ന്യൂഡൽഹി: ഏഴുഘട്ടമായി നടന്ന പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായി. മേയ് 23ന് ഫലമറിയാം. അവസാനഘട്ടമായ ഇന്നലെ നടന്ന 59 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 61 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നേരത്തെ നടന്ന ആറുഘട്ടങ്ങളിലാകെ 67.34 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
തമിഴ്നാട്ടിലെ നാലും ഗോവയിലെ ഒരു നിയമസഭാ സീറ്റിലും ഇന്നലെ തിരഞ്ഞെടുപ്പ് നടന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിച്ച വാരണാസിയിൽ വൈകിട്ട് ആറുമണിവരെ 55.2 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
പശ്ചിമബംഗാളിൽ 65.59 യു.പിയിൽ 55.2 പഞ്ചാബിൽ 60 ചണ്ഡീഗണ്ഡിൽ 63.57 ഹിമാചലിൽ 66.70 മദ്ധ്യപ്രദേശ് 69.36 ബീഹാർ 53.36 ജാർഖണ്ഡ് 70.97 വോട്ടെടുപ്പ് നടന്നത് ഉത്തർപ്രദേശ്(13), പഞ്ചാബ്( 13), പശ്ചിമബംഗാൾ (9), ബീഹാർ (8),മദ്ധ്യപ്രദേശ് (8), ജാർഖണ്ഡ് (3) ഹിമാചൽ (4), ചണ്ഡിഗഢിലെ (1) ജനവിധി തേടിയ പ്രമുഖർ കേന്ദ്രമന്ത്രിമാരായരവിശങ്കർ പ്രസാദ്, ഹർസിമ്രത് കൗർ, രാംകൃപാൽ യാദവ്,സിനിമാതാരങ്ങളായ ശത്രുഘ്‌നൻ സിൻഹ, സണ്ണിഡിയോൾ, കിരൺഖേർ,മുൻ ലോക്‌സഭാ സ്‌പീക്കർ മീരാകുമാർ, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ, കോൺഗ്രസ് നേതാവ് മനീഷ് തീവാരി, പഞ്ചാബ് മുൻ മുഖ്യമന്ത്രി സുഖ്ബീർ സിംഗ് ബാദൽ തുടങ്ങിയവർ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഇന്നലെയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രൂക്ഷ വിമർശനമുന്നയിച്ചു. മോദിക്കും കൂട്ടാളികൾക്കും മുന്നിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കീഴടങ്ങി. തിരഞ്ഞെടുപ്പ് ബോണ്ട്, ഇ.വി.എം, തിരഞ്ഞെടുപ്പ് ഷെഡ്യൂൾ തിരിമറികള്‍, നമോ ടി.വി, മോദി സേന എന്നിവയ്ക്ക് ശേഷമുള്ള നാടകമാണ് കേദാർനാഥിൽ നടന്നതെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
ന്യൂഡൽഹി/ചന്ദൗലി/കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലും വിവിധയിടങ്ങളിൽ വ്യാപക അക്രമസംഭവങ്ങൾ അരങ്ങേറി. പഞ്ചാബിലെ ഖാദൂർ സാഹിബ് ലോക്‌സഭ മണ്ഡലത്തിൽ വ്യാപക സംഘർഷമുണ്ടായി. വോട്ട് രേഖപ്പെടുത്തി മടങ്ങിയ കോൺഗ്രസ് പ്രവർത്തകൻ സംഘർഷത്തിനിടെ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ പലയിടത്തും കോൺഗ്രസ്-അകാലിദൾ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.
പശ്ചിമബംഗാളിലെ ജാദവ്പുരിലെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ കാർ തകർക്കുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തു. അക്രമത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു. ബാസിർഹട്ടിൽ പോളിംഗ് ബൂത്തിനു നേരെ ബോംബേറുണ്ടായി. പലയിടങ്ങളിലും തൃണമൂൽ പ്രവർത്തകർ വോട്ടർമാരെ പോളിംഗ് ബൂത്തിന് സമീപം തടയുന്നതായും കള്ളവോട്ട് ചെയ്യുന്നതായും പരാതിയുയർന്നു. ബംഗാളിലെ വിവിധ സ്ഥലങ്ങളിൽ തൃണമൂൽ-ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ബർസാത്തിലെ ബി.ജെ.പി ഓഫീസ് അക്രമികൾ തീവച്ച് നശിപ്പിച്ചു. മഥുരാപുരിലും നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇസ്ലാംപുരിലും ബോബേറുണ്ടായി. നോർത്ത് കൊൽക്കത്തയിലെ ബി.ജെ.പി സ്ഥാനാർത്ഥി രാഹുൽ സിൻഹയെ ഒരു സംഘം ആക്രമിച്ചതായി ബി.ജെ.പി ആരോപിച്ചു.
ബീഹാറിലും വ്യാപക അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പട്ന സാഹിബിൽ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായി. ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകൻ തേജ്പ്രതാപ് യാദവിന്റെ കാറിന്റെ ചില്ല് തകർത്തെന്ന് ആരോപിച്ച് അംഗരക്ഷകർ മാദ്ധ്യമപ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചു. തേജ്പ്രതാപ് പാട്‌നയിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെയാണ് സംഭവം.
യു.പിയിലെ ചന്ദൗലിയിൽ ബി.ജെ.പി പ്രവർത്തകർ വോട്ടർമാരെ വോട്ടുചെയ്യാൻ അനുവദിക്കാതിരിക്കുകയും വിരലുകളിൽ ബലംപ്രയോഗിച്ച് മഷി പുരട്ടുകയും ചെയ്തുവെന്ന് ആരോപണം ഉയർന്നു. വോട്ടെടുപ്പിന് മുന്നോടിയായി ഇവിടെ പണം വാഗ്ദാനം ചെയ്തുവെന്നും ആരോപണമുണ്ട്. അതേസമയം, ആരോപണങ്ങൾ ബി.ജെ.പി വക്താവ് ഹരീഷ് ശ്രീവാസ്തവ നിഷേധിച്ചു. ഇന്നലെ വോട്ടെടുപ്പ് നടന്ന കിഴക്കൻ യു.പിയിൽ എസ്.പി - ബി.എസ്.പി-ആർ.എൽ.ഡി സഖ്യം കനത്ത വെല്ലുവിളിയാണ് ബി.ജെ.പിക്ക് ഉയർത്തുന്നത്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കിടെ മൂന്ന് മരണം
ഷിംല: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കിടെ ഹിമാചൽ പ്രദേശിൽ മൂന്ന് സർക്കാർ ഉദ്യോഗസ്ഥർ മരിച്ചു. പ്രിസൈഡിംഗ് ഒാഫിസർ വനീത് കുമാർ, ഹോംഗാർഡ് ജവാൻ ദേവി സിംഗ്, ലോൽ റാം എന്നിവരാണ് അസുഖം ബാധിച്ച് മരണമടഞ്ഞത്. ഉദ്യോഗസ്ഥരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഹിമാചൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ മരണപ്പെട്ടവരുടെ ഏറ്റവും അടുത്ത ബന്ധുവിന് പതിനഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചു.