ഹൈദരാബാദ്: കണ്ണുരുട്ടി പേടിപ്പിച്ചും,ചൂരൽ വടി കൊണ്ട് തല്ലിയൊന്നുമല്ല സ്‌നേഹത്തോടെ വേണം വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് സ്വീകരിക്കാൻ. അങ്ങനെയൊക്കെ സ്വീകരിക്കുന്ന അധ്യാപകരുണ്ടോയെന്ന് സംശയിക്കണ്ട. അങ്ങനെയുള്ള ടീച്ചർമാരും ഉണ്ട്.തെലങ്കാനയിലെ യദാദ്രിഭോംഗിർ ജില്ലയിലെ അഡ്ഡഗുഡൂരുവിലുള്ള തെലങ്കാന സോഷ്യൽ വെൽഫയർ റസിഡൻഷ്യൽ ഗേൾസ് സ്‌കൂളിലെ പ്രധാനാധ്യപികയായ എസ് രൂപ അത്തരത്തിലൊരു ടീച്ചറാണ്. മറ്റ് അധ്യാപർക്ക് വഴികാട്ടിയായ ഒരു ടീച്ചർ....
രാവിലെ കുട്ടികളെയും കാത്ത് സ്‌കൂളിൽ ചെറു പുഞ്ചിരിയുമായി രൂപ ടീച്ചർ കാത്തിരിപ്പുണ്ടാകും. കുട്ടികൾ വരുമ്പോൾ ഹസ്തദാനം നൽകിയും കെട്ടിപ്പിടിച്ചും അവരെ മുറിയിലേക്ക് സ്വാഗതം ചെയ്യും. ക്ലാസ് മുറിയുടെ വാതിലിൽ നാല് ചിഹ്നങ്ങൾ പതിച്ചിട്ടുണ്ട്. അവയിലേതാണ് കുട്ടികൾ തിരഞ്ഞെടുക്കുന്നത് എന്നത് അനുസരിച്ചാണ് സ്വാഗതം. ആദ്യത്തെ ചിഹ്നം ഹൃദയത്തിന്റേതാണ്. അതിൽ തൊടുന്ന വിദ്യാർത്ഥികളെ രൂപ ടീച്ചർ ആലിംഗനം ചെയ്ത് സ്വീകരിക്കും. മറ്റുള്ളവരെ അവർ തിരഞ്ഞെടുക്കുന്ന ചിഹ്നമനുസരിച്ച് സ്വാഗതം ചെയ്യും. വേനൽക്കാല ക്യാംപിലാണ് രൂപ ആദ്യമായി ഈ അഭിവാദനരീതി പരീക്ഷിച്ചത്.
After seeing the viral of the Palestine teacher uniquely greeting students, Principal of TSWREIS, Addaaguduru, Rupa tried the same. The experience was 'emotional', she said to me. TSREIS schools across are replicating this. pic.twitter.com/qLvhN44HcB
— Bala (@naartthigan) May 10, 2019
പിന്നാക്ക സാമൂഹിക പശ്ചാത്തലത്തിൽ നിന്ന് വരുന്ന കുട്ടികളിൽ പലരെയും അധ്യാപികയുടെ ഈ പെരുമാറ്റം അതിശയിപ്പിച്ചു. പലരും വികാരനിർഭരമായിട്ടാണ് ഇതിനോട് പ്രതികരിച്ചത്. രൂപ ടീച്ചറുടെ സ്വാഗതം അടിപൊളിയാണെന്ന് കുട്ടികൾ ഒന്നടങ്കം പറഞ്ഞതോടെ തങ്ങളുടെ അധികാര പരിധിയിലുള്ള മറ്റ് സ്‌കൂളുകളിലും സമാന രീതി നടപ്പാക്കാൻ നിർദേശിച്ചിരിക്കുകയാണ് തെലങ്കാന സോഷ്യൽ വെൽഫയർ റസിഡൻഷ്യൽ സ്‌കൂൾ മാനേജ്‌മെന്റ്. കുട്ടികളുടെ പ്രിയങ്കരിയായ ഈ ടീച്ചറെ സ്‌നേഹത്തോടെ വിദ്യാർത്ഥികളെ ആലിംഗനം ചെയ്ത് ക്ലാസിലേക്ക് കയറ്റണമെന്ന് പഠിപ്പിച്ചത് ഒരു പലസ്തീനിയൻ വീഡിയോയാണ്. യുദ്ധത്തിന്റെ പ്രയാസങ്ങളനുഭവിക്കുന്ന മേഖലയിലെ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും കരുതലും നൽകുന്നതിന്റെ ഭാഗമായി പലസ്തീനിലെ ഒരു പ്രൈമറി സ്‌കൂളിലെ അദ്ധ്യാപകൻ വിദ്യാർത്ഥികളെ ഇങ്ങനെയായിരുന്നു അഭിവാദ്യം ചെയ്തിരുന്നത്. സോഷ്യൽ മീഡിയ വഴി ഈ വാർത്തയറിഞ്ഞ ആളുകൾ രൂപ ടീച്ചറെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണിപ്പോൾ