dfvgdg

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ജയസാധ്യത ബി.ജെ.പിക്കെന്ന് മുൻ ആം ആദ്മി നേതാവും തിരഞ്ഞെടുപ്പ് നിരീക്ഷകനുമായ യോഗേന്ദ്ര യാദവ് പറഞ്ഞു. സഖ്യകക്ഷികൾ കേവല ഭൂരിപക്ഷം നേടി ബി.ജെ.പി. നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വരാനാണ് ഏറ്റവും സാധ്യതയെന്നാണ് യോഗേന്ദ്ര യാദവിന്റെ തിരഞ്ഞെടുപ്പ് സർവേയിൽ പറയുന്നത്. പുൽവാമ ആക്രമണത്തിനും ബാലാക്കോട്ട് പ്രത്യാക്രമണത്തിനും ശേഷം മോദിയുടേയും ബി.ജെ.പിയുടേയും സാദ്ധ്യതകൾ വർദ്ധിച്ചതാണ് ഇതിന് കാരണമായി യോഗേന്ദ്ര യാദവ് പറയുന്നത്.

272 സീറ്റുകൾ നേടി ബി.ജെ.പി. ഒറ്റയ്ക്ക് അധികാരത്തിൽ വരാനുള്ള സാധ്യതയും ഒട്ടും തള്ളിക്കളയാനാവില്ലെന്നും യോഗേന്ദ്ര യാദവ് പറയുന്നു. നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമെന്നും പ്രവചനത്തിൽ പറയുന്നുണ്ട്. ഇത് കൂടാതെ മറ്റു സാധ്യതകളും യാദവ് മുന്നോട്ട് വയ്ക്കുന്നുണ്ട്.

കേവലഭൂരിപക്ഷം കൈവരിക്കാൻ കഴിയാത്ത സഖ്യകക്ഷികളുമായി ചേർന്ന് അതേ അവസ്ഥയിൽ നിൽക്കുന്ന ബി.ജെ.പി. സഖ്യം ചേരാനും അതുവഴി അധികാരത്തിൽ വരാനുമുള്ള സാധ്യതയാണ് രണ്ടാമത്. 2014ലേത് പോലെ കേവല ഭൂരിപക്ഷം നേടിയ ബി.ജെ.പി. ഒറ്റയ്ക്ക് അധികാരത്തിൽ വരുന്നതാണ് മൂന്നാമത്തെ സാധ്യത.

ബി.ജെ.പി.ക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട് ബി.ജെ.പിയിലെ മറ്റൊരാൾ പ്രധാനമന്ത്രി ആകാനുള്ള സാധ്യത വളരെകുറവാണെന്നാണ് പ്രവചനത്തിൽ പറയുന്നത്. എന്നാൽ കോൺഗ്രസിനോടൊപ്പം മറ്റ് കക്ഷികൾ ചേർന്ന് മഹാസഖ്യം രൂപീകരിച്ച് ഒരു സർക്കാർ അധികാരത്തിൽ വരാൻ തീരെ സാധ്യതയില്ലെന്നും പ്രവചനത്തിൽ പറയുന്നു.

മറ്റിടങ്ങളിൽ ബി.ജെ.പിക്ക് സീറ്റുകൾ നഷ്ടപ്പെട്ടാലും ഉത്തർ പ്രദേശിലും, ഇന്ത്യയുടെ കിഴക്കുള്ള സംസ്ഥാനങ്ങളിലും(വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ബംഗാൾ, ഒഡിഷ) ബി.ജെ.പി. വിജയം നേടുമെന്നും അങ്ങനെ ബി.ജെ.പി. കേവല ഭൂരിപക്ഷം നേടുമെന്നും യാദവ് പറയുന്നുണ്ട്.

എന്നാൽ, ഈ പ്രവചനം തന്റെ മാത്രം കണക്കുകൂട്ടലാണെന്നും ഇത് പൂർണമായും ശരിയാവണമെന്നില്ലെന്നും യോഗേന്ദ്ര യാദവ് മുന്നറിയിപ്പ് നൽകുന്നുണ്ട്.