ് എം.എൽ.എ റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി.