kodiyeri-balakrishnan

കണ്ണൂർ: ഒരു കള്ളവോട്ടിന്റെ പേരിൽ റീപോളിംഗ് നടത്തുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആൾമാറാട്ടം നടത്തി ആരെങ്കിലും വോട്ടു ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ ക്രിമിനൽ കേസെടുക്കുകയാണ് വേണ്ടത്. അതിനുപകരം ആ ബൂത്തിൽ വോട്ടു ചെയ്ത ആയിരം പേരെയും ശിക്ഷിക്കണോയെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ പരിശോധിക്കണം. ഇങ്ങനെ വന്നാൽ ഏതു ബൂത്തിലും ആക്ഷേപം വരാമെന്നും കണ്ണൂർ നായനാർ അക്കാഡമിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേ കോടിയേരി പറഞ്ഞു.

റീപോളിംഗ് നടക്കുന്ന ഏഴു ബൂത്തിലും ഇടതുമുന്നണി നില മെച്ചപ്പെടുത്തും. എല്ലായിടത്തും കഴിഞ്ഞ തവണത്തെക്കാൾ അനുകൂല സ്ഥിതിയാണുള്ളത്. യു.ഡി.എഫ് നേതാക്കൾ റീപോളിംഗിനെ എതിർക്കുന്നത് അവർക്ക് തിരിച്ചടിയുണ്ടാകുമെന്നുറപ്പായതിനാലാണ്. ഞങ്ങൾ എതിർക്കുന്നില്ല. അവസാനഘട്ടത്തിൽ റീപോളിംഗ് നടത്താൻ തീരുമാനിച്ചതിനെയാണ് വിമർശിച്ചത്.

പോളിംഗ് ഏജന്റുമാരോ ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാൽ മുഖാവരണം മാറ്റി യഥാർത്ഥ വോട്ടറാണെന്ന് വെളിപ്പെടുത്താൻ എല്ലാവർക്കും ബാദ്ധ്യതയുണ്ട്. ഇക്കാര്യത്തിൽ ശരിയായ തീരുമാനമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ എടുത്തതെന്നും കോടിയേരി പറഞ്ഞു.