തൃശൂർ : ശ്രീനാരായണ ഗുരുദേവൻ വിശ്വമാനവികതയുടെ പ്രവാചകനാണെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. മലയാളി സാംസ്‌കാരികം ചാരിറ്റബിൾ ട്രസ്റ്റിന്റെ മലയാളിമുദ്ര പുരസ്‌കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മതസങ്കുചിതബോധം പോലെ അസംബന്ധമായി മറ്റൊന്നുമില്ല. വിശ്വമാനവികതയുടെ സംസ്‌കാരം മലയാളിയുടേത് മാത്രമാണ്. വടക്കേ ഇന്ത്യയിൽ ജാതിദേദം ശക്തമായിക്കൊണ്ടിരിക്കുകയാണ്. എല്ലാ മതങ്ങളും സംസ്‌കാരങ്ങളും ആചാരങ്ങളും കാലാനുസൃതമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധരിക്കുന്ന വേഷം മാറുന്നതിന് അനുസരിച്ച് സംസ്‌കാരം മാറണമെന്നില്ലെന്നും മൂല്യങ്ങളാണ് പ്രധാനമെന്നും മുഖ്യാതിഥിയായ ഹൈക്കോടതി ജഡ്ജി എൻ. നഗരേഷ് പറഞ്ഞു. കേരളകൗമുദി സീനിയർ റിപ്പോർട്ടർ ഭാസി പാങ്ങിലടക്കമുള്ളവർ പുരസ്കാരം സ്വീകരിച്ചു. ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അഡ്വ.വി. ഗിരീശൻ അദ്ധ്യക്ഷനായിരുന്നു. ചെയർമാൻ അഡ്വ. എം.ആർ. മനോജ്കുമാർ, ജനറൽ കോ - ഓർഡിനേറ്റർ കെ. ഗിരീഷ് കുമാർ, ജനറൽ കൺവീനർ അഡ്വ. എ.ഡി. ബെന്നി, ക്രീഡ ഭാരതി സംസ്ഥാന പ്രസിഡന്റ് എൻ.പി. മുരളി എന്നിവർ പങ്കെടുത്തു.