ബംഗളൂരു: ബംഗളൂരുവിൽ കോൺഗ്രസ് എം.എൽ.എയുടെ വീടിനു സമീപത്ത് നടന്ന സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ദോബിഗട്ട് സ്വദേശി വെങ്കടേഷ് (45) ആണ് കൊല്ലപ്പെട്ടത്. രാജേശ്വരി നഗർ എം.എൽ.എ മുനിരത്നയുടെ വ്യാലികവലിലെ വീടിന് സമീപമാണ് ഇന്നലെ രാവിലെ ഒമ്പതോടെ സ്ഫോടനമുണ്ടായത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. എം.എൽ.എ തന്നെയാണ് സ്ഫോടനവിവരം പൊലീസിൽ അറിയിച്ചത്.
മുനിരത്നയുടെ വീടിന് മുന്നിൽ വെങ്കടേഷ് ഫോണിൽ സംസാരിച്ചുകൊണ്ടുനിൽക്കെയാണ് സ്ഫോടനമുണ്ടായത്. ബോംബ് സ്‌ക്വാഡ് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു.