ന്യൂഡൽഹി:വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും പോസ്റ്റൽ ബാലറ്റും ഒരേസമയം എണ്ണാൻ കേന്ദ്ര ഇലക്‌ഷൻ കമ്മിഷൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. വോട്ടിംഗ് യന്ത്രങ്ങളിലെ എണ്ണൽ പൂർത്തിയായ ശേഷം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണും.
ഇലക്‌ട്രോണിക് സർവീസ് വോട്ട് ( ഇലക്‌ട്രോണിക്കലി ട്രാൻസ്‌മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം - ഇ. ടി. പി. ബി. എസ് ) ഏർപ്പെടുത്തിയതും ഇലക്‌ഷൻ ജീവനക്കാർക്ക് ഫെസിലിറ്റേഷൻ സെന്ററുകളിൽ പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം നൽകിയതും തപാൽ ബാലറ്റുകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. അതുപോലെ സർവീസ് വോട്ടുകൾക്ക് ക്യൂ. ആർ കോഡ് നിർബന്ധമാക്കിയതിനാൽ ആ ബാലറ്റുകൾ എണ്ണാൻ കൂടുതൽ സമയവും വേണ്ടിവരും. ഇതിന് പുറമെയാണ് വിവിപാറ്റ് സ്ലിപ്പുകൾ എണ്ണേണ്ടത്. ഓരോ അസംബ്ലി മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് ആണ് എണ്ണേണ്ടത്.
ഒരു സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം, അസാധുവായ തപാൽ വോട്ടുകളേക്കാൾ കുറവാണെങ്കിൽ ഫലം പ്രഖ്യാപിക്കുന്നതിന് മുൻപ് അസാധുവായ തപാൽ വോട്ടുകൾ റിട്ടേണിംഗ് ഓഫീസർമാർ നിർബന്ധമായും വീണ്ടും പരിശോധിക്കണം. ഈ പരിശോധന പൂർണമായും വീഡിയോയിൽ പകർത്തണമെന്നും ഇലക്‌ഷൻ കമ്മിഷന്റെ ഉത്തരവിൽ പറയുന്നു.
സർവീസ് വോട്ടിന് ഇ. ടി. പി. ബി. എസ്
ന്യൂഡൽഹി: സർവ്വീസ് വോട്ട് ചെയ്യുന്നവർക്കുള്ള പുതിയ സംവിധാനമാണ് ഇ.ടി.പി.ബി.എസ്. എന്ന ഇലക്ട്രോണിക്കലി ട്രാൻസ്‌മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം.സർവ്വീസ് വോട്ടർമാർ ജോലിചെയ്യുന്ന സ്ഥലത്തെ മേഖലാ ഓഫീസിലേക്ക് ഇലക്ട്രോണിക് ആയി ബാലറ്റ് പേപ്പർ, ഫോറം 13, കവർ തുടങ്ങിയവ അയച്ചുകൊടുക്കും. വോട്ടർക്ക് ലഭിച്ച പാസ്‌വേർഡ് ഉപയോഗിച്ച് ഇത് തുറന്ന് പ്രിന്റൗട്ട് എടുക്കാം. ഇതിലെ ക്യു ആർ.കോഡ് മോശമാക്കാതെ ഒട്ടിച്ച് തപാലിൽ അതത് മണ്ഡലങ്ങളിലെ വരണാധികാരികൾക്ക് അയച്ചുകൊടുക്കും. ഒാരോ ഇ.ടി.പി.ബി.എസിലും നാല് ക്യു ആർ. കോഡ് ഉണ്ടാകും.ഇതെല്ലാം സ്‌കാൻ ചെയ്ത് വോട്ടിന്റെ സൂഷ്‌മത ഉറപ്പാക്കണം. ഇതിന് സമയമെടുക്കും. നേരത്തെ സർവ്വീസ് വോട്ടർമാർക്ക് തപാലിൽ ബാലറ്റ് പേപ്പർ അയച്ചുകൊടുക്കുകയായിരുന്നു. ദുർഘട സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന സർവ്വീസുകാർക്ക് പലപ്പോഴും ഇതുമൂലം വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അത് കണക്കിലെടുത്താണ് ഇലക്ട്രോണിക് സംവിധാനം ഭാഗികമായെങ്കിലും ഏർപ്പെടുത്തിയത്.